കണ്ണൂർ: എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ, എൽ.ഡി.എഫ് സർക്കാറിൽ പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി. ശശിയുടെ വക്കീല്‍ നോട്ടീസ്. ശശി നിയന്ത്രിച്ച ഓഫിസാണ് രണ്ടാം പിണറായി സര്‍ക്കാറിന്റെ അന്തകനെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. തേജോവധം ചെയ്യാൻ ദുരുദ്ദേശത്തോടെ പടച്ചുണ്ടാക്കിയ ആരോപണമാണെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ശശിയുടെ ആവശ്യം. അഡ്വ. കെ. വിശ്വൻ മുഖേനയാണ് വക്കീൽ നോട്ടീസ് അയച്ചത്.
പി. ശശിയുടെ ധാർഷ്ട്യം എന്താണെന്ന് എല്ലാവർക്കും അറിയാമെന്നും അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ഒരു പാരലൽ ഭരണം അദ്ദേഹം ഉണ്ടാക്കിയെന്നും പൊലീസിനെ അടക്കം ദുരുപയോഗം ചെയ്തുവെന്നും വെള്ളാപ്പള്ളി വിമർശിച്ചിരുന്നു. നേരത്തെ, മുന്‍ എം.എല്‍.എ പി.വി. അന്‍വറും ഇതുപോലുള്ള ആരോപണങ്ങള്‍ ഉന്നയിച്ചപ്പോൾ അവ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ശശി മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്തിരുന്നു. ആരോപണങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീല്‍ നോട്ടീസിന് അന്‍വര്‍ മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് കോടതിയില്‍ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.
നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് ഭരണം നഷ്ടപ്പെട്ടതിനു പിന്നാലെ, സി.പി.എമ്മിനെ പലതവണയായി വെള്ളാപ്പള്ളി വിമർശിച്ചിട്ടുണ്ട്. കോടിയേരി ബാലകൃഷ്ണനെ പോലെ ഒരാളുടെ സാന്നിധ്യം സി.പി.എമ്മിന്റെ അപചയത്തിന് കാരണമാണ്. സി.പി.എം അവരുടെ മുഖം കണ്ണാടിയിൽ പോലും കാണുന്നില്ല. അതാണ് പ്രശ്നങ്ങൾക്കെല്ലാം കാരണമെന്ന് തോന്നുന്നതായും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടിരുന്നു.
അതേസമയം, സമുദായത്തിന്റെ കാര്യങ്ങളും സാമൂഹിക സത്യങ്ങളും ഉച്ചത്തിൽ പറയും. അതിൽ ആരും പരിഭവിച്ചിട്ട് കാര്യമില്ലെന്നാണ് വിമർശനമുന്നയിക്കുന്നതിനുള്ള കാരണമായി വെള്ളാപ്പള്ളി പറയുന്നത്. തന്നെ തള്ളിപ്പറഞ്ഞ് സി.പി.എം നന്നാവുകയാണെങ്കിൽ അതിൽ ബലിയാടാകാൻ തനിക്ക് സന്തോഷമേയുള്ളൂവെന്നും പ്രതികരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.