കൊച്ചി: പൊലീസ് ഉദ്യോഗസ്ഥർ ജോലിസമയത്ത് പേരു രേഖപ്പെടുത്തിയ ബാഡ്‌ജ് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണമെന്ന് ഹൈകോടതി. യൂനിഫോമിനൊപ്പം പൊലീസുകാർ നെയിം ബാഡ്‌ജും ധരിച്ചിരിക്കണമെന്ന ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശം നൽകിയത്. ശബരിമലയിൽ യുവതി പ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവിന് പിന്നാലെ, നിലയ്ക്കലിൽ പ്രതിഷേധവുമായി രംഗത്തെത്തിയവരെ നേരിട്ട പൊലീസുകാർ നെയിം ബാഡ്‌ജ് ധരിച്ചിരുന്നില്ലെന്ന് ആരോപിച്ച് നൽകിയ ഹരജിയിലാണ് ഉത്തരവ്. അതേസമയം, ആരോപണത്തിന് തെളിവുകളില്ലെന്ന് വ്യക്തമാക്കി ഡിവിഷൻ ബെഞ്ച് ഹരജി തള്ളി.
പൊലീസുകാർ പ്രതിഷേധക്കാരെ അകാരണമായി ഉപദ്രവിച്ചെന്നും വാഹനങ്ങൾ തകർത്തെന്നും നെയിം ബോർഡ് ധരിച്ചിരുന്നില്ലെന്നുമാണ് പത്തനംതിട്ട സ്വദേശി സുരേഷ് കുമാർ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജികളിൽ ആരോപിച്ചിരുന്നത്. സംഭവങ്ങളുമായി ബന്ധപ്പെട്ട് എട്ടു പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പന്വേഷണം നടത്തി നടപടികൾ സ്വീകരിച്ചതായി സർക്കാർ അറിയിച്ചു. തുടർന്ന് തെറ്റായി കേസെടുത്തതിനോ മതിയായ കാരണമില്ലാതെയാണ് പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തതെന്നതിനോ തെളിവില്ലെന്ന് വിലയിരുത്തിയ കോടതി ഹരജി തള്ളുകയായിരുന്നു.
പ്രക്ഷോഭ സമയത്ത് അറസ്റ്റും പ്രതിഷേധക്കാരെ പിരിച്ചുവിടാനുള്ള നടപടികളും ഉണ്ടാകുന്നത് ക്രമസമാധാനം സംരക്ഷിക്കാനുള്ള പൊലീസിന്‍റെ ഇടപെടലുകളായി മാത്രമേ കാണാനാവൂ. നടപടിക്രമങ്ങൾ പാലിക്കാതെയാണ് അറസ്റ്റ് ചെയ്തതെന്നാണ് ആരോപണമെങ്കിലും ഇതിന് തെളിവ് ഹാജരാക്കാനായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.