കെ.എസ്.ആർ.ടി.സി സൗജന്യ യാത്രയുടെ ആഘാതം; സ്വകാര്യ ബസുകളിൽ സ്ത്രീ യാത്രക്കാർ കുറഞ്ഞു

തിരുവനന്തപുരം: പ്രിയദർശിനി പദ്ധതിയുടെ ആദ്യദിനം വിജയമായപ്പോൾ കലക്ഷൻ ഇടിഞ്ഞ് സ്വകാര്യ ബസ് മേഖല. സ്ത്രീകൾ കെ.എസ്.ആർ.ടി.സിയെ ആശ്രയിച്ചപ്പോൾ സ്വകാര്യ ബസുകളിൽ തിരക്കൊഴിഞ്ഞു. 60 ശതമാനം സ്ത്രീ യാത്രക്കാരെ നഷ്ടപ്പെട്ടെന്നാണ് സ്വകാര്യ ബസുടമകളുടെ കണക്കുകൂട്ടൽ. പ്രിയദർശിനി പദ്ധതി തരംഗവും ഇന്നലെ ആദ്യദിനമായതും സ്വകാര്യ ബസുകളുടെ കലക്ഷൻ ഇടിയാൻ കാരണമായി.

ചങ്ങനാശേരി സ്റ്റാൻഡിലും ബസുകളിലും തിരക്ക് കുറവായിരുന്നു. ആലപ്പുഴ, പത്തനംതിട്ട ജില്ലകളുടെ അതിർത്തി കൂടിയായ ചങ്ങനാശേരിയിൽ 160ൽ അധികം സ്വകാര്യ ബസുകളാണ് സർവിസ് നടത്തുന്നത്. ആലപ്പുഴ-ചങ്ങനാശേരി റൂട്ടിൽ കെ.എസ്.ആർ.ടി.സിയാണ് ഓടുന്നത്. കോട്ടയം-തിരുവല്ല എം.സി റോഡും വാഴൂർ റോഡിലൂടെയുള്ള കിഴക്കൻ മേഖലയും പത്തനംതിട്ട ജില്ലയിലേക്കുള്ള കവിയൂർ റോഡുമാണ് സ്വകാര്യ ബസുകളുടെ പ്രധാന വരുമാന റൂട്ട്.

കിഴക്കൻ മേഖലയിലേക്ക് കാര്യമായി കെ.എസ്.ആർ.ടി.സി ഓർഡിനറി സർവിസ് നടത്തുന്നില്ല. കോട്ടയം-കറുകച്ചാൽ-കോഴഞ്ചേരി റൂട്ടിൽ കെ.എസ്.ആർ.ടി.സി തുടർച്ചയായി സർവിസ് നടത്തുന്നുണ്ട്. ഈ റൂട്ടിൽനിന്ന് കൂടുതൽ യാത്രക്കാരെ നഷ്ടപ്പെട്ടതായും സ്വകാര്യ ബസ് ഉടമകൾ പറയുന്നു. എം.സി റോഡിലൂടെ കോട്ടയം-തിരുവല്ല റൂട്ടിൽ സർവിസ് നടത്തിയ പല സ്വകാര്യ ബസുകളിലും ഇന്നലെ സ്ത്രീയാത്രക്കാരുടെ തിരക്കുണ്ടായിരുന്നില്ല.

സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ സ്വകാര്യ ബസ് മേഖലക്ക് അനുകൂലമായ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ബസ് ഉടമകളുടെ സംഘടനയുടെ പ്രതീക്ഷ. വിദ്യാർഥികളുടെ സൗജന്യ യാത്രാനിരക്ക് 5 രൂപയായി വർധിപ്പിക്കുക, നികുതിഭാരം ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ.

അതേസമയം, കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്കുള്ള സൗജന്യ യാത്രയിലെ ആദ്യദിനത്തിൽ 13,29,938 സ്ത്രീ യാത്രികരാണ് ഓർഡിനറി ബസിനെ ആശ്രയിച്ചത്. ജൂൺ എട്ടിന് യാത്ര ചെയ്തത് 7,34,693 പേരായിരുന്നു. 5,95,245 വനിതാ യാത്രക്കാരാണ് വർധിച്ചത്. 81 ശതമാനം വർധനവാണുണ്ടായത്. ഇന്നലെ രാത്രി 10 മണി വരെ ഓർഡിനറി ബസുകളിൽ സഞ്ചരിച്ചവരുടെ കണക്കാണ് ഇപ്പോൾ കെ.എസ്.ആർ.ടി.സി പുറത്തുവിട്ടത്. കഴിഞ്ഞ തിങ്കളാഴ്ചയും ഇന്നലെയും താരതമ്യപ്പെടുത്തിയുള്ള പട്ടികയിൽ പുരുഷന്മാരുടെ എണ്ണം കുത്തനെ കുറഞ്ഞു. ജൂൺ എട്ടിന് 6,94,799 പുരുഷന്മാർ ഓർഡിനറി ബസിൽ സഞ്ചരിച്ചപ്പോൾ ഇന്നലെ അത് 2,26,073 ആയി കുറഞ്ഞു. 67 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.

1,59,56,801 രൂപയുടെ സീറോ ടിക്കറ്റാണ് ആദ്യദിനം നൽകിയത്. ഇന്നലെ ഓർഡിനറി ബസുകളിൽ നിന്ന് 2,79,99,751 രൂപയാണ് കെ.എസ്.ആർ.ടി.സിക്ക് ആകെ വരുമാനമായി ലഭിച്ചത്. അതിൽ സീറോ ടിക്കറ്റിന്റെ തുക കെ.എസ്.ആർ.ടി.സിക്ക് സർക്കാർ തിരിച്ചു നൽകണം. ഇന്നലെ പല ഡിപ്പോകളിലും നല്ല തിരക്കായിരുന്നു. പൊതുവേ തിങ്കളാഴ്ചകളിൽ കെ.എസ്.ആർ.ടി.സിക്ക് എട്ടു കോടിയോളം വരുമാനം ലഭിക്കുന്ന ദിവസമാണ്. കൂടാതെ ഉദ്ഘാടന പരിപാടിയും മറ്റും നടന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും ഇത്രയും വർധനവ് രേഖപ്പെടുത്തിയതെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

Tags:    
News Summary - Impact of KSRTC free travel; Female passengers in private buses down by 60 percent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.