കോഴിക്കോട്: മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കോഴിക്കോട് ഡി.ഡി.ഇ ഓഫിസ് ഉപരോധിച്ച ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാക്കളെ റിമാൻഡ് ചെയ്തു.
ജില്ലയിൽ താലൂക്ക് അടിസ്ഥാനത്തിൽ സ്ഥിരം പ്ലസ് വൺ ബാച്ചുകൾ അനുവദിക്കുക, പ്രഫ. കാർത്തികേയൻ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ് ഫ്രറ്റേണിറ്റി DDE ഓഫീസ് ഉപരോധിച്ചത്. ഇന്ന് മലപ്പുറം ജില്ലയിൽ കലക്‌ടറേറ്റ് മാർച്ച് നടക്കുന്നുണ്ട്. മുഴുവൻ ജില്ലകളിലും പ്രതിഷേധങ്ങൾ സംഘടിപ്പിക്കുമെന്നും ആനുപാതിക സ്ഥിരം ബാച്ചുകളെന്ന ശാശ്വത പരിഹാരത്തിലേക്ക് സർക്കാർ എത്തുംവരെ പ്രതിഷേധങ്ങൾ തുടരുമെന്നും ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു.
ഹൈസ്കൂളുകളെ ഹയർ സെക്കൻഡറികളായി അപ്ഗ്രേഡ് ചെയ്യാവുന്ന 20 സ്‌കൂളുകൾ മലപ്പുറം ജില്ലയിൽ മാത്രമുണ്ട്. എന്തുകൊണ്ടാണ് സർക്കാർ അത്തരം നടപടികളിലേക്ക് പ്രവേശിക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
കോഴിക്കോട് DDE ഓഫീസ് ഉപരോധത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് സഈദ് ടി.കെ, കോഴിക്കോട് ജില്ല പ്രസിഡൻ്റ് മുജാഹിദ് മേപ്പയൂർ, ജനറൽ സെക്രട്ടറിമാരായ റഈസ് കുണ്ടുങ്ങൽ, അഫ്നാൻ വേളം, സെക്രട്ടറി മുബശ്ശിർ ചെറുവണ്ണൂർ, നിദാൽ സിറാജ് എന്നിവരാണ് റിമാൻഡിലായത്.
തിങ്കളാഴ്ച രാത്രി 11.30 ഓടെ പൊലീസ് നേതാക്കളെ കോടതിയിൽ ഹാജരാക്കി. ശേഷം ജില്ല ജയിലിലേക്ക് കൊണ്ടുപോയി. അന്യായ അറസ്റ്റിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം നടത്തുമെന്ന് ഫ്രറ്റേണിറ്റി നേതാക്കൾ അറിയിച്ചു.
മലബാറിലെ ഹയർ സെക്കൻഡറി സീറ്റ് ക്ഷാമം ഇത്തവണയും രൂക്ഷമാകുന്നു. കാസർഗോഡ് മുതൽ പാലക്കാട് വരെയുള്ള ആറ് ജില്ലകളിലായി 72,718 വിദ്യാർഥികൾക്കാണ് പ്ലസ് വൺ പ്രവേശനം പ്രതിസന്ധിയിലായിരിക്കുന്നത്. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്താണ് സ്ഥിതി കൂടുതൽ ഗുരുതരം. ഇവിടെ മാത്രം കാൽ ലക്ഷത്തോളം കുട്ടികൾക്ക് തുടർപഠനത്തിന് അവസരം ലഭിച്ചേക്കില്ല.
മലബാറിലെ ആറ് ജില്ലകളിലായി പ്ലസ് വണ്ണിന് ആകെ 1,70,735 സീറ്റുകളാണുള്ളത്. എന്നാൽ ഇത്തവണ 2,43,453 വിദ്യാർഥികളാണ് അപേക്ഷിച്ചത്. അതായത്, ആകെയുള്ള അപേക്ഷകരിൽ 72,718 പേർക്ക് പ്ലസ് വൺ പ്രവേശനംത്‍ലഭിക്കില്ല. ആദ്യ അലോട്ട്മെന്റ് പൂർത്തിയായപ്പോൾ കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലായി ഇതുവരെ 1,25,968 വിദ്യാർഥികൾക്ക് പ്രവേശനം ലഭിച്ചു. ഇനി ഈ ജില്ലകളിൽ ആകെ ബാക്കിയുള്ളത് 44,767 സീറ്റുകൾ മാത്രമാണ്.
ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറം ജില്ലയിലാണ് സീറ്റ് പ്രതിസന്ധി ഏറ്റവും കൂടുതൽ. 82,753 കുട്ടികൾ അപേക്ഷ നൽകിയ മലപ്പുറത്ത് ആകെയുള്ളത് 57,855 സീറ്റുകൾ മാത്രമാണ്. 24,898 വിദ്യാർഥികൾക്കാണ് ജില്ലയിൽ മാത്രം ഹയർ സെക്കൻഡറി വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നത്.
മാർജിനൽ ഇൻക്രീസ് എന്ന പേരിൽ നടപ്പിലാക്കുന്ന താൽക്കാലിക സീറ്റ് വർധനവ് കൊണ്ട് മാത്രം മലബാറിലെ സീറ്റ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകില്ല. സർക്കാർ, എയ്ഡഡ് മേഖലകളിൽ പുതിയ ബാച്ചുകളും സീറ്റുകളും അനുവദിക്കുകയാണ് ഇതിനുള്ള പ്രായോഗികമായ പോംവഴി. പ്രതിപക്ഷത്തിരിക്കുമ്പോൾ മലബാറിലെ സീറ്റ് പ്രതിസന്ധിക്കെതിരെ ശക്തമായ സമരം ചെയ്തവർ ഭരണത്തിലിരിക്കുമ്പോൾ ഇക്കാര്യത്തിൽ എന്ത് തീരുമാനമെടുക്കും എന്നാണ് വിദ്യാർഥികളും രക്ഷിതാക്കളും ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.