തൃശൂർ: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപത്തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങുന്ന നടപടികളിലേക്ക് പൊലീസ് തിങ്കളാഴ്ച കടക്കും.
ഇയാൾക്കെതിരെ 36 കേസുകൾ തൃശൂർ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തതും 100 കോടിയോളം വരുന്ന തട്ടിപ്പാണ് നടത്തിയെന്നതും നിയമവിരുദ്ധമായി സ്ഥാപനം പ്രവർത്തിക്കുകയും അനധികൃതമായി നിക്ഷേപം സ്വീകരിക്കുകയും ചെയ്തുവെന്നുമാണ് പൊലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. അറസ്റ്റിനൊപ്പം പിടിച്ചെടുത്ത ഹാർഡ് ഡിസ്കുകളിലും പുതുക്കാട് പാലാഴിയിലെ വീട്ടിൽനിന്ന് കസ്റ്റഡിയിലെടുത്ത രേഖകളിലും ബാങ്ക് ഇടപാടുകളിലും പരിശോധന പുരോഗമിക്കുകയാണ്. തിങ്കളാഴ്ച ഇക്കാര്യങ്ങളിൽ പ്രാഥമികവിവരങ്ങൾ ലഭ്യമായേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ കസ്റ്റഡിയിൽ വാങ്ങി തുടർനടപടികളിലേക്ക് കടക്കും. റാണയുടെ ജാമ്യാപേക്ഷയും തിങ്കളാഴ്ച കോടതിയിൽ വരുന്നുണ്ടെന്നാണ് സൂചന. ഇതിനെ എതിർക്കാൻ പൊലീസ് കസ്റ്റഡി ആവശ്യമാണ് ഉന്നയിക്കുന്നത്. കസ്റ്റഡിയിൽ കിട്ടുന്നതോടെ കോടതിയെ അറിയിച്ച് നിലവിൽ രജിസ്റ്റർ ചെയ്ത മറ്റ് കേസുകളിൽ കൂടി അറസ്റ്റ് നടപടികളിലേക്ക് കടക്കും.
വെള്ളിയാഴ്ച റിമാൻഡിലായ പ്രവീൺ റാണ തൃശൂർ ജില്ല ജയിലിൽ അഡ്മിഷൻ േബ്ലാക്കിലാണ് കഴിയുന്നത്. ഇവിടെ റാണയുടെ സിനിമയുടെ പേര് ‘ചോരൻ’ എന്നാണ് കൂടെയുള്ളവരും വിളിക്കുന്നത്. നിക്ഷേപത്തട്ടിപ്പ് നടത്തുമ്പോൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്ന അതേ വാഗ്ദാനങ്ങൾ തന്നെയാണ് റാണ സഹതടവുകാരോടും ജയിൽ അധികൃതരോടും പറയുന്നത്.
താൻ തട്ടിപ്പുകാരനല്ലെന്നും മറ്റുള്ളവരെ പോലെ അല്ലെന്നും പുറത്തിറങ്ങിയാൽ വ്യവസായം വിപുലമാക്കി എല്ലാവരുടെയും നിക്ഷേപം തിരികെ നൽകുമെന്നും പറയുന്നു. അഡ്മിഷൻ േബ്ലാക്കിൽ ആദ്യ ദിനം പല്ല് തേക്കാൻ ബ്രഷോ മാറ്റിയിടാൻ വസ്ത്രമോ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.