കോഴിക്കോട്: കൂടുതൽ മലയാളികൾ റഷ്യൻ കൂലിപ്പട്ടാളത്തിൽ എത്തിപ്പെട്ടെന്ന അഭ്യൂഹങ്ങളെ തുടർന്ന്, കേരള പൊലീസ് റഷ്യയിലേക്ക് പോയ മലയാളികളുടെ വിവരശേഖരണം തുടങ്ങി. സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചാണ് വിവരം ശേഖരിക്കുന്നത്. ഓരോ ലോക്കൽ സ്റ്റേഷനുകളിലെയും എസ്.എസ്.ബിയുടെ ചുമതലയുള്ള പൊലീസ് ഓഫിസർ തദ്ദേശസ്ഥാപന ജനപ്രതിനിധികളെയടക്കം ബന്ധപ്പെട്ടാണ് റഷ്യൻ മലയാളികളുടെ കണക്കെടുക്കുന്നത്.
റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയ തൃശൂർ കുട്ടനെല്ലൂർ സ്വദേശി ബിനിൽ യുക്രെയ്ൻ യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടതായും ബന്ധു ജെയിൻ കുര്യന് പരിക്കേറ്റതായും വിവരം ലഭിച്ചതോടെയാണ് പൊലീസ് കണക്കെടുപ്പ് ഊർജിതമാക്കിയത്. തൊഴിൽ തേടി വിവിധ റിക്രൂട്ടിങ് ഏജൻസികൾ മുഖേന റഷ്യയിലേക്ക് പോയ യുവാക്കളിൽ ചിലരാണ് വാഗ്ദാനം ചെയ്യപ്പെട്ട ജോലി ലഭിക്കാതെ റഷ്യൻ കൂലിപ്പട്ടാളത്തിലെത്തിയത് എന്നാണ് വിവരം. എന്നാൽ, ഇത്തരത്തിൽ എത്ര മലയാളികൾ സൈന്യത്തിന്റെ ഭാഗമായി റഷ്യയിൽ കുടുങ്ങിയെന്നതിന് കണക്കില്ല. ഇതോടെയാണ് പ്രാദേശികതലത്തിൽനിന്ന് വിവരം ശേഖരിക്കാൻ പൊലീസ് തീരുമാനിച്ചത്. റഷ്യൻ സൈന്യത്തിന്റെ ഭാഗമായ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാൻ ഇടപെടൽ നടത്തുന്ന വിദേശമന്ത്രാലയം ഇത്തരക്കാരുടെ കണക്കുകൾ ലഭ്യമാക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് കണക്കുകൾ തേടിയിട്ടുണ്ട്.
ജോലിക്ക് പുറമെ ഉന്നത വിദ്യാഭ്യാസം ലക്ഷ്യമിട്ടും നിരവധി പേർ റഷ്യയിലേക്ക് പോയിട്ടുണ്ട്. ഇങ്ങനെ പോയവർ ആരൊക്കെ, എന്താണ് അവരുടെ ജോലി, കുടുംബവുമായി ബന്ധപ്പെടുന്നുണ്ടോ എന്നതടക്കം കാര്യങ്ങളാണ് പൊലീസ് പരിശോധിക്കുന്നത്. റഷ്യയിലേക്ക് പോയി പിന്നീട് കുടുംബവുമായി ബന്ധപ്പെടാത്തവരുണ്ടോ എന്നതടക്കം കണ്ടെത്തുകയാണ് ലക്ഷ്യം. തൃശൂർ, എറണാകുളം, കൊല്ലം ജില്ലകളിലെ ചില യുവാക്കൾ റഷ്യൻ സേനയുടെ ഭാഗമായതായി സൂചനകളുണ്ട്. ഇതിൽ ചിലർ സഹായമഭ്യർഥിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ നേരത്തേ പ്രചരിച്ചിരുന്നു. ഇവരുടെ കുടുംബവുമായും പൊലീസ് ബന്ധപ്പെട്ടിട്ടുണ്ട്.
തൊഴിൽ, ഉന്നത വിദ്യാഭ്യാസം എന്നിവക്കായി റഷ്യയിലേക്ക് റിക്രൂട്ടിങ് നടത്തുന്ന ഏജൻസികളിൽനിന്നും പൊലീസ് വിവരം ശേഖരിക്കുന്നുണ്ട്. റഷ്യൻ സൈന്യത്തിന്റെ ഭാഗമായ പത്തോളം ഇന്ത്യക്കാർ ഇതിനകം യുദ്ധത്തിൽ കൊല്ലപ്പെട്ടതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.