ഇരുട്ടത്ത് പൊലീസിന്‍റെ വാഹന പരിശോധന; ചോദ്യം ചെയ്ത ഉദ്യോഗസ്ഥന്‍റെ പല്ലടിച്ച് കൊഴിച്ചു

ആലപ്പുഴ: ചേർത്തലയിൽ വളവിൽ ഇരുട്ടത്ത് വാഹനപരിശോധന നടത്തിയത് ചോദ്യം ചെയ്ത പി.എസ്.സി ഉദ്യോഗസ്ഥന്‍റെ പല്ലടിച്ച് കൊഴിച്ചെന്ന് പരാതി. ചേർത്തല നഗരസഭാ അഞ്ചാം വാർഡ് ഇല്ലിക്കൽ രമേശ് എസ്. കമ്മത്തിനാണ് പൊലീസുകാരിൽ നിന്ന് ക്രൂരമായി മർദനമേറ്റത്.

14ന് രാത്രി എറണാകുളത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെയായിരുന്നു സംഭവം. പൊലീസ് ആക്രമണത്തിൽ പല്ല് കൊഴിയുകയും കണ്ണിനും കഴുത്തിനും ജനനേന്ദ്രിയത്തിനും പരിക്കേൽക്കുകയും ചെയ്തു. സംഭവം നടന്ന രണ്ട് ദിവസത്തിന് ശേഷമാണ് രമേശ് പരാതി നൽകിയത്.

റോഡിലെ വളവിൽ ബൈക്ക് തടഞ്ഞു നിർത്തി രമേശ് മദ്യപിച്ചോ എന്ന് പരിശോധിച്ച് വിട്ടയച്ചു. തുടർന്ന് ബൈക്ക് മാറ്റി പാർക്ക് ചെയ്ത ശേഷം വളവിലും ഇരുട്ടിലും വാഹനപരിശോധന പാടില്ലെന്ന് ഡി.ജി.പിയുടെ ഉത്തരവില്ലേയെന്ന് ചോദിച്ച രമേശ് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. ഇതോടെയാണ് പൊലീസ് മർദനം തുടങ്ങി. പിന്നീട് സ്റ്റേഷനിലെത്തിച്ചും മർദിച്ചു.

ജോലി തടസപ്പെടുത്തിയെന്ന കുറ്റം ചുമത്തി രമേശിനെതിരെ േകസെടുത്തു. പൊലീസുകാർക്കെതിരെ പരാതിപ്പെടില്ലെന്ന് ഉറപ്പ് നൽകിയതിനെ തുടർന്നാണ് ജാമ്യം ലഭിച്ചത്. റോഡിൽ വെച്ച് മർദിച്ച ശേഷം ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടറോട് വിവരം പറയരുതെന്ന് ആവശ്യപ്പെട്ടു. വിവരം പറഞ്ഞാൽ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും രമേശ് പരാതിയിൽ വ്യക്തമാക്കി.

പി.എസ്.സി ചെയർമാൻ എം.കെ സക്കീർ ഇടപെട്ടതിനെ തുടർന്നാണ് രമേശ് ഡി.ജി.പിക്ക് പരാതി നൽകിയത്. സംഭവത്തിൽ സിവിൽ പൊലീസ് ഒാഫീസർ സുധീഷിന്‍റെ സസ്പെൻഡ് ചെയ്തു. രണ്ടു പേർക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്പെഷ്യൽ ബ്രാഞ്ച് ഡി.വൈ.എസ്.പിയാണ് അന്വേഷണം നടത്തുന്നത്.


Tags:    
News Summary - Police Hit PSC Officer for Questioned Vehicle Inspection in Night -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.