കൂത്താട്ടുകുളം (കൊച്ചി): കൂത്താട്ടുകുളത്ത് തട്ടിക്കൊണ്ടുപോയ കൗൺസിലർ കല രാജുവിന്റെ മകനെതിരായ പരാതി വ്യാജമാണെന്ന് പൊലീസ്. കൗൺസിലറുടെ മകൻ ബാലുവും സുഹൃത്തുക്കളും ചേർന്ന് കമ്പിവടികൊണ്ട് ആക്രമിച്ചെന്നാണ് സി.ഐ.ടി.യു പ്രവർത്തകന്റെ പരാതി. ആക്രമണം നടന്നെന്ന് പറയുന്ന സമയത്ത് എറണാകുളത്തായിരുന്നുവെന്ന് ബാലു പൊലീസിന് മൊഴി നൽകി.
കഴിഞ്ഞ ദിവസം കൂത്താട്ടുകുളം നഗരസഭ അധ്യക്ഷക്കെതിരായ അവിശ്വാസപ്രമേയത്തിൽ പങ്കെടുക്കാനെത്തിയ എൽ.ഡി.എഫ് കൗൺസിലർ കല രാജുവിനെ സി.പി.എമ്മുകാർ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വിവിധ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്. സംഭവത്തെതുടർന്ന് യു.ഡി.എഫ് നടത്തിയ പൊലീസ് സ്റ്റേഷൻ ഉപരോധത്തിന് അനൂപ് ജേക്കബ് എം.എൽ.എ ഉൾപ്പെടെ 50ഓളം യു.ഡി.എഫ് പ്രവർത്തകർക്കെതിരായ കേസാണ് അതിലൊന്ന്. തട്ടിക്കൊണ്ടുപോകൽ സംഘർഷവുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയ സെക്രട്ടറിയടക്കം 25ഓളം എൽ.ഡി.എഫ് നേതാക്കൾക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തു.
നഗരസഭ ചെയർപേഴ്സൻ വിജയ ശിവൻ, കൗൺസിലർ സുമ വിശ്വംഭരൻ, അംബിക രാജേന്ദ്രൻ എന്നിവരെ അപമാനിച്ചെന്ന പരാതിയിൽ യു.ഡി.എഫ് നേതാക്കൾക്കെതിരെ മറ്റൊരു കേസും എടുത്തിട്ടുണ്ട്. ഐ.പി.സി 354 പ്രകാരം കെ.ആർ. ജയകുമാർ, പി.സി. ജോസ്, പ്രിൻസ് പോൾ ജോൺ, റെജി ജോൺ, ബോബൻ വറുഗീസ് എന്നിവർക്കും കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് കേസ്.
പൊലീസ് സ്റ്റേഷൻ ഉപരോധ കേസിൽ നാലാം പ്രതിയാണ് അനൂപ് ജേക്കബ് എം.എൽ.എ. നഗരസഭ പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോൺ, കൗൺസിലർമാരായ ഭാസ്കരൻ, ബോബൻ വർഗീസ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് റെജി ജോൺ എന്നിവരാണ് മറ്റ് പ്രതികൾ. സി.പി.എം കൗൺസിലറായ കല രാജു യു.ഡി.എഫ് കൗൺസിലർമാർക്കൊപ്പം വോട്ട് ചെയ്യാനെത്തിയപ്പോൾ തടഞ്ഞുനിർത്തി കൈയേറ്റം ചെയ്തതിനാണ് എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്തത്.
സി.പി.എം ഏരിയ സെക്രട്ടറി പി.ബി. രതീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫെബീഷ് ജോർജ്, ഷാജി ജോർജ് എന്നിവർക്കും കണ്ടാലറിയാവുന്ന 25 പേർക്കുമെതിരെയാണ് കേസ്. അമ്മയെ തട്ടിക്കൊണ്ടുപോയെന്ന കല രാജുവിന്റെ മകന്റെ പരാതിയിൽ ശനിയാഴ്ച തന്നെ എൽ.ഡി.എഫ് നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.