തിരുവനന്തപുരം: യൂനിഫോം ധരിക്കാതെ സ്റ്റേഷൻ പരിധി ലംഘിച്ച് സ്വകാര്യ വാഹനത്തിലെത്തി നിരപരാധിയെ മർദിച്ച് കസ്റ്റഡിയിലെടുത്ത അരൂർ എസ്.ഐ ടി.എസ്. റെനീഷിനും അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കുമെതിരെ പട്ടികജാതി, പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.
വകുപ്പുതല നടപടികളും സ്വീകരിക്കണെമന്ന് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് ആലപ്പുഴ ജില്ല പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി. ഉത്തരവ് ലഭിച്ച് ഒരു മാസത്തിനകം സ്വീകരിച്ച നടപടികൾ കമീഷനെ രേഖാമൂലം അറിയിക്കണം. തിരുവനന്തപുരം ധനുവച്ചപുരം വാഴവിളാകത്ത് വീട്ടിൽ ആർ. സുമ മനുഷ്യാവകാശ കമീഷനിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
2016 നവംബർ 27ന് വെളുപ്പിനാണ് പരാതിക്ക് ആസ്പദമാക്കിയ സംഭവമുണ്ടായത്. അരൂർ എസ്.ഐ റെനീഷും അരൂർ സ്റ്റേഷനിലെ അഞ്ച് പൊലീസുകാരും സുമയുടെ ധനുവച്ചപുരത്തെ വീട്ടിൽ അതിക്രമിച്ചുകയറി സുമയെയും സഹോദരനെയും ഉപദ്രവിക്കുകയും സഹോദരെൻറ മകനെ അകാരണമായി വിലങ്ങുെവച്ച് കൊണ്ടുപോയെന്നുമാണ് പരാതി.
മർദനമേറ്റ ജോമോൻ സെക്ഷൻ 357 (എ) സി.ആർ.പി.സി പ്രകാരം നഷ്ടപരിഹാരത്തിനായി ആലപ്പുഴ ജില്ലാ ലീഗൽ സർവിസ് അതോറിറ്റിയെയോ സംസ്ഥാന ലീഗൽ സർവിസ് അതോറിറ്റിയെയോ സമീപിക്കണമെന്നും കമീഷൻ ഉത്തരവായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.