തിരുവനന്തപുരം: പത്തനംതിട്ടയിൽ ഇന്നലെ രാത്രി നടന്നത് പൊലീസിൻ്റെ നരനായാട്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഒരു പ്രകോപനവുമില്ലാതെയാണ് വിവാഹ സംഘത്തിൽപ്പെട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവരെ ആക്രമിച്ചത്. ആളുമാറിയാണ് വിവാഹ സംഘത്തിലുള്ളവരെ പൊലീസ് തല്ലിച്ചതച്ചതെന്നത് സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
പൊലീസിന് സംഭവിച്ചിരിക്കുന്നത് ഗുരുതരമായ വീഴ്ചയാണ്. അധികാര ദുർവിനിയോഗവും നരനായാട്ടും നടത്തിയ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് ശ്രമമെങ്കിൽ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വാർത്താകുറിപ്പിൽ പറഞ്ഞു.
എന്തധികാരത്തിലാണ് പോലീസ് നിരപരാധികളെ തല്ലിച്ചതച്ചത്? പോലീസിൻ്റെ പരാക്രമത്തിന് സി.സി ടി.വി ദൃശ്യങ്ങൾ തെളിവാണ്. കുറ്റക്കാരായ പോലീസ് ഉദ്യോഗസ്ഥരെ ഒരു നിമിഷം പോലും സർവീസിൽ തുടരാൻ അനുവദിക്കരുത്.
കർശന നടപടി സ്വീകരിക്കണം. ക്രൂരമായ മർദ്ദനം എൽക്കേണ്ടി വന്നവരുടെ പരാതിയിൽ കൃത്യമായ അന്വേഷണം നടത്തി നിയമനടപടി ഉറപ്പാക്കണം. കേരളത്തിലെ പോലീസ് സി.പി.എമ്മിന് അടിമവേല ചെയ്യാനുള്ളവരല്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ളവരാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.