ദേവസഹായം പിള്ളയെ മേയ് 15ന് വിശുദ്ധനായി പ്രഖ്യാപിക്കും

നാഗർകോവിൽ: വാഴ്​ത്തപ്പെട്ടവനായ രക്തസാക്ഷി ദേവസഹായം പിള്ളയെ 2022 മേയ് 15ന് വത്തിക്കാൻ വിശുദ്ധനായി പ്രഖ്യാപിക്കും. ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച്​ ക്രിസ്​തുമതം സ്വീകരിച്ചതിന്​ ​പിള്ളയെ വെടിവെച്ച്​ കൊന്നുവെന്നാണ്​ വിശ്വാസം.

വത്തിക്കാൻ സെയിന്‍റ്​ പീറ്റേഴ്സ് ബസിലിക്കയിൽ നടക്കുന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപാപ്പ ദേവസഹായം പിള്ളയടക്കം അഞ്ച്​ വാഴ്ത്തപ്പെട്ടവരെ വിശുദ്ധരായി പ്രഖ്യാപിക്കും. ഇതോടെ സാധാരണക്കാരിൽനിന്ന് വിശുദ്ധനാകുന്ന ആദ്യ വ്യക്തിയായി ദേവസഹായംപിള്ള മാറും.

നീലകണ്ഠപിള്ള എന്നായിരുന്നു പേര്. മാർത്താണ്ഡ വർമ രാജാവിന്റെ കൊട്ടാരത്തിൽ ഉദ്യോ​ഗസ്ഥനായിരുന്നു. ഒരു ഡച്ച് ഉദ്യോ​ഗസ്ഥനുമായുള്ള സംഭാഷണത്തിലാണ് കത്തോലിക്ക വിശ്വാസത്തെ പറ്റി അറിയുന്നതും തുടർന്ന് ക്രിസ്തുമതം സ്വീകരിക്കുന്നതും. ബുട്ടാരി എന്ന ഈശോ സഭ വൈദികനിൽ നിന്നും 1745 മേയ് 17ന് ജ്ഞാനസ്നാനം ചെയ്​ത്​ ദേവസഹായം പിള്ള ലാസറസ് എന്ന നാമം സ്വീകരിച്ചു.

പ്രഭാഷണങ്ങളിൽ അദ്ദേഹം ജാതി വിവേചനങ്ങൾക്ക് അതീതമായി എല്ലാ പേരിലും സമത്വം ഉണ്ടാകാൻ ആഗ്രഹിച്ചു. ഇക്കാരണത്താൽ അദ്ദേഹം 1749ൽ അറസ്റ്റ് ചെയ്യപ്പെട്ടു. രാജാവിന്‍റെ നിർദേശ പ്രകാരം 1752 ജനുവരി നാലിന് അദ്ദേഹത്തെ വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിശ്വാസം. 2012 ഡിസംബർ 2ന് കോട്ടാറിൽ വച്ചാണ് ദേവസഹായം പിള്ളയെ വാഴ്ത്തപ്പെട്ടവരുെട നിരയിലേക്ക് ഉയർത്തിയത്.

കോട്ടാർ രൂപതയിൽ ആണ് അദ്ദേഹത്തിന്‍റെ ശേഷിപ്പുകളും ഓർമ്മയും നിലകൊള്ളുന്നത്. കന്യാകുമാരി ജില്ലയിൽ നട്ടാലത്ത്​ ഹിന്ദു നായർ കുടുംബത്തിൽ 1712 ഏപ്രിൽ 23 നാണ്​ ദേവസഹായം പിള്ള ജനിച്ചത്.

Tags:    
News Summary - Pope Francis will canonize Blessed Devasahayam Pillai on May 15

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.