പ്രളയജലത്തിൽ മുങ്ങിയതോടെ ഭിത്തി വിണ്ടുകീറിയ ചമ്പക്കുളം പഞ്ചായത്ത് ഏഴാംവാർഡിലെ സുലേഹ ഹരീന്ദ്രന്‍റെ വീട്

പ്രളയസഹായം പാതിവഴിയിൽ; 52 ദിവസം കഴിഞ്ഞിട്ടും പണം ലഭിക്കാതെ ദുരിതബാധിതർ

ആലപ്പുഴ: വെള്ളപ്പൊക്ക ദുരിതബാധിതർക്ക്‌ സർക്കാർ പ്രഖ്യാപിച്ച അടിയന്തരസഹായം എങ്ങുമെത്തിയില്ല. പ്രളയബാധിത പ്രദേശങ്ങളായ കുട്ടനാട്, ചെങ്ങന്നൂർ അടക്കമുളള മേഖലകളിലാണ് വിതരണം പാതിവഴിയിൽ നിൽക്കുന്നത്. ദുരിതാശ്വാസത്തിനായി അപേക്ഷ നൽകിയ 48,000 കുടുംബങ്ങളിൽ 7000 പേർക്ക് മാത്രമാണ് തുക കൈമാറിയത്‌. ഇതിൽ മിക്കവരുടെയും അക്ക‍ൗണ്ടിൽ തുക എത്തിയിട്ടില്ലെന്ന് പരാതിയുണ്ട്. വെള്ളപ്പൊക്ക ദുരിതത്തിൽ നാശമുണ്ടായ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച 10,000 രൂപയാണ്‌ 52 ദിവസം പിന്നിട്ടിട്ടും ലഭിക്കാത്തത്‌.

ആനുകൂല്യം അർഹതപ്പെട്ടവരിലേക്ക് എത്തുന്നതിന് വ്യക്തികളുടെ അക്കൗണ്ട് അടക്കമുള്ള വിവരങ്ങളുടെ സൂക്ഷ്മപരിശോധനക്കായി സമയം വേണ്ടിവരുമെന്നാണ് അധികൃതരുടെ വിശദീകരണം. വില്ലേജിലെയും താലൂക്കിലെ പരിശോധന കഴിഞ്ഞാലും കലക്ടറേറ്റിലെ രണ്ടുഘട്ടങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ തുക അക്കൗണ്ടിലെത്തൂ. നമ്പർ വ്യത്യാസമുണ്ടെങ്കിൽ തുക തിരിച്ചുവരും. ഒരുദിവസം പരമാവധി 1200ൽ കൂടുതൽ ബില്ലുകൾ പാസാക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

അതേസമയം, പ്രളയസഹായം തേടി ഇപ്പോഴും സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്‌ ദുരിതബാധിതർ. നാശനഷ്‌ടം സംബന്ധിച്ച്‌ വില്ലേജ്‌ ഓഫിസർമാരുടെയും പഞ്ചായത്ത്‌ സെക്രട്ടറിമാരുടെയും തഹസിൽദാർമാരുടെയും റിപ്പോർട്ടുകൾ കലക്ടറേറ്റിൽ എത്തിയിട്ടുണ്ട്‌. ഇതിനിടെ ഫീല്‍ഡ് ലെവല്‍ പരിശോധന പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്‌.

ജില്ലയില്‍ മൂന്നുതാലൂക്കുകളിലായി ലക്ഷത്തിലധികം വീടുകളിലാണ് വെള്ളം കയറിയത്. കുട്ടനാട്, ചെങ്ങന്നൂര്‍ താലൂക്കുകളിലാണ് കൂടുതല്‍ നാശനഷ്‌ടം. കുട്ടനാട്ടില്‍മാത്രം 40,000 വീടുകളില്‍ വെള്ളംകയറി എന്നാണ് കണക്ക്. കലക്ടറേറ്റിൽനിന്നാണ്‌ ദുരിതബാധിതരുടെ അക്ക‍ൗണ്ടിലേക്ക്‌ പണം നൽകേണ്ടത്‌. എന്നാൽ, തുക പ‍ൂർണമായും സർക്കാർ അനുവദിച്ചിട്ടില്ല. 2018ൽ പ്രളയമുണ്ടായപ്പോൾ എൽ.ഡി.എഫ്‌ സർക്കാർ അതിവേഗം സഹായം ലഭ്യമാക്കിയിരുന്നു. വെള്ളംകയറിയ എല്ലാവീടുകൾക്കും ആശ്വാസധനമായി 10,000 രൂപയും തൊഴിൽനഷ്ടത്തിന് 300രൂപയും നൽകുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപനം. കൂടാതെ, വെള്ളം കയറി നശിച്ച വ്യാപാരസ്ഥാപനങ്ങൾക്ക് പ്രഖ്യാപിച്ച 10,000 രൂപയും നൽകുമെന്നാണ് പറഞ്ഞത്.

ചമ്പക്കുളം പഞ്ചായത്ത് ഏഴാംവാർഡിൽ താമസിക്കുന്ന സുലേഹ ഹരീന്ദ്രൻ, ഇന്ദിര, ലക്ഷ്മണൻ, പ്രശാന്ത് എന്നിവർക്ക് ഇനിയും പണം കിട്ടിയിട്ടില്ല. 2018 പ്രളയസമാനരീതിയിലാണ് ഇത്തവണയും വെള്ളപ്പൊക്കമുണ്ടായത്. പ്രദേശത്തെ പല വീടുകളും പൂര്‍ണമായി നശിച്ച അവസ്ഥയിലാണ്. വിണ്ടുകീറി ഏത് സമയവും നിലംപൊത്തുമെന്ന വീടുകളിലാണ് ആളുകൾ ഇപ്പോഴും കഴിയുന്നത്.

കോട്ടയത്തെ കിഴക്കൻ മേഖയിൽ മലവെള്ളപ്പാലിച്ചിലും മണ്ണിടിച്ചിലും വിതച്ച ദുരിതത്തിന്‍റെ ആഘാതം കുട്ടനാട്ടിലേക്ക് എത്തുമെന്ന ഭീതിയിലാണ് ഇവർ കഴിയുന്നത്. കുട്ടനാടിനെ മുക്കിയ ജലപ്രളയത്തെ അതിജീവിക്കാൻ കഴിയാതെയാണ് ഇവരുടെ താമസം. അന്ന് ഉയർത്തിവെച്ച കട്ടിലുകൾ ഇപ്പോഴും താഴ്ത്തിവെച്ചിട്ടില്ല. മഴകനത്താൽ സമീപത്തെ കൈതോട്ടിൽനിന്നും പാടശേഖരത്തിൽനിന്നും ജലം വീണ്ടും ഇരച്ചെത്തുമോയെന്ന ആധിയാണ് പ്രദേശവാസികൾക്ക്.

Tags:    
News Summary - Flood Relief Delayed, Victims Await Aid After 52 Days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.