മാങ്ങാക്കള്ളന് പിന്നാലെ പൊലീസിൽ സ്വർണക്കള്ളൻ; 10 പവൻ കവർന്ന കേസിൽ പൊലീസുകാരൻ പിടിയിൽ

വൈപ്പിന്‍: കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മാങ്ങ മോഷ്ടിച്ചതിന് പൊലീസുകാരൻ അറസ്റ്റിലായ സംഭവത്തിന് പിന്നാലെ കൊച്ചിയിൽ സ്വർണം കവർന്നതിന് മറ്റൊരു പൊലീസുകാരൻ പിടിയിൽ. ആലപ്പുഴ അരൂര്‍ സ്വദേശിയും ഞാറക്കല്‍ പെരുമ്പിള്ളിയിലെ ബന്ധുവിന്റെ വീട്ടില്‍ താമസിക്കുകയും ചെയ്യുന്ന എറണാകുളം എ.ആര്‍ ക്യാമ്പിലെ കൈതവളപ്പില്‍ അമല്‍ദേവാണ് (35) പിടിയിലായത്.

സുഹൃത്തിന്‍റെ വീട്ടിൽനിന്ന് 10 പവൻ കവർന്ന കേസിലാണ് അറസ്റ്റ്. അയല്‍വാസിയായ നടേശന്‍ നല്‍കിയ പരാതിയില്‍ ഞാറക്കല്‍ സി.ഐ രാജന്‍ കെ.അരമന നടത്തിയ അന്വേഷണത്തിലാണ് 'പൊലീസ് കള്ളൻ' കുടുങ്ങിയത്. പരാതിക്കാരന്റെ മകന്‍ നിബിന്റെ സുഹൃത്തായ അമൽദേവ്, ഇവരുടെ വീട്ടിലെ പതിവ് സന്ദർശകനുമായിരുന്നു.

ഈ മാസം 13നാണ് മോഷണം. നിബിന്‍റെ ഭാര്യ മുറിയിലെ അലമാരയിൽ സൂക്ഷിച്ച ആഭരണമാണ് കവർന്നത്. മോഷണം നടന്ന ദിവസം നിബിന്‍റെ ഭാര്യ വീട്ടിലില്ലായിരുന്നു. 16ന് ഇവർ തിരിച്ചെത്തിയപ്പോഴാണ് മോഷണം അറിയുന്നത്.

മോഷണംപോയ ആഭരണങ്ങളില്‍ ചിലത് എറണാകുളം, ഞാറക്കല്‍ മേഖലയിൽ പണയംവെച്ചിരുന്നു. മറ്റുചിലത് വിറ്റു. എല്ലാ ആഭരണവും പൊലീസ് വീണ്ടെടുത്തു. ഓണ്‍ലൈന്‍ റമ്മി കളിയിലൂടെ പ്രതിക്ക് വന്‍ സാമ്പത്തികബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു. 25 ലക്ഷത്തില്‍പരം രൂപയുടെ ബാധ്യത ഇയാള്‍ക്കുള്ളതായാണ് പറയുന്നത്. മോഷണത്തിന് പിന്നാലെ അമൽദേവ് മെഡിക്കല്‍ ലീവിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഇടുക്കി എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫിസർ പി.വി. ഷിഹാബാണ് നേരത്തേ മാങ്ങ മോഷണത്തിന് പിടിയിലായത്. സെപ്റ്റംബർ 28ന് പുലർച്ച ജോലികഴിഞ്ഞ് പോകുമ്പോഴാണ് കടയിൽനിന്ന് ഇയാൾ മാങ്ങ കവർന്നത്. 

Tags:    
News Summary - Policeman arrested in case of stealing gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.