തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ശുചിത്വമിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ഹരിത പെരുമാറ്റച്ചട്ടം നടപ്പിലാക്കാനുള്ള നോഡൽ ഓഫിസർ.
പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി, ഫ്ലക്സ് തുടങ്ങിയവ നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോൾഡിങ്ങുകൾ തുടങ്ങിയവ നിർമിക്കുന്നതിന് പേപ്പർ, പി.സി.ബി സർട്ടിഫൈ ചെയ്ത 100 ശതമാനം കോട്ടൺ, പുന:ചംക്രമണം ചെയ്യാവുന്ന പോളിഎത്തിലിൻ പോലുള്ളവ ഉപയോഗിക്കാം. രാഷ്ട്രീയ പാർട്ടി ഓഫിസുകൾ അലങ്കരിക്കാൻ പ്രകൃതി സൗഹൃദ വസ്തുക്കൾമാത്രം ഉപയോഗിക്കണം. പോളിംഗ് ബൂത്തുകൾ, വോട്ടെണ്ണൽ കേന്ദ്രങ്ങൾ, പരിശീലന ക്യാമ്പുകൾ എന്നിവിടങ്ങളിൽ സ്റ്റീൽ, ചില്ല്, സെറാമിക് പാത്രങ്ങൾ മാത്രമേ ഭക്ഷണ പാനീയ വിതരണത്തിന് ഉപയോഗിക്കാവൂ. പ്ലാസ്റ്റിക് ബോട്ടിലുകൾ, തെർമോകോൾ കപ്പുകൾ, പ്ലാസ്റ്റിക് പാഴ്സലുകൾ തുടങ്ങിയവ ഒഴിവാക്കണം.
പ്രചാരണങ്ങൾക്കും പരസ്യങ്ങൾക്കും പരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ പാടുള്ളു. വാഴയിലയിലോ പാത്രങ്ങളിലോ ഭക്ഷണ പാഴ്സലുകൾ തയാറാക്കണം.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം പ്രചാരണ സാമഗ്രികൾ ശേഖരിച്ച് ഹരിതകർമ സേനക്ക് കൈമാറണം. അതിന് യൂസർഫീ നൽകണം. അല്ലാത്തപക്ഷം തദ്ദേശ സ്ഥാപനങ്ങൾ അത് നീക്കി ചെലവ് സ്ഥാനാർഥികളിൽ നിന്ന് ഈടാക്കും.
ഹരിതച്ചട്ടം കൈപ്പുസ്തകംപുറത്തിറക്കി
തിരുവനന്തപുരം: ശുചിത്വമിഷൻ തയാറാക്കിയ ഹരിതച്ചട്ടപാലനം സംശയങ്ങളും മറുപടികളും ഹാൻഡ്ബുക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ. ഷാജഹാൻ പ്രകാശനം ചെയ്തു. ‘ഭൂമിയെ സംരക്ഷിച്ച് വോട്ട് ചെയ്യുക’ എന്നതാണ് സന്ദേശം. ഹരിതച്ചട്ടം സംബന്ധിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, സംശയങ്ങൾ, മറുപടികൾ, നിയമ നടപടികൾ, സർക്കുലറുകൾ, ഉത്തരവുകൾ തുടങ്ങിയ വിവരങ്ങൾ പുസ്തകത്തിലുണ്ട്.
ഹാൻഡ്ബുക്ക് ശുചിത്വ മിഷൻ വെബ് സൈറ്റിൽ (https://www.suchitwamission.org/publication/electionbook) നിന്ന് ഡൗൺലോഡ് ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.