തിരുവനന്തപുരം: നിലപാടുകളുടെ കണിശതയിൽ തയ്പിച്ചൊരു ഖദർ വേഷവും ആശയവ്യക്തതയിൽ പുതുതലമുറ പോലും സ്വപ്നം കാണുന്ന കേരളത്തെയും മുന്നിൽ കണ്ട് വി.ഡി. സതീശനെന്ന ഭരണാധികാരി കേരളത്തിന്റെ ഭരണസാരഥ്യത്തിലേക്ക് നടന്നു കയറുകയാണ്. സെക്രട്ടറിയേറ്റിന്റെ നോർത്ത് ബ്ലോക്കിലെ മൂന്നാം നിലയിലെ അധികാര കസേരയിലേക്ക് പുതുവഴി വെട്ടിയാണ് വടശ്ശേരി ദാമോദരൻ മകൻ സതീശൻ ഒന്നാം നമ്പർ കാറിൽ വന്നിറങ്ങാൻ പോകുന്നത്.
മുൻഗാമികളായ 12 മുഖ്യമന്ത്രിമാരൊന്നും പറഞ്ഞുവെക്കാത്ത വിധം തന്റെ മനസ്സിലുള്ള ഭാവി കേരളം എങ്ങനെയെന്ന് പൊതുജന സമക്ഷം സമർപ്പിച്ചുള്ള ജനവിധി നേടിയാണ് സതീശൻ കേരളത്തിന്റെ ഭരണസാരഥ്യമേൽക്കുന്നത്. ഇതുവരെ കേരളം നടക്കാത്തതും പരിചയിക്കാത്തതുമായ ഭരണവഴികൾ ആ കസേരയിൽനിന്ന് ഈ നാട് പ്രതീക്ഷിക്കുന്നു. വേഷത്തിലും പെരുമാറ്റത്തിലും സംസാരത്തിലും വെടിപ്പും വ്യക്തതയും കൃത്യതയും കാത്ത അഞ്ചുവർഷ പ്രതിപക്ഷ നേതൃസ്ഥാനത്തിന് പിന്നാലെ വന്നെത്തുന്ന ഭരണസാരഥ്യത്തിലും ആ പുതുവഴി കേരളം കാത്തിരിക്കുന്നു.
ഗൃഹപാഠം ചെയ്തെത്തുന്ന നിയമസഭ സാമാജികനിൽനിന്ന് ഉത്തരവാദിത്വമുള്ള ഭരണാധികാരിയിലേക്ക് സതീശൻ എങ്ങനെ മാറുമെന്നത് വരുംകാലം തെളിയിക്കും. ഭരണം സാധാരണ ജനങ്ങൾക്ക് പോലും അനുഭവേദ്യമാകുന്ന ‘ഗുഡ് ഗവേണൻസ്’ (സദ്ഭരണം) പ്രഖ്യാപിത ലക്ഷ്യമായി കാണുന്ന ഭരണാധികാരിക്കും അവശ്യം വേണ്ടത് ഗൃഹപാഠം തന്നെ.
എം.എൽ.എ പദവിക്കും പ്രതിപക്ഷ നേതൃസ്ഥാനത്തിനുമപ്പുറം മന്ത്രിപദവി ഉൾപ്പെടെയുള്ള അധികാര കസേരകളൊന്നും വന്നുചേരാത്ത സതീശനെ കാത്തിരിക്കുന്നത് കേരളത്തിലെ ഏറ്റവും വലിയ അധികാര കസേരയാണ്.
മൂന്നര കോടിയിലേറെ വരുന്ന മലയാളിയുടെ ജീവിത നിലവാരവും ക്ഷേമവും ഉയർത്തുകയെന്ന പരമപ്രധാന ഉത്തരവാദിത്വത്തമാണ് ആ കസേരക്കുള്ളത്. ചുവപ്പുനാടക്കുരുക്കഴിച്ച് ഫയലുകളിൽ ജീവിതം കാണുന്ന മുഖ്യമന്ത്രിയെ കേരളം കിനാവ് കാണുകയാണ്. വരുംതലമുറക്കും ജീവിക്കാൻ കഴിയുന്ന നാടായി കേരളത്തെ പരിവർത്തിപ്പിക്കുമെന്ന വാഗ്ദാനവും അതിനായി പാർട്ടിയും മുന്നണിയും ഒരുക്കിയ കർമപദ്ധതികളും സെക്രട്ടറിയേറ്റിൽനിന്ന് ഉത്തരവുകളും നടപടികളുമായി പുറത്തിറങ്ങേണ്ടതുണ്ട്. ന്യായമായ വേതന വർധനക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ കനിവ് കാത്തുകിടന്ന് ഒടുവിൽ നിറകണ്ണുളോടെ മടങ്ങുമ്പോൾ ആശാവർക്കർമാരെ ചേർത്തുപിടിച്ച് അവർക്ക് സതീശൻ നൽകിയ വാക്കിലുണ്ട് ഈ നാടിന്റെ ഭാവി ഭരണാധികാരിയുടെ മുൻഗണനകൾ.
പാർട്ടിക്കുള്ളിലെ പരിഗണന തുലാസിൽ ആ പദവി ഒരുവേള അകന്നുപോകുമെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ പുറത്തുവന്ന ജനവികാരത്തിലുണ്ട് വി.ഡി. സതീശനെന്ന മുഖ്യമന്ത്രിയിൽ കേരളം അർപ്പിക്കുന്ന പ്രതീക്ഷയുടെ ഭാരം. സെക്രട്ടറിയേറ്റിന്റെ അകത്തളങ്ങളിലും ക്ലിഫ് ഹൗസിലും ആ പ്രതീക്ഷാ നിർഭരതയുടെ കർമദിനങ്ങളാണ് സതീശനെ കാത്തിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.