തിരുവനന്തപുരം: സിനിമ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ ചോർത്തി അശ്ലീല സൈറ്റുകളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് സിറ്റി സൈബർ പൊലീസ്. ദൃശ്യങ്ങൾ വിൽപനക്ക് എത്തിച്ചവരുടെയും പണം നൽകി വാങ്ങി കണ്ടവരുടെയും ഇൻറർനെറ്റ് പ്രോട്ടോക്കോൾ വിലാസവും പൊലീസിന് ലഭിച്ചു.
ദൃശ്യങ്ങൾ കൂടുതൽ സൈറ്റുകളിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. സുരക്ഷ ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിയറ്ററുകളിലെ ക്ലൗഡ് സ്റ്റോറേജ് സംവിധാനത്തിലെ സി.സി.ടി.വിയുടെ പാസ്വേർഡ് മാറ്റിയിട്ടുണ്ട്.
തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കർശന നിർദേശങ്ങളും ചലച്ചിത്ര വികസന കോർപറേഷൻ ഓപറേറ്റർമാർക്ക് നൽകിയിട്ടുണ്ട്.
സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെ.എസ്.എഫ്.ഡി.സി) ഉടമസ്ഥതയിലുള്ള തിരുവനന്തപുരത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിലെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. തിയറ്ററില്‍ സിനിമ കാണാനെത്തിയ സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചിരിക്കുന്ന മുഖം വ്യക്തമാകുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്. 2023 മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങളുണ്ട്. പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ തിയറ്ററിന്റെ പേരും സ്ക്രീന്‍ നമ്പരും തീയതിയും സമയവുമെല്ലാം കാണാം. വിവിധ ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി ഇത്തരം ദൃശ്യങ്ങള്‍ വില്‍ക്കുകയായിരുന്നു. ദൃശ്യങ്ങള്‍ പുറത്തുപോയതിൽ ജീവനക്കാര്‍ക്ക് പങ്കുണ്ടെങ്കിൽ കര്‍ശന നടപടിയുണ്ടാകുമെന്ന് കെ.എസ്.എഫ്.ഡി.സി അധികൃതർ വര്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.