കേന്ദ്രവിഹിതത്തേക്കാൾ മൂല്യമുള്ളതാണ് ഭാവിയുടെ വാഗ്‌ദാനങ്ങളായ വിദ്യാർഥികൾ; പി.എം. ശ്രീയിൽ പിന്മാറ്റം അനിവാര്യം -മെക്ക

കൊച്ചി: കേന്ദ്രവിഹിതത്തേക്കാൾ മൂല്യമുള്ളതാണ് ഭാവിയുടെ വാഗ്‌ദാനങ്ങളായ വിദ്യാർഥികളെന്നും പി.എം. ശ്രീയിൽ പിന്മാറ്റം അനിവാര്യമാണെന്നും മെക്ക. മുൻ സർക്കാർ ധാരണാപത്രത്തിൽ ഒപ്പുവച്ചു എന്ന കാരണത്താൽ പിന്മാറ്റം സാധ്യമല്ല എന്ന നിലപാട് തിരുത്തി യു.ഡി.എഫ്. സർക്കാർ സമ്പൂർണമായും പി.എം. ശ്രീയിൽ നിന്ന് പിന്തിരിയണമെന്ന് മെക്ക സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. അലി ആവശ്യപ്പെട്ടു.

കേരളീയ പൊതുസമൂഹത്തിൽ നിലനിൽക്കുന്ന എല്ലാവിധ ആശങ്കകൾക്കും വിവാദങ്ങൾക്കും അറുതിവരുത്തി സർക്കാർ നയവും നിലപാടും വ്യക്തമാക്കണം. മതേതര കേരളത്തെയും ഭാവി തലമുറയെയും വൻ വിപത്തുകളിൽ നിന്ന് രക്ഷിക്കാൻ പിന്മാറ്റം അനിവാര്യമാണ്. കേന്ദ്ര പദ്ധതി വിഹിതത്തേക്കാൾ മൂല്യമുള്ളതാണ് ഭാവിയുടെ വാഗ്‌ദാനങ്ങളായ വിദ്യാർത്ഥികൾ. അതിനാൽ ദീർഘവീക്ഷണത്തോടെ സർക്കാർ ആത്മാർത്ഥതയോടെ പി.എം. ശ്രീയിൽ നിന്നും പിന്മാറണം. പി.എം. ശ്രീയുടെ പേരിൽ യു.ഡി.എഫ്. സർക്കാർ സ്വീകരിക്കുന്ന ക്രിയാത്മകവും വിവേകപൂർവുമായ തീരുമാനത്തിനായി കാത്തിരിക്കുകയാണ് മതേതര കേരളം. എന്തുവിലകൊടുത്തും യു.ഡി.എഫ്. സർക്കാർ പദ്ധതിയിൽ നിന്ന് ധീരമായി പിന്മാറണം എന്ന് എൻ.കെ. അലി സർക്കാരിനോട് അഭ്യർഥിച്ചു.

അതേസമയം പി.എം. ശ്രീയെ ചൊല്ലി യു.ഡി.എഫിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പദ്ധതി സംബന്ധിച്ച് എല്ലാം തീരുമാനിച്ചെന്ന യു.ഡി.എഫ്. കൺവീനറുടെ ആദ്യ പ്രതികരണവും പിന്നാലെ പിന്നോട്ടുപോകുന്നതടക്കം ചർച്ച ചെയ്യുന്നെന്ന മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണവും യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കി. ആദ്യം നടത്തിയ പ്രതികരണം മുന്നണി കൺവീനർ അടൂർ പ്രകാശ് തിരുത്തിയെങ്കിലും പാർട്ടിയിലെ ആഭ്യന്തര വിമർശനങ്ങൾ തീർക്കാൻ ലീഗ് നേതാക്കൾ കോൺഗ്രസിനെ പഴിക്കുകയാണെന്ന വിമർശനവും കോൺഗ്രസ് ഉന്നയിക്കുന്നു. ആ സാഹചര്യത്തിൽ മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ട് വൈകിപ്പിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നാണ് വിവരം. സർക്കാറോ മുന്നണിയോ ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാത്ത സാഹചര്യത്തിൽ മുന്നണി നേതാക്കൾ പരസ്യപ്രതികരണം നടത്തുന്നത് ശരിയല്ലെന്ന അഭിപ്രായമാണ് കോൺഗ്രസിന് ഉള്ളത്.

മുന്നണിയുടെ ശ്രീ തന്നെ കെടുത്തും വിധത്തിലാണ് പി.എം. ശ്രീയുമായി ബന്ധപ്പെട്ട് ഇപ്പോൾ യു.ഡി.എഫിലുണ്ടായ അപ്രതീക്ഷിത പ്രശ്നങ്ങൾ. കഴിഞ്ഞ ജൂൺ 17ന് ചേർന്ന മന്ത്രിസഭായോഗമാണ് ഉപാധികളോടെ പദ്ധതിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചത്. അതിനായി മന്ത്രിസഭാ ഉപസമിതിയെയും ചുമതലപ്പെടുത്തി. മുസ്ലിം ലീഗ് പ്രതിനിധിയായ വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് സമിതി അധ്യക്ഷൻ. കേന്ദ്രസർക്കാറിന് മുന്നിൽ വെക്കേണ്ട ഉപാധികളെക്കുറിച്ച് സമിതി രണ്ട് തവണ യോഗം ചേർന്ന് ചർച്ച ചെയ്തു. സിലബസിലടക്കം ഇളവ് തേടി ഉടൻ കേന്ദ്രത്തെ സമീപിക്കുമെന്ന നിലയിൽ നടപടി നീങ്ങുന്നതിനിടെയാണ് ഇപ്പോൾ മുന്നണിയിൽ പ്രശ്നങ്ങളുണ്ടായത്.

അതിനിടെയാണ് വിഷയത്തിൽ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശ് അനാവശ്യ ധൃതി കാട്ടിയെന്നതിൽ ലീഗ് അതൃപ്തി തുറന്നുകാട്ടിയത്. എന്നാൽ, ലീഗ് നിലപാടുകളാണ് പ്രശ്നമെന്നാണ് കോൺഗ്രസിലുയരുന്ന അഭിപ്രായം. പദ്ധതിയുമായി മുന്നോട്ടുപോകേണ്ടിവരുമെന്ന് വിദ്യാഭ്യാസ മന്ത്രി പലതവണ പരസ്യമായി പറഞ്ഞിട്ടും ലീഗ് കാലുമാറിയെന്ന കുറ്റപ്പെടുത്തലും കോൺഗ്രസിനുണ്ട്.

Tags:    
News Summary - പി.എം. ശ്രീയിൽ പിന്മാറ്റം അനിവാര്യം -മെക്ക

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.