മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകനെ പൊലീസ് ലാത്തികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു

മലപ്പുറം: എം.എസ്.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ ഫൊട്ടോഗ്രാഫറെ പൊലീസ് ലാത്തികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചു. മാതൃഭൂമി മലപ്പുറം യൂനിറ്റിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ.ബി സതീഷ് കുമാറി(50)നെയാണ് പൊലീസ് തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. കൈയില്‍ കാമറയുണ്ടായിട്ടും ഫോട്ടോഗ്രാഫറാണെന്ന് പറഞ്ഞിട്ടും മലപ്പുറം സ്റ്റേഷനിലെ എ.എസ്.ഐ സന്തോഷും സഹ പൊലീസുകാരും ആക്രമണമഴിച്ചുവിടുകയായിരുന്നു.

മാരകമായി മുറിവേറ്റ സതീഷിൻെറ തലയില്‍ സ്റ്റിച്ചുകളുണ്ട്. ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്ന സിറാജ് ദിനപത്രം ഫോട്ടോഗ്രാഫര്‍ പി.കെ നാസറിൻെറ പിന്നാലെയും ചെന്ന് അടിക്കാന്‍ ശ്രമിച്ചു. ആക്രമണ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ പ്രതിഷേധിച്ചു

മലപ്പുറം: എം.എസ്.എഫ് നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ മാതൃഭൂമി മലപ്പുറം യൂനിറ്റിലെ ചീഫ് ഫോട്ടോഗ്രാഫര്‍ കെ.ബി സതീഷ് കുമാറിനെ പൊലീസ് ലാത്തികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ചതില്‍ കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ഏത് പ്രതികൂല സാഹചര്യത്തിലും ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായ മാധ്യമപ്രവര്‍ത്തകരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിനിടെ പൊലീസ് ആക്രമിച്ചതിനെ ശക്തമായി അപലപിക്കുന്നു. എ.എസ്.ഐ സന്തോഷ് മുമ്പും പലതവണ മാധ്യമപ്രവര്‍ത്തകരോട് പ്രകോപനപരമായി പെരുമാറിയിട്ടുണ്ട്. ഇദ്ദേഹമടക്കം കുറ്റക്കാരായ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് കെ.യു.ഡബ്ല്യൂ.ജെ ജില്ല പ്രസിഡൻറ് ഷംസുദ്ദീന്‍ മുബാറക്കും, സെക്രട്ടറി കെ.പി.എം റിയാസും ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും സംസ്ഥാന, ജില്ലാ പൊലീസ് മേധാവികള്‍ക്കും പരാതി നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.