വ്യാജ 'മീഡിയ'യുടെ അതിക്രമം; സ്വകാര്യത ലംഘിച്ചാൽ നിയമനടപടിയെന്ന് അഡ്വ. ഫാത്തിമ തഹിലിയ എം.എൽ.എ

കോഴിക്കോട്: പൊതുപ്രവർത്തനത്തിനിടെ തനിക്കെതിരെ നടക്കുന്ന സ്വകാര്യതാ ലംഘനങ്ങൾക്കും വ്യാജമാധ്യമ ഇടപെടലുകൾക്കുമെതിരെ ശക്തമായ മുന്നറിയിപ്പുമായി പേരാമ്പ്ര എം.എൽ.എ അഡ്വ. ഫാത്തിമ തഹിലിയ. സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി യാതൊരു തിരിച്ചറിയൽ രേഖകളുമില്ലാതെ 'മീഡിയ' എന്ന ലേബലിൽ എത്തുന്നവർ നടത്തുന്ന ചിത്രീകരണം വ്യക്തിജീവിതത്തിന് ഭീഷണിയാണെന്ന് അവർ വ്യക്തമാക്കി.

ഔദ്യോഗിക പരിപാടികളിൽ സംഘാടകർ നിയോഗിക്കുന്ന ഫോട്ടോഗ്രാഫർമാർക്ക് പുറമെ, അനധികൃതമായി എത്തുന്നവർ വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും വളച്ചൊടിച്ച് തെറ്റിദ്ധാരണാജനകമായ രീതിയിൽ പ്രചരിപ്പിക്കുകയാണെന്ന് എം.എൽ.എ ചൂണ്ടിക്കാട്ടി. ഇത്തരം ദൃശ്യങ്ങൾ അനാവശ്യമായ നെഗറ്റിവിറ്റി സൃഷ്ടിക്കുകയും സാമ്പത്തിക ലാഭത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നത് അതീവ അപലപനീയമാണ്. താനുമായി ബന്ധപ്പെട്ട ഇത്തരം ചാനലുകൾക്ക് തന്റെ പി.ആർ പ്രവർത്തനങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും അവർ വ്യക്തമാക്കി.

പൊതുഇടങ്ങളിൽ ആണെങ്കിൽ പോലും ഒരു വ്യക്തിക്ക് സ്വകാര്യതയുണ്ടെന്നും, അത് ലംഘിച്ച് മൊബൈൽ ഫോണുമായി സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ലെന്നും ഫാത്തിമ തഹിലിയ പറഞ്ഞു. തന്നോടൊപ്പം ഉള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടിയാണിത്. ഇത്തരം പാപ്പരാസി രീതികൾ തുടർന്നാൽ, ഇത് 'സ്റ്റാക്കിങ്' ആയും സ്വകാര്യതാ ലംഘനമായും കണ്ട് കർശനമായ നിയമനടപടികളിലേക്ക് നീങ്ങുമെന്നും എം.എൽ.എ ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകി.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

എന്നെ ലക്ഷ്യമാക്കി, എന്റെ സ്വകാര്യത ലംഘിക്കുന്ന പാപ്പരാസി വീഡിയോ പ്രവർത്തനങ്ങളോട്:

ഒരു ജനപ്രതിനിധി എന്ന നിലയിൽ, ദിവസേന നിരവധി പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് എന്റെ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ്. അത്തരം പരിപാടികളിൽ സംഘാടകർ ഔദ്യോഗികമായി ഫോട്ടോയും വീഡിയോ ചിത്രീകരണത്തിനുമായി ആളുകളെ ചുമതലപ്പെടുത്താറുണ്ട്.

എന്നാൽ, ചില സാഹചര്യങ്ങളിൽ സോഷ്യൽ മീഡിയ പോസ്റ്ററുകൾ മാത്രം അടിസ്ഥാനമാക്കി, യാതൊരു തിരിച്ചറിയൽ അടയാളങ്ങളുമില്ലാതെ “മീഡിയ” എന്ന പേരിൽ ചിലർ പരിപാടികളിൽ ഇടപെടുകയും ചിത്രീകരണങ്ങൾ നടത്തുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആരാണ് സംഘാടകർ നിയോഗിച്ചവർ, ആരാണ് അനധികൃതമായി ഇടപെടുന്നവർ എന്നത് പലപ്പോഴും തിരിച്ചറിയാനാകാത്ത സാഹചര്യമാണുണ്ടാകുന്നത്.

ഈ സാഹചര്യത്തെ ദുരുപയോഗം ചെയ്ത്, വ്യക്തിപരമായ സംഭാഷണങ്ങളും സ്വാഭാവിക ഇടപെടലുകളും സ്വകാര്യ നിമിഷങ്ങളും വളച്ചൊടിച്ച ദൃശ്യങ്ങളാക്കി പകർത്തി, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പ്രചരിപ്പിക്കുന്നത് ഗുരുതരമായ സ്വകാര്യതാ ലംഘനമാണ്.

സാധാരണ ജീവിതത്തിലെ ലളിതമായ നിമിഷങ്ങളെ പോലും വിചിത്രവും ഉദ്ദേശ്യബോധമുള്ളതുമായ ക്യാപ്ഷനുകൾ നൽകി sensationalize ചെയ്യുകയും, അനാവശ്യ പ്രതികരണങ്ങളും നെഗറ്റിവിറ്റിയും സൃഷ്ടിക്കുകയും, അതിനെ monetise ചെയ്ത് ലാഭമാക്കുകയും ചെയ്യുന്ന പ്രവണത അതീവ അപലപനീയമാണ്.

ഇത്തരം ചാനലുകൾ എന്റെ പി.ആർ പ്രവർത്തനങ്ങളുടെ ഭാഗമാണെന്ന തരത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾക്കും യാതൊരു അടിസ്ഥാനവുമില്ലെന്ന് ഞാൻ വ്യക്തമായി അറിയിക്കുന്നു.

പൊതുഇടങ്ങളിലാണെങ്കിൽ പോലും, ഒരു വ്യക്തിക്ക് അവരുടേതായ സ്വകാര്യതയുണ്ട്. അത് മാനിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. യാതൊരു code of conduct-ഉം പാലിക്കാതെ, ഒരു മൊബൈൽ ഫോണുമായി എത്തി ഒരാളുടെ സ്വകാര്യ ഇടങ്ങളിലേക്ക് അതിക്രമിച്ച് കടക്കുന്നത് അംഗീകരിക്കാനാവില്ല.

ഇത് എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം മാത്രമല്ല; എന്നോടൊപ്പമുള്ള വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള അതിക്രമവും കൂടിയാണ്.

മനുഷ്യന്റെ സ്വകാര്യത ലംഘിക്കുകയും, ഉദ്ദേശപൂർവ്വം അപമാനിക്കാനും പ്രകോപിപ്പിക്കാനും ശ്രമിക്കുന്ന ഇത്തരം പ്രവർത്തനങ്ങൾ ഒരിക്കലും ഉൾക്കൊള്ളാനാവില്ല.

ഇത്തരത്തിലുള്ള പാപ്പരാസി രീതികൾ തുടർന്നാൽ, അത് വ്യക്തമായ stalking-ഉം privacy violation-ഉം ആയി കണക്കാക്കി ആവശ്യമായ നിയമനടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് വ്യക്തമാക്കുന്നു.

Tags:    
News Summary - MLA Adv. Fathima Thahiliya Warns Against Unauthorized Paparazzi Intrusion and Privacy Invasion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.