കെ.എസ്.ആർ.ടി.സിയിൽ ആശ്രിതനിയമനത്തിന് നീക്കം: പി.എസ്.സി ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നു

കോഴിക്കോട്: കെ.എസ്.ആർ.ടി.സിയിൽ ആശ്രിതനിയമനത്തിന് നീക്കമെന്ന് ആരോപണം. പി.എസ്.സി റാങ്ക് പട്ടികയുടെ കാലാവധി തീരാൻ ആറുമാസം അവശേഷിക്കേ ആശ്രിതനിയമനം നടത്തുന്നത് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയാകുന്നു. ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്കായി കേരള പി.എസ്.സിയുടെ പ്രിലിമിനറി, മെയിൻസ് അടക്കമുള്ള പരീക്ഷകൾ പാസായി റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളാണ് സർക്കാരിന്റെ ആശ്രിതനിയമനത്തിൽ പ്രതിസന്ധിയിലായത്. റാങ്ക് പട്ടിക നിലവിലിരിക്കെ ആശ്രിതനിയമനത്തിന് കൂടുതൽ പ്രാധാന്യം നൽകാനാണ് സർക്കാർ ശ്രമം.

ഭരണ പരിഷ്കാര വകുപ്പിന്റെ ഉത്തരവ് പ്രകാരം ഒഴിവുകളുടെ 95 ശതമാനം പി.എസ്.സി വഴി നികത്തുമ്പോൾ 5 ശതമാനം മാത്രമാണ് ആശ്രിതനിയമനം വഴി നികത്താൻ പാടുള്ളൂ. എന്നാൽ, ഈ അനുപാതം പൂർണമായും അട്ടിമറിച്ചാണ് കെ.എസ്.ആർ.ടി.സിയിൽ നിയമനനീക്കം നടക്കുന്നത്. കെ.എസ്.ആർ.ടി.സിയിലേക്കായി 419 പേരുടെ ആശ്രിതനിയമന പട്ടിക തയാറാക്കിയിട്ടുണ്ട്. ഇതിൽ ആദ്യ ഘട്ടത്തിൽ 150 പേരെ നേരിട്ട് നിയമിക്കാനുള്ള നടപടിയാണ് പുരോഗമിക്കുന്നത്.

ആശ്രിതനിയമനത്തിനായി സൂപ്പർ ന്യൂമററി തസ്തികകൾ സൃഷ്ടിക്കാമെങ്കിലും പിന്നീടുള്ള 5 ശതമാനം ഒഴിവ് ക്രമപ്പെടുത്താൻ കഴിയുന്ന തരത്തിൽ തസ്തിക സൃഷ്ടിക്കാൻ പാടുള്ളൂവെന്നാണ് നിയമം. ഇത് അട്ടിമറിച്ചാണ് ആശ്രിത നിയമന നീക്കം. 10 വർഷത്തിന് ശേഷമാണ് കെ.എസ്.ആർ.ടി.സിയിൽ ആശ്രിത നിയമനം നടക്കുന്നത്. ഇതിനായി തയാറാക്കിയ പട്ടിക പരിശോധനക്കായി എല്ലാ ഓഫിസുകളിലേക്കും അയച്ചിട്ടുണ്ട്.

അതേസമയം, കെ.എസ്.ആർ.ടി.സിയിൽ നടപ്പാക്കിയ പ്രിയദർശിനി സൗജന്യ യാത്രയുടെ ആദ്യദിനമായ ഇന്നലെ ബസുകൾ ഹൗസ്ഫുള്ളായി. 13,29,938 സ്ത്രീ യാത്രികരാണ് ഓർഡിനറി ബസുകളെ ആശ്രയിച്ചത്. ജൂൺ എട്ടിന് യാത്ര ചെയ്തത് 7,34,693 പേരായിരുന്നു. 5,95,245 വനിതാ യാത്രക്കാരാണ് വർധിച്ചത്. 81 ശതമാനം വർധനയാണ് ഉണ്ടായത്. രാത്രി 10 മണി വരെ ഓർഡിനറി ബസുകളിൽ സഞ്ചരിച്ചവരുടെ കണക്കാണ് കെ.എസ്.ആർ.ടി.സി പുറത്തുവിട്ടത്. എന്നാൽ, പുരുഷന്മാരുടെ എണ്ണം കുറഞ്ഞു. 6,94,799 പുരുഷന്മാർ ഓർഡിനറി ബസിൽ സഞ്ചരിച്ചപ്പോൾ ഇന്നലെ അത് 2,26,073 ആയി കുറഞ്ഞു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് 67 ശതമാനം കുറവ്.

1,59,56,801 രൂപയുടെ സീറോ ടിക്കറ്റാണ് ആദ്യദിനം നൽകിയത്. ഇന്നലെ ഓർഡിനറി ബസുകളിൽനിന്ന് 2,79,99,751 രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് മൊത്ത വരുമാനമായി ലഭിച്ചത്. അതിൽ സീറോ ടിക്കറ്റിന്റെ തുക കെ.എസ്.ആർ.ടി.സിക്ക് സർക്കാർ തിരിച്ചു കൊടുക്കണം. ഇന്നലെ പല ഡിപ്പോകളിലും നല്ല തിരക്കുണ്ടായിരുന്നു. പൊതുവേ തിങ്കളാഴ്ചകളിൽ കെ.എസ്.ആർ.ടി.സിക്ക് എട്ടു കോടിയോളം വരുമാനം ലഭിക്കുന്ന ദിവസമാണ്. ഉദ്ഘാടന പരിപാടിയും മറ്റും നടന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്രയും വർധന രേഖപ്പെടുത്തിയത്.

Tags:    
News Summary - Move to make dependent appointments in KSRTC: PSC candidates suffer setback, dependent appointments are made with only six months left before the rank list expires

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.