ആലപ്പുഴ: ശബരിമല വിഷയത്തിലെ സർക്കാർ അനുകൂല നിലപാടിന് പിന്നാലെ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ ആലപ്പുഴയിലും പോസ്റ്റർ. ആലപ്പുഴ നൂറനാട് പണയിൽവിലാസം കരയോഗത്തിന് മുന്നിലും കുട്ടനാട്ടിലുമാണ് ബാനറുകൾ പ്രത്യക്ഷപ്പെട്ടത്. സ്വന്തം കാര്യത്തിനുവേണ്ടി അയ്യപ്പഭക്തരെയും എൻ.എസ്.എസിനെയും പിന്നിൽനിന്ന് കുത്തിയെന്നും സുകുമാരൻ നായർ രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ബാനർ ഉയർത്തിയത്.
കുട്ടനാട്ടിൽ മങ്കൊമ്പിലായിരുന്നു പോസ്റ്റർ. സുകുമാരൻനായരുടെ നിലപാടിനെതിരെ മാവേലിക്കര ഇറവങ്കര എൻ.എസ്.എസ് കരയോഗം പ്രമേയം പാസാക്കി. തിരുവല്ല പെരിങ്ങരയിൽ സേവ് നായർ ഫോറത്തിന്റെ പേരിൽ ബാനറുകൾ ഉയർന്നിരുന്നു.
പെരിങ്ങര 1110-ാം നമ്പർ എൻ.എസ്.എസ് കരയോഗ കെട്ടിടത്തിന്റെ മുൻപിലും, കരയോഗത്തിന് സമീപത്തെ കോസ്മോസ് ജങ്ഷലും, പെരിങ്ങര ജങ്ഷനിലും, ലക്ഷ്മി നാരായണ ക്ഷേത്ര ജങ്ഷനിലുമാണ് ബാനറുകൾ ഉയർന്നിരിക്കുന്നത്.
ബാഹുബലിയെ പിന്നിൽ നിന്ന് കുത്തുന്ന കട്ടപ്പയുടെ ചിത്രം ഉൾപ്പെടുത്തിയാണ് ബാനർ തയാറാക്കിയിരിക്കുന്നത്. ‘പിന്നിൽനിന്നും കാലു വാരിയ പാരമ്പര്യം നായർക്കില്ല...’, ‘ശബരിമല അയ്യപ്പസ്വാമിയുടെ ആചാര സംരക്ഷണത്തിന് അണിനിരന്ന ആയിരങ്ങളെ അപമാനിച്ച സമുദായ വഞ്ചകൻ എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവെക്കുക’ തുടങ്ങിയ വരികളാണ് ബാനറുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ശബരിമല അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് എൻ.എസ്.എസ് ജന.സെക്രട്ടറി ജി. സുകുമാരൻ നായർ സ്വീകരിച്ച സർക്കാർ അനുകൂല നിലപാടിനെതിരെ കരയോഗങ്ങളിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വ്യാപകമായി പോസ്റ്ററുകളും പ്രചരിക്കുന്നുണ്ട്. പത്തനംതിട്ടയിലെ വെട്ടിപ്പുറത്താണ് ആദ്യമായി സുകുമാരൻ നായർക്കെതിരെ പ്രതിഷേധ ബാനർ ഉയർന്നത്. പിന്നാലെ മറ്റ് പല സ്ഥലങ്ങളിലും ബോർഡുകളും ബാനറുകളും ഉയരുകയാണ്.
ഒരു രാഷ്ട്രീയ പാർട്ടിക്കൊപ്പവുമില്ലെന്ന് പറഞ്ഞ സുകുമാരൻ നായർ ഇന്നലെയും ബി.ജെ.പിയെയും കോൺഗ്രസിനെയും രൂക്ഷമായാണ് വിമർശിച്ചത്. ഫ്ലക്സ് വെക്കുന്നവർ വെക്കട്ടെയെന്നും അദ്ദേഹം പറഞ്ഞിരുന്നു. എൻ.എസ്.എസ് പിന്തുടരുന്ന സമദൂര നിലപാടിന് എതിരാണ് സുകുമാരൻ നായരുടെ പ്രസ്താവന എന്നാണ് സമുദായാംഗങ്ങളുടെ പൊതുവികാരം. യോഗത്തിൽ പങ്കെടുത്ത ചില നേതാക്കൾ വ്യക്തിപരമായി ജന.സെക്രട്ടറിയോട് വിയോജിപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ശനിയാഴ്ച പെരുന്നയിലെ ആസ്ഥാനത്ത് എൻ.എസ്.എസ് പരമാധികാര സഭയുടെ പൊതുയോഗം ചേർന്നത്. ഈ യോഗത്തിൽ സർക്കാറിന് അനുകൂല നിലപാട് സ്വീകരിക്കാനുണ്ടായ സാഹചര്യം സുകുമാരൻ നായർ വ്യക്തമാക്കി. സമുദായാചാര്യൻ മന്നത്ത് പദ്മനാഭൻ സ്വീകരിച്ച നിലപാട് പിന്തുടരുകയാണ് നായർ സർവീസ് സൊസൈറ്റി ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആചാരവും അനുഷ്ഠാനവും സംരക്ഷിച്ചു കൊണ്ട് ശബരിമലയിൽ വികസനം നടത്തുന്നതിന് സർക്കാർ സമ്മേളനം വിളിച്ചതിന് പിന്തുണ അറിയിക്കുകയായിരുന്നുവെന്നും സുകുമാരൻ നായർ പറഞ്ഞു. സമുദായ പ്രവർത്തനത്തിൽ ഒറ്റക്കെട്ടായി നിൽക്കണമെന്ന സുകുമാരൻ നായരുടെ ആഹ്വാനത്തെ ഡയറക്ടർ ബോർഡംഗങ്ങളും പ്രതിനിധി സഭാംഗങ്ങളും ഐക്യകണ്ഠേന പിന്തുണക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.