ഹൈറേഞ്ച് സ്പൈഡേഴ്സിനെതിരെ പരാതി നല്‍കിയയാള്‍ കഞ്ചാവുമായി പിടിയില്‍

കൊടുങ്ങല്ലൂര്‍: കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ ഹൈറേഞ്ച് സ്പൈഡേഴ്സ് സ്ക്വാഡ് അംഗങ്ങള്‍ പണം തട്ടിയെന്ന് പരാതി നല്‍കിയയാള്‍ ഒന്നരക്കിലോ കഞ്ചാവുമായി പിടിയില്‍. 

പാലക്കാട് ആലത്തൂര്‍ തേങ്കുറിശ്ശി കൊന്നല്‍ക്കാട് രാജേഷിനെയാണ് (36) എക്സൈസ് സംഘം കൊടുങ്ങല്ലൂരില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാളോടൊപ്പം പാലക്കാട് ചിറ്റൂര്‍ നെന്മാറ നെന്മാറപാടം സുജിനിയെയും (29) 250 ഗ്രാം കഞ്ചാവുമായി പിടികൂടി. 

രാജേഷിന്‍െറ പരാതിയുടെ അടിസ്ഥാനത്തില്‍ ഒരുമാസം മുമ്പ് ഹൈറേഞ്ച് സ്പൈഡേഴ്സ് സ്ക്വാഡ് അംഗങ്ങളായ നൂര്‍ സമീര്‍, സുനീഷ്, മുജീബ് റഹ്മാന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവുകേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി 96,000 രൂപ തട്ടിയെന്നായിരുന്നു രാജേഷിന്‍െറ പരാതി. ഇതിന് പിന്നാലെയാണ് രാജേഷിനെ വീണ്ടും കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. നാലുമാസം മുമ്പ് 10 കിലോ കഞ്ചാവുമായി രാജേഷിനെ പാലക്കാട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ഓട്ടോ ഡ്രൈവറെയും മറ്റൊരാളെയും ഓട്ടോയും കഞ്ചാവും സഹിതം കൊടുങ്ങല്ലൂരില്‍നിന്ന് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 
ഇവരെ പിടികൂടിയതില്‍നിന്നാണ് പാലക്കാട്ടുനിന്ന് കഞ്ചാവുമായി വരുന്നവരെക്കുറിച്ച് വിവരം ലഭിച്ചത്. ഈ അന്വേഷണത്തിലാണ് ക്ഷേത്രദര്‍ശനത്തിന് എന്ന വ്യാജേന എത്തുന്ന സുജിനി കൊടുങ്ങല്ലൂരില്‍ കഞ്ചാവ് എത്തിക്കുന്ന വിവരം ലഭിച്ചത്. 

ക്ഷേത്ര പരിസരവും കൊടുങ്ങല്ലൂര്‍ ടൗണും രഹസ്യ നിരീക്ഷണത്തിലാക്കിയ എക്സൈസ് ക്ഷേത്രത്തിന്‍െറ തെക്കേനടയില്‍നിന്നാണ് സുജിനിയെ പിടികൂടിയത്. 
യുവതിയെ ചോദ്യംചെയ്തതോടെയാണ് വലിയതോതില്‍ കഞ്ചാവ് എത്തിക്കുന്ന രാജേഷിനെ കുടുക്കാനായത്. യുവതിയെക്കൊണ്ട് കഞ്ചാവ് ആവശ്യപ്പെട്ട് മൊബൈല്‍ ഫോണില്‍ യുവാവിനെ വിളിച്ചുവരുത്തുകയായിരുന്നുവെന്നും എക്സൈസ് ഇന്‍സ്പെക്ടര്‍ അറിയിച്ചു. 

Tags:    
News Summary - police case idukki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.