മഞ്ചേരി: പ്രളയത്തിൽ തകർന്ന ഗ്രാമീണ റോഡുകൾ പുനർനിർമിക്കാൻ പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പി.എം.ജി.എസ്.വൈ) പദ്ധതിയിൽ പെടുത്താൻ ആലോചന. ആറുമീറ്റർ വീതിയും രണ്ട് കിലോമീറ്ററിലേറെ നീളവുമുള്ള പരമാവധി റോഡുകളുടെ പട്ടിക തയാറാക്കി ജില്ല തിരിച്ച് നൽകാൻ ചീഫ് എൻജിനീയർ മുഴുവൻ ജില്ല പഞ്ചായത്തുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ധനത്തിന് ഏർപ്പെടുത്തിയ സെസ് വഴി ലഭിക്കുന്ന വിഹിതം കേരളത്തിന് അവകാശപ്പെട്ടത് ചെലവഴിക്കപ്പെടാതെ കിടക്കുന്നുണ്ട്. ഇതും കേന്ദ്ര വിഹിതവും ചേർത്ത് റോഡുകൾ പുനർനിർമിക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇത് വ്യവസ്ഥാപിതമായി നടക്കുന്നുണ്ട്. എന്നാൽ, കേരളത്തിൽ പുതിയ റോഡുകൾ നിർമിക്കാൻ കഴിയാത്ത സ്ഥിതിയാണ്.
ജില്ല പഞ്ചായത്തുകളുടെ നിയന്ത്രണത്തിലാണ് നിലവിൽ ഇത്തരം റോഡുകളുള്ളത്. കിലോമീറ്ററിന് 80 ലക്ഷം മുതൽ 90 ലക്ഷം രൂപവരെയാണ് എസ്റ്റിമേറ്റ് കണക്കാക്കുക. പുതിയ റോഡ് നിർമിക്കുന്ന രീതിയിൽ കേരളത്തിൽ പ്രളയത്തിൽ തകർന്ന ഗ്രാമീണറോഡുകൾ ഇത്തരത്തിൽ പുനർനിർമിക്കും. പ്രളയത്തിൽ നഷ്ടമായ റോഡുകൾ കേന്ദ്രഫണ്ട് വിനിയോഗിച്ച് പുനർനിർമിക്കാൻ സഹായിക്കുമെന്ന് കേന്ദ്രമന്ത്രി നിധിൻ ഗഡ്കരി ഉറപ്പു പറഞ്ഞിരുന്നു.
നിർമാണശേഷം അഞ്ചുവർഷം വരെ ഗ്യാരൻറി ഉറപ്പുവരുത്തുന്നതാണ് പി.എം.ജി.എസ്.വൈ പദ്ധതികളുടെ കരാർ. സംസ്ഥാനത്ത് തദ്ദേശ വകുപ്പിെൻറ ഭാഗമായി ഗ്രാമവികസന വകുപ്പിലുള്ള എൻജിനീയർമാർ മുഖേന റോഡുകൾ തെരഞ്ഞെടുത്ത് നൽകുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ ആസ്തി രജിസ്റ്ററിലുൾപ്പെട്ട റോഡുകളും സംസ്ഥാന പൊതുമരാമത്ത് വകുപ്പിെൻറ പട്ടികയിൽ ഉൾപ്പെട്ടവയും അടക്കം പുനർനിർമിക്കേണ്ട റോഡുകളുടെ പട്ടിക ഏറെ വലുതാണ്.
ആഗസ്റ്റ് 16 വരെയുള്ള കാലവർഷക്കെടുതി കണക്കാക്കി മലപ്പുറത്ത് മാത്രം പുനർനിർമിക്കുകയോ കുഴിയടക്കുകയോ ചെയ്യേണ്ടതായി 750 കി.മീറ്റർ റോഡ് മരാമത്ത് വിഭാഗം കണക്കാക്കിയിട്ടുണ്ട്. പ്രളയം ഏറെ ബാധിച്ച ആലപ്പുഴ, വയനാട്, എറണാകുളം, കോട്ടയം, തൃശൂർ ജില്ലകളിലും ആനുപാതികമായി ഇതേ രീതിയിലാണ് തകർന്ന റോഡുകൾ. റോഡുകളുടെ വീതികുറവ് ഫണ്ട് ലഭിക്കാൻ തടസ്സമാണ്. പശ്ചാത്തല മേഖലയിൽ ചെലവഴിക്കാൻ തദ്ദേശ സ്ഥാപങ്ങൾക്ക് നൽകുന്ന വിഹിതവും എം.എൽ.എമാരുടെ ആസ്തിവികസന ഫണ്ടും മാത്രമാണ് ഇത്തരം റോഡുകളിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.