കോഴിക്കോട്: 40 വർഷം മുമ്പ് രണ്ടുപേരെ കൊലപ്പെടുത്തിയതായി ഏറ്റുപറഞ്ഞ് പൊലീസിൽ കീഴടങ്ങിയ വേങ്ങര സ്വദേശി മുഹമ്മദലി എന്ന ആന്റണി (56) ആരെയും കൊന്നിട്ടില്ലെന്ന് പറയുന്നു ജ്യേഷ്ഠൻ പൗലോസ്. രണ്ടാം ക്ലാസിൽ പഠിക്കുന്നതിനിടെ ഒളിച്ചോടിയ മുഹമ്മദലി തിരികെ വന്നത് 10 വർഷത്തിന് ശേഷമാണെന്ന് ഇദ്ദേഹം പറഞ്ഞു. മുഹമ്മദലിക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് സഹോദരൻ പറഞ്ഞു.
കൂടരഞ്ഞിയിലെ ആൾ മരിച്ചത് തോടിലെ വെള്ളത്തിൽ വീണിട്ടാകാമെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ കോഴിക്കോട് വെള്ളയിലും കൊലപാതകം ചെയ്തെന്ന വെളിപ്പെടുത്തലിനെക്കുറിച്ച് അറിയില്ലെന്നും പൗലോസ് പറഞ്ഞു. 1986, 1989 വർഷങ്ങളിലായി രണ്ടുപേരെ കൊലപ്പെടുത്തിയെന്നായിരുന്നു മുഹമ്മദാലിയുടെ വെളിപ്പെടുത്തൽ. കൂടരഞ്ഞി തൈപറമ്പിൽ പൈലിയുടെ മകനായ ആന്റണിയാണ് മുഹമ്മദലി ആയി മാറിയത്. 14-ാം വയസ്സിൽ കൂടരഞ്ഞി കരിങ്കുറ്റിയിൽ ഒരാളെ തോട്ടിലേക്ക് ചവിട്ടിയിട്ടു കൊന്നുവെന്നാണ് പൊലീസിൽ മുഹമ്മദലി നൽകിയ ഒരു മൊഴി. 1986 ഡിസംബറിലാണ് സംഭവമെന്ന് പറയുന്നു. ഡിസംബർ അഞ്ചിലെ പത്രത്തിൽ കൂടരഞ്ഞി മിഷൻ ആശുപത്രിക്ക് പിറകിലെ വയലിലെ തട്ടിൽ 20 വയസ്സ് തോന്നിക്കുന്ന ആളുടെ മൃതദേഹം കണ്ടെത്തിയതായി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
1989ൽ കോഴിക്കോട് വെള്ളയിൽ ബീച്ചിൽ ഒരാളുടെ സഹായത്തോടെ മറ്റൊരാളെ കൊന്നതായും മുഹമ്മദലി മൊഴി നൽകിയിട്ടുണ്ട്. സംഭവശേഷം വർഷങ്ങൾ കഴിഞ്ഞ് കൂടരഞ്ഞിയിൽ നിന്ന് വിവാഹിതനായെങ്കിലും ഭാര്യ ഉപേക്ഷിച്ചു. തുടർന്ന് മലപ്പുറത്തേക്ക് താമസം മാറുകയും അവിടെ നിന്ന് മറ്റൊരു വിവാഹം കഴിച്ച് മതം മാറി വേങ്ങരയിൽ താമസമാക്കുകയായിരുന്നെന്ന് പൗലോസ് പറഞ്ഞു.
അതേസമയം, മുഹമ്മദ് അലി ഒന്നിന് പിറകെ ഒന്നായി നടത്തുന്ന വെളിപ്പെടുത്തലിലെ യാഥാർഥ്യം തേടി അലയുകയാണ് കോഴിക്കോട് സിറ്റി പോലീസും റൂറൽ പോലീസും. തനിക്ക് 14 വയസ്സ് മാത്രം ഉള്ളപ്പോൾ 1986 കൂടരഞ്ഞിയിൽ വച്ച് ഒരാളെ കൊലപ്പെടുത്തി എന്ന മുഹമ്മദ് വെളിപ്പെടുത്തലിൽ തിരുവമ്പാടി പോലീസ് അന്വേഷണം നടത്തിവരവെയാണ് ഈ സംഭവത്തിനെ മൂന്നു വർഷങ്ങൾക്കുശേഷം കോഴിക്കോട് കടപ്പുറത്ത് വെച്ച് തന്റെ കൈയിൽ നിന്ന് പണം തട്ടിപ്പറിച്ച് ഒരാളെ ഒരു സുഹൃത്തിന്റെ സഹായത്തോടെ മണലിൽ ശ്വാസം മുട്ടിച്ചു കൊന്നു എന്ന വെളിപ്പെടുത്തൽ.
കൂടരഞ്ഞി സംഭവത്തിലെ വിവരങ്ങൾ തിരുവമ്പാടി പോലീസിന് വേങ്ങര പോലീസ് കൈമാറി. കോഴിക്കോട് കടപ്പുറത്തെ സംഭവം സംബന്ധിച്ച മൊഴിയുടെ വിശദാംശങ്ങൾ സിറ്റി പോലീസിനും കൈമാറി. തിരുവമ്പാടി പോലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കടപ്പുറം കൊലപാതകത്തിന്റെ യാഥാർഥ്യം തേടിക്കൊണ്ടിരിക്കുകയാണ് പൊലീസ്. പ്രതിയുടെ മാനസിക നില പരിശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.