പ്രതീകാത്മക ചിത്രം
തൃശൂർ: മാതാവിന്റെ ശസ്ത്രക്രിയക്കായി അപേക്ഷിച്ച ലീവ് അനുവദിക്കാതിരുന്നതിനെ തുടർന്ന് വെള്ളിക്കുളങ്ങര സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ആത്മഹത്യക്കു ശ്രമിച്ചുവെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് തൃശൂർ റൂറൽ എസ്.പി ബി. കൃഷ്ണകുമാർ. അവധി അനുവദിക്കാത്തത് സംബന്ധിച്ചോ ആത്മഹത്യാശ്രമം സംബന്ധിച്ചോ പൊലീസ് ഉദ്യോഗസ്ഥനോ കുടുംബാംഗങ്ങളോ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
വെള്ളിക്കുളങ്ങര പൊലീസ് സ്റ്റേഷനിലെ പൊലീസുദ്യോഗസ്ഥരുടെ വാട്സ്ആപ് ഗ്രൂപ്പിൽ ആത്മഹത്യക്ക് ശ്രമിച്ചതായി പറയുന്ന ഉദ്യോഗസ്ഥൻ ഒക്ടോബർ ഒമ്പതിന് 36.03 മിനിറ്റുള്ള ശബ്ദസന്ദേശം ഇട്ടിരുന്നു. മദ്യപിച്ച് ലക്കുകെട്ട് പരസ്പര വിരുദ്ധമായി സംസാരിക്കുന്ന രീതിയിലായിരുന്നു ഈ സന്ദേശം. ഒക്ടോബർ 12നാണ് പൊലീസുകാരൻ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്. ആശുപത്രി രേഖകളിൽ വാഹനാപകടത്തിൽ വീണ് പരിക്കു പറ്റി എന്നാണ് ഡോക്ടറോട് പറഞ്ഞതുപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നതെന്നും റൂറൽ ജില്ല പൊലീസ് വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
ഒക്ടോബർ 12ന് പുലർച്ചെ ഒന്നോടെ പൊലീസ് ഉദ്യോഗസ്ഥൻ മദ്യലഹരിയിൽ വീട്ടിൽ ഭാര്യയോടും അമ്മയോടും ബഹളമുണ്ടാക്കുകയും തുടർന്ന് പരിക്കുപറ്റി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായുമാണ് അന്വേഷണത്തിൽ അറിഞ്ഞത്. പൊലീസ് ഉദ്യോഗസ്ഥനെക്കുറിച്ച് അന്വേഷിച്ചതിൽ മുൻ ജില്ല പൊലീസ് മേധാവിയുടെ കാലത്ത് മദ്യപിച്ച് നിരന്തരം ഉപദ്രവിക്കുന്നുവെന്ന് കാണിച്ച് ഭാര്യ പരാതിപ്പെട്ടിരുന്നതായും ഈ പരാതിയുടെ അടിസ്ഥാനത്തിലും ഭാര്യയുടെ ആവശ്യപ്രകാരം സ്ഥലംമാറ്റിയതായും അറിവായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.