തിരുവനന്തപുരം: പൊലീസിന്‍റെ ഒരു നാടകം കൂടി പൊളിഞ്ഞു. ആംബുലൻസിൽ ദേഹവും മുഖവും മൂടി മജിസ്ട്രേറ്റിന് മുന്നിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമന് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് മജിസ്ട്രേറ്റ് നിരീക്ഷിച്ചു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ടും. ഇതോടെ, മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിനെ മദ്യലഹരിയിൽ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെ ആശുപത്രിയിൽ തന്നെ തുടരാൻ അനുവദിക്കാനുള്ള പൊലീസിന്‍റെ നീക്കമാണ് പാളിയത്.
സ്ട്രെച്ചറിൽ കിടത്തിയാണ് പൊലീസ് കിംസ് ആശുപത്രിയിൽ നിന്ന് ശ്രീറാമിനെ പുറത്തെത്തിച്ചത്. മുഖത്ത് മാസ്കും ധരിച്ചിരുന്നു. ദേഹം മുഴുവൻ തുണിയിൽ മൂടുകയും ചെയ്തിരുന്നു. ആശുപത്രിയിൽ നിന്ന് പുറത്തെത്തിച്ച് നിമിഷങ്ങൾകൊണ്ട് ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയതോടെ ഈ നാടകമെല്ലാം പാഴായി.
അപകടത്തിൽ പരിക്കേറ്റ ശ്രീറാം വെങ്കിട്ടരാമൻ സ്വന്തം തീരുമാനപ്രകാരം സ്വകാര്യ ആശുപത്രിയായ കിംസിൽ ചികിത്സ തേടിയത് വിവാദമായിരുന്നു. മെഡിക്കൽ കോളജിലേക്ക് റെഫർ ചെയ്തിട്ടും ശ്രീറാം സ്വന്തം നിലക്ക് സ്വകാര്യ ആശുപത്രിയിലേക്ക് മാറുകയായിരുന്നു. പൊലീസ് ഇതിൽ നടപടിയെടുത്തിരുന്നില്ല. ശ്രീറാമിന്‍റെ ആരോഗ്യസ്ഥിതി പോലും പുറത്തുവരാതെ പൊലീസ് സൂക്ഷിച്ചു.
കൈക്ക് ചെറിയ പരിക്കുണ്ട് എന്ന് മാത്രമായിരുന്നു ലഭ്യമായ വിവരം. കാര്യമായ പരിക്കില്ലാതെ ആശുപത്രിയിൽ സുഖവാസത്തിലാണ് ശ്രീറാം എന്ന് വ്യാപക ആരോപണമുയർന്നതോടെയാണ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാൻ പൊലീസ് തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.