പോക്സോ കേസ് പ്രതി പ്രവേശനോത്സവത്തിൽ അതിഥിയായ സംഭവം; സ്കൂളിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്, മാപ്പ് പറഞ്ഞ് സംഘാടകർ

തിരുവനന്തപുരം: പോക്സോ കേസ് പ്രതി വ്ലോഗർ മുകേഷ് എം.നായരെ സ്കൂൾ പ്രവേശനോത്സവത്തിൽ അതിഥിയായി പങ്കെടുപ്പിച്ചതിൽ സ്കൂളിന് വീഴ്ച പറ്റിയെന്ന് ഉപജില്ലാ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. മുകേഷ് എം.നായർ സ്കൂളിലെത്തിയത് ഗുരുതരവീഴ്ചയാണെന്നും ഉത്തരവാദിത്തത്തിൽനിന്ന് ഹെഡ്‍മാസ്റ്റർക്ക് ഒഴിയാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി ഹെഡ്മാസ്റ്ററുടെ മൊഴിയെടുത്തിരുന്നു. സ്‌കൂൾ ക്ഷണിച്ചിട്ടല്ല മുകേഷ് പരിപാടിയിൽ പങ്കെടുത്തതെന്നായിരുന്നു പ്രധാനാധ്യാപകന്റെ മൊഴി. സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് എം. നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്നാണ്​ സ്കൂൾ അധികൃതർ വിശദീകരിച്ചത്. പശ്ചാത്തലം അറിയാതെയാണ് വ്ലോഗറെ പങ്കെടുപ്പിച്ചതെന്ന് സംഘടന വിശദീകരിച്ചു. സ്കൂളിനും പ്രധാന അധ്യാപകനുമുണ്ടായ വിഷമത്തിൽ മാപ്പ് ചോദിക്കുന്നെന്നും സംഘടന അറിയിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അർദ്ധനഗ്നയാക്കി വിഡിയോ ചിത്രീകരിച്ച കേസിൽ പ്രതിയാണ് മുകേഷ് എം. നായർ. പോക്സോ കോടതിയിൽനിന്ന് ഉപാധികളോടെ ജാമ്യത്തിലിറങ്ങിയ ഇയാൾ സ്കൂളിൽനിന്ന് പത്താം ക്ലാസ്‌ പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്ക് ഉപഹാരം നൽകാനാണ്‌ എത്തിയത്‌. പോക്സോ കേസിൽ ഉൾപ്പെട്ട അധ്യാപകരെ സർവിസിൽനിന്ന്‌ നീക്കംചെയ്യുന്നതടക്കം കർശന നിലപാടുകൾ പൊതുവിദ്യാഭ്യാസ വകുപ്പ്‌ സ്വീകരിക്കുമ്പോഴാണ്‌ വകുപ്പിനുതന്നെ കളങ്കമുണ്ടാക്കുന്ന സംഭവം.

Tags:    
News Summary - pocso accused mukesh nair vlogger controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.