'പൊലീസാണ് വൈറസ്'; മർദനമേറ്റ യുവാവിന്റെ കുറിപ്പ് വൈറൽ

മലപ്പുറം: ട്രിപ്പിൾ ലോക്ഡൗൺ തുടരുന്ന മലപ്പുറത്ത് അവശ്യസാധനങ്ങൾ വാങ്ങാനിറങ്ങുന്നവർക്ക് നേരെയും പൊലീസ് മർദനം. കൃത്യമായ രേഖകളുണ്ടായിട്ടും പൊലീസ് മർദിക്കുന്നുവെന്ന് പരാതിപ്പെട്ട് നിരവധി പേരാണ് രം​ഗത്തെത്തുന്നത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശി മുഹമ്മദ് ഫൈസൽ എന്ന യുവാവും കഴി‍ഞ്ഞദിവസം പൊലീസ് തന്നെ അകാരണമായി മർദിച്ചുവെന്ന് ചൂണ്ടിക്കാട്ടി രം​ഗത്തുവന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി അദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പും ചർച്ചയാകുകയാണ്.

പൊലീസാണ് വൈറസ് എന്ന തലക്കെട്ടിലാണ് മുഹമ്മദ് ഫൈസൽ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. മാംസം വാങ്ങി വീട്ടിലേക്ക് വരികയായിരുന്ന ഫൈസലിനെ തടഞ്ഞുനിര്‍ത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വാഹനം മുന്നോട്ടെടുത്തപ്പോള്‍ പുറത്ത് ലാത്തി കൊണ്ട് മര്‍ദിച്ചുവെന്നാണ് പോസ്റ്റില്‍ പറയുന്നത്. മര്‍ദിനമേറ്റതിന്റെ ചിത്രവും അദ്ദേഹം കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.

കുറിപ്പിന്റെ പൂർണരൂപം

പൊലീസാണ് വൈറസ് 


രാവിലെ ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയിൽ പോയിരുന്നു. ഒരാഴ്ച മുമ്പും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാൻ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്. അങ്ങാടിയിലെത്തുമ്പോൾ തന്നെ പൊലീസ് അവിടെയുണ്ട്. തിരിച്ചു പോകാൻ രണ്ടുവഴിയുണ്ട്. എപ്പോഴും പോകുന്ന വഴിയിൽ പൊലീസ് വാഹനം നിർത്തിയിട്ടുണ്ട്. ആ വഴിക്കുതന്നെ പോകാമെന്നു വച്ചു. ഭയം തോന്നിയില്ല. കയ്യിൽ ഇറച്ചിയുണ്ട്, വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ലാത്തി നീട്ടിപ്പിടിച്ച് ബൈക്ക് നിർത്തിക്കുമ്പോൾ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാൻ വണ്ടിയൊതുക്കിയത്.

ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോൾ എന്നാൽ വേഗം വിട്ടോ എന്നു അയാൾ പറഞ്ഞതും ഞാൻ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു.. പൊലീസിന്റെ ലാത്തി ജീവിതത്തിൽ ആദ്യമായി എന്നെ തൊട്ടു എന്നറിഞ്ഞു. നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്ന നേരം. വണ്ടി നിർത്താനോ എന്തിനായിരുന്നെന്ന് ചോദിക്കാനോ തോന്നിയില്ല. ലാത്തിക്കും അയാൾക്കും വേണ്ടത് നിയമമല്ല, ഇരയെയാണ്. വാണിയമ്പലത്തെ മർദനവും മനസ്സിലേക്ക് വന്നു.

കേവലം ഒരു ഹെൽമെറ്റ് വെക്കാത്തതിനു പോലും എനിക്ക് പൊലീസുകാർക്ക് മുന്നിൽ ഇതുവരെ തല താഴ്ത്തേണ്ടി വന്നിട്ടില്ല. ലാത്തിയുടെ ചൂട് പോയിട്ട് ഒരു ശകാരം പോലും കാക്കിയിട്ടവരിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടില്ല.. ഊട്ടിയും വയനാടും മൂന്നാറും കേറുന്ന, കുറഞ്ഞ കാലം കൊണ്ട് മീറ്റർ ബോർഡിൽ 80,000 km കടന്ന ബൈക്ക് കുറേ ദിവസങ്ങളായി വെറുതെ കിടപ്പാണ്..
ലോക് ഡൗണിനെ എങ്ങനെ സമീപിക്കുന്നുവെന്ന് ചോദിച്ചാൽ അത്യാവശ്യം പ്രാദേശിക പൊതുപ്രവർത്തന സ്വഭാവമുണ്ടായിട്ടും രണ്ടു പലചരക്കു കടകളും പള്ളിയും മദ്രസയും മാത്രമുളള എന്റെ ഗ്രാമത്തിലെ അങ്ങാടിയിലേക്ക് പോലും ഇത്രയും ദിവസത്തിനുള്ളിൽ ഞാനിറങ്ങിയത് രണ്ടു തവണ മാത്രമാണ്. അതു തന്നെ ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ. പിന്നെ ചില കോവിഡ് രോഗികളുടെ വീടും സന്ദർശിച്ചു. മഴക്കെടുതി വിലയിരുത്തി വാർഡു മുതൽ മുകളിലേക്കുള്ള ജനപ്രതിനിധികളോട് കാര്യങ്ങൾ അറിയിച്ചു. ഇതെല്ലാം എന്റെ തൊട്ടടുത്ത സ്ഥലങ്ങളിൽ.
അല്ലെങ്കിലും എനിക്കിത് കിട്ടണം, വീട്ടിലേക്ക് പാൽ വാങ്ങാൻ കുറച്ചപ്പുറത്ത് ബൈക്കിൽ പോകുമ്പോൾ പോലും 'പാൽ വാങ്ങാൻ ഇന്ന നമ്പർ വാഹനത്തിൽ...' എന്നു തുടങ്ങി സത്യവാങ്മൂലമെഴുതുന്ന എനിക്കിത് കിട്ടണം..

പൊലീസിനെ സംബന്ധിച്ച് മാരക മർദനമെന്നുമല്ലായിരിക്കാം, പഠിച്ച വിദ്യാലയങ്ങളിൽ നിന്ന് പോലും വലിയ അടിയൊന്നും വാങ്ങി ശീലമില്ലാത്തതിനാൽ ലാത്തിയമർന്ന് രാവിലെ തണർത്ത ഭാഗം ഇപ്പോൾ ചുവന്നിട്ടുണ്ട്. നാളെയത് നീല നിറമാകും , മറ്റെന്നാൾ കറുപ്പും. കുറച്ചു ദിവസം കമിഴ്ന്ന് കിടക്കേണ്ടി വരും, കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അടയാളങ്ങൾ ഇല്ലാതെയാകും.
എന്നാൽ മനസിൽ നിന്നില്ലാതാകില്ലല്ലോ. നിയമം പരമാവധി പാലിക്കണമെന്ന് കരുതിയവന് നിയമപാലകരിൽ നിന്ന് ലഭിച്ച അനീതിയുടെ അടയാളമാണത്. അതവിടെയുണ്ടാകും. എന്നാലും ഒരുറപ്പുണ്ട്, അത് ഇരയുടെ ഉറപ്പാണ്, പടച്ചവന്റെ ഉറപ്പ്, അന്യായമായിരുന്നെങ്കിൽ നീയൊക്കെ അനുഭവിച്ചേ പോകൂ...



Tags:    
News Summary - Triple Lockdown, Kerala Police, Malappuram,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.