ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂർ നഗരത്തിൽ നടന്ന പുലികളി. ഫോട്ടോ: ടി.എച്ച്. ജദീർ
തൃശൂർ: ശനിയാഴ്ച ഉച്ചക്ക് ശേഷം തൃശൂർ നഗരത്തിൽ ഏതാനും നിമിഷം നീണ്ടുനിന്ന കനത്ത മഴ അക്ഷരാർഥത്തിൽ പുലിക്കളി പ്രേമികളുടെ മനസ്സിൽ വെള്ളിടിയായി. മണിക്കൂറുകളെടുത്ത് തേച്ചുപിടിപ്പിച്ച ചായങ്ങളൊക്കെയും മഴയിലൊലിക്കുമോയെന്ന ഭയമായിരുന്നു അതിന് പിന്നിൽ. പേടി ഏറെ നേരം നീണ്ടുനിന്നില്ല.
നിമിഷങ്ങൾക്കകം മഴ മാറി. പഴയതിനേക്കാൾ ശക്തിയിൽ വെയിലുദിച്ചു. മടയിൽനിന്ന് പുലികളെല്ലാം തേക്കിൻകാടിനെ വലംവെക്കാനിറങ്ങി. അതിഭീമൻ വയറൻ പുലികൾക്ക് പുറമേ പെൺപുലികളും കുട്ടിപ്പുലികളും ഒക്കെ രംഗത്തിറങ്ങി. മടകളിലിരുന്ന് മുരണ്ട പുലികളെല്ലാം ശനിയാഴ്ച വൈകുന്നേരത്തോടെ തേക്കിൻകാട്ടിലേക്ക് വൻ മുരൾച്ചയോടെ ഒന്നിന് പിന്നാലെ ഒന്നായി എത്തിച്ചേർന്നു. തിങ്ങിനിറഞ്ഞ പതിനായിരക്കണക്കിന് കാണികൾ ആർപ്പുവിളിച്ചു.
ഒമ്പത് പുലിക്കൂട്ടങ്ങളാണ് അരമണികെട്ടി വയറിൽ പുലിമുഖം വരച്ച് ദേഹമാകെ ചായംപൂശി നഗരത്തിലിറങ്ങിയത്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ഓണാഘോഷങ്ങളുടെ സമാപനം കൂടിയാണ് തൃശൂരിൽ പുലിക്കളി. വൈകുന്നേരം നാലിന് കായിക മന്ത്രി ഒ.ജെ. ജനീഷ് റൗണ്ടിലെ ബിനി ടൂറിസ്റ്റ് ഹോമിന് സമീപം ഫ്ലാഗ് ഓഫ് നിർവഹിച്ചതോടെയാണ് ചരിത്രപ്രസിദ്ധമായ പുലിക്കളിക്ക് തൃശൂരിൽ തുടക്കം കുറിച്ചത്. മണിക്കൂറുകളോളം നഗരം ചുറ്റി രാത്രിയോടെയാണ് സമാപിച്ചത്.
വിയ്യൂർ യുവജന സംഘം, കുട്ടൻകുളങ്ങര ദേശം, പാട്ടുരായ്ക്കൽ ദേശം, പൂങ്കുന്നം സീതാറാം മിൽ ദേശം, ചക്കാംമുക്ക് ദേശം, ഒളരിക്കര ദേശം, ശങ്കരംകുളങ്ങര ദേശം, അയ്യന്തോൾ ദേശം എന്നീ സംഘങ്ങളാണ് ഇത്തവണ ചുവടുവെച്ചത്. വൈകുന്നേരം നാലോടെ വിയ്യൂർ യുവജന സംഘത്തിന്റെ നേതൃത്വത്തിൽ ആദ്യസംഘം തെരുവിലിറങ്ങി. ഏറ്റവും ഒടുവിൽ അയ്യന്തോൾ ദേശവും എത്തിച്ചേർന്നു. ഓരോ സംഘത്തിലും 25 മുതൽ 50ലധികം പുലിക്കളി കലാകാരന്മാർ അണിനിരന്നു. ഇവരെ പിന്തുടർന്ന് വലിയ വാദ്യസംഘങ്ങളും അണിനിരന്നു. നിരവധി നിശ്ചലദൃശ്യങ്ങളും അകമ്പടിയായി. രാത്രി പത്ത് മണിക്കുതന്നെ പുലിക്കളി പൂർത്തിയായി ഫലപ്രഖ്യാപനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.