തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ രാജ്യവ്യാപകമായി നടത്തുന്ന സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ) എതിർപ്പറിയിച്ച് ബി.ജെ.പി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികൾ. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ തിരുവനന്തപുരത്ത് വിളിച്ച രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗത്തിലാണ് സി.പി.എം, കോൺഗ്രസ്, സി.പി.ഐ, ആർ.എസ്.പി, മുസ്ലിം ലീഗ്, കേരള കോൺഗ്രസ് ഉൾപ്പെടെയുള്ളവർ എതിർപ്പറിയിച്ചത്. 2002ലെ പട്ടികക്ക് പകരം 2024ലെ വോട്ടർപട്ടിക അടിസ്ഥാനമാക്കണം, തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ നടപടികളിലേക്ക് കടക്കാവൂ, ആധികാരിക രേഖയിൽ റേഷൻ കാർഡ് ഉൾപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങൾ പ്രതിനിധികൾ മുന്നോട്ടുവെച്ചു.
സംസ്ഥാനത്ത് ബിഹാർ മാതൃക നടപ്പാക്കാനാകില്ലെന്ന് സി.പി.എം പ്രതിനിധി എം.വി. ജയരാജൻ പറഞ്ഞു. സുപ്രീംകോടതിയിൽ കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ എസ്.ഐ.ആർ സാധ്യമാണോയെന്ന് പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ എസ്.ഐ.ആർ നടപ്പാക്കുന്നത് പ്രായോഗികമല്ലെന്ന് കോൺഗ്രസ് പ്രതിനിധി പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. അടിസ്ഥാന വോട്ടർപട്ടിക 2024ലേത് ഉപയോഗിക്കണമെന്നും എസ്.ഐ.ആർ അല്ല എന്യുമറേഷനാണ് വേണ്ടതെന്നും സി.പി.ഐ പ്രതിനിധി കെ. രാജു അഭിപ്രായപ്പെട്ടു. കേരളവും പാർട്ടികളും എസ്.ഐ.ആർ നടപ്പാക്കാൻ സജ്ജമല്ലെന്ന് മുസ്ലിം ലീഗ് പ്രതിനിധി സി.പി. ചെറിയ മുഹമ്മദും കുറ്റമറ്റതാക്കണമെന്ന് ആർ.എസ്.പി പ്രതിനിധി പി.ജി. പ്രസന്നകുമാറും പറഞ്ഞു.
സംസ്ഥാനതലത്തിൽ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിച്ച് അഭിപ്രായമാരായും മുമ്പേ ഒമ്പത് ജില്ലകളിൽ കലക്ടർമാർ യോഗം നടത്തിയതിലും വിമർശനമുയർന്നു. എം. ലിജു (കോൺഗ്രസ്), എം.കെ. റഹ്മാൻ (കോൺഗ്രസ്), ജോയ് എബ്രഹാം (കേരള കോൺഗ്രസ്), കെ. ജയകുമാർ (ആർ.എസ്.പി), കെ. ആനന്ദകുമാർ (കേരള കോൺഗ്രസ് -എം) തുടങ്ങിയവരും പങ്കെടുത്തു.
തിരുവനന്തപുരം: എസ്.ഐ.ആറിൽ ആശങ്ക വേണ്ടെന്നും എല്ലാം നിയമാനുസൃതമായിരിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ. എന്യുമറേഷൻ ഫോം മലയാളത്തിൽ ലളിതമായി നൽകും. പ്രവാസികളെയും വിദേശത്ത് പഠിക്കുന്നവരെയും ഉൾപ്പെടുത്തി പ്രവാസി വോട്ടർമാരുടെ എണ്ണം വർധിപ്പിക്കും. പ്രവാസി വോട്ടർമാർക്ക് ഓൺലൈനായി ഫോം പൂരിപ്പിക്കാൻ അവസരം നൽകും.
2002ലെ വോട്ടർപട്ടികയിൽ പേരുള്ളവർ എന്യുമറേഷൻ ഫോം പൂരിപ്പിച്ചുനൽകിയാൽ വോട്ടവകാശം നിലനിർത്തും. എന്നാൽ, അതിനുശേഷം വോട്ടർപട്ടികയിൽ പേരുള്ളവർ പൂരിപ്പിച്ച ഫോമിനൊപ്പം തെരഞ്ഞെടുപ്പ് കമീഷൻ നിർദേശിച്ച 12 രേഖകളിൽ ഒന്ന് കൂടി ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.