കണ്ണൂര്‍: കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധാകരൻ തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിലും കാസർകോടും പോസ്റ്ററുകളും ഫ്ളക്സ് ബോർഡും പതിച്ചു. പയ്യന്നൂരിൽ ‘കോൺഗ്രസ് പോരാളികളു’ടെ പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററിൽ ജനനായകൻ കെ.എസ് തുടരണം എന്നാണ് പ്രിന്‍റ് ചെയ്തിരിക്കുന്നത്. കാസർകോട് ഡി.സി.സി ഓഫിസിനു മുന്നിലെ ഫ്ളക്സ് ബോർഡിൽ കെ.പി.സി.സി പ്രസിഡന്‍റായി കെ. സുധകരൻ തുടരട്ടെ എന്നാണ് ആവശ്യം. കെ.പി.സി.സി അധ്യക്ഷനെ മാറ്റാനുള്ള ചർച്ചകൾ പുരോഗമിക്കുന്നതായുള്ള റിപ്പോർട്ടുകൾക്കിടെയാണ് വീണ്ടും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
യുദ്ധം ജയിച്ചു മുന്നേറുമ്പോൾ സൈന്യാധിപനെ പിൻവലിക്കുന്നത് എതിർപക്ഷത്തിന് കാര്യങ്ങൾ എളുപ്പമാക്കുന്നതിനു തുല്യമാണെന്നും കാസർകോട്ടെ ഫ്ളക്സിലുണ്ട്. സേവ് കോൺഗ്രസ് കാസർകോട് എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. നേരത്തെ സേവ് കോൺഗ്രസിന്‍റെ പേരിൽ പാലക്കാടും തൃശ്ശൂരും കോട്ടയത്തും പത്തനംതിട്ടയിലും സുധാകരന് അനുകൂല പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. കെ. സുധാകരൻ ഇല്ലെങ്കിൽ സി.പി.എം മേഞ്ഞുനടക്കുമെന്നും കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് സുധാകരനെ മാറ്റാൻ ശ്രമിക്കുന്നത് എൽ.ഡി.എഫിന്റെ ഏജന്‍റുമാരാണെന്നും കോൺഗ്രസ് രക്ഷാവേദിയുടെ പേരിൽ പതിച്ച പോസ്റ്ററുകളിൽ ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വടക്കൻ ജില്ലകളിലും സമാന രീതിയിൽ ഒരു വിഭാഗം രംഗത്തുവന്നിരിക്കുന്നത്.
കെ.പി.സി.സി നേതൃമാറ്റത്തിൽ കെ. സുധാകരൻ ഇടഞ്ഞതോടെ, അദ്ദേഹത്തെ കൂടി വിശ്വാസത്തിലെടുത്തുള്ള പുനഃസംഘടനക്കാണ് ഹൈകമാൻഡ് ശ്രമിക്കുന്നത്. തലപ്പത്ത് മാറ്റം വേണമെന്ന തീരുമാനത്തിൽനിന്ന് പിന്നോട്ടുപോയിട്ടില്ലെങ്കിലും അതിന് ഏത് മാർഗവും സമീപനവും സ്വീകരിക്കണമെന്നതിലാണ് ചർച്ചകൾ. വിയോജിപ്പും അതൃപ്തിയും പരസ്യമാക്കിയ കെ. സുധാകരനെ അനുനയിപ്പിക്കാതെയുള്ള മാറ്റങ്ങൾ വിപരീത ഫലമുണ്ടാക്കുമെന്ന ബോധ്യം നേതൃത്വത്തിനുണ്ട്. അതേ സമയം പ്രസിഡന്റ് മാറ്റ ചർച്ചകളിലേക്ക് കടക്കുകയും അഭിപ്രായവ്യത്യാസങ്ങൾ പരസ്യപ്പെടുകയും ചെയ്തിട്ടും ഹൈകമാൻഡ് കൃത്യമായി നിലപാട് വ്യക്തമാക്കാത്തത് പാർട്ടിക്കുള്ളിൽ അനിശ്ചിതത്വം സൃഷ്ടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.