തിരുവനന്തപുരം: ഒറ്റത്തവണ ഉപഭോഗമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ സമ്പൂർണ നിരോധനം പുതുവർഷം തുടങ്ങുന്ന ഇന്നുമുതൽ കേരളത്തിൽ നിലവിൽവരും. നിരോധനത്തിനെതിരെ വ്യാപാരികൾ ശക്തമായ പ്രതിഷേധത്തിലാണെങ്കിലും പിന്നോട്ടില്ലെന്ന ശക്തമായ നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. അതേസമയം, നിരോധിച്ച പ്ലാസ്റ്റിക് സാമഗ്രികളുടെ സ്റ്റോക് കൈവശമുണ്ടെന്ന പേരിൽ ഇൗമാസം 15 വരെ പ്രോസിക്യൂഷൻ നടപടി സ്വീകരിക്കരുതെന്ന് ഹൈകോടതി നിർദേശിച്ചിട്ടുണ്ട്.
പ്ലാസ്റ്റിക് സഞ്ചികൾ, പ്ലാസ്റ്റിക് ആവരണമുള്ള പ്ലേറ്റുകൾ, ഷീറ്റുകൾ, കപ്പുകൾ, പ്ലാസ്റ്റിക് അലങ്കാര സാധനങ്ങൾ, പ്ലാസ്റ്റിക് പതാക, ഫ്ലക്സ്, ബാനർ തുടങ്ങിയവെയല്ലാം നിരോധനത്തിൽ ഉൾപ്പെടും. സഞ്ചികൾക്ക് പകരം ഇനിമുതൽ തുണി സഞ്ചികളും പേപ്പർ ബാഗും ഉപയോഗിക്കേണ്ടിവരും. പക്ഷേ, ആവശ്യമായ അളവിൽ ഇത് എല്ലായിടവും ലഭ്യമാക്കുന്നകാര്യത്തിൽ ഇപ്പോഴും അവ്യക്തതയുണ്ട്. ഇതിന് പരിഹാരമായി കുടുംബശ്രീ യൂനിറ്റുകളെ പരമാവധി ഉപയോഗപ്പെടുത്തി പകരം സംവിധാനമൊരുക്കാനാണ് തീരുമാനം.
അതേസമയം, മിൽമയുടെ പാൽ കവറുകൾ ഉപഭോക്താക്കളിൽനിന്ന് വിലനൽകി തിരിച്ചെടുത്ത് ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ച് സംസ്കരിക്കാനാണ് ആലോചന. നിശ്ചിത വിലനൽകി മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ ബിവറേജസ് കോർപറേഷനും തീരുമാനിച്ചിട്ടുണ്ട്.
ആഹാരവും പച്ചക്കറിയും പൊതിയുന്ന ക്ലിങ് ഫിലിം, മുൻകൂട്ടി അളന്നുവെച്ച ധാന്യങ്ങൾ, പഞ്ചസാര, പയർവർഗങ്ങൾ എന്നിവ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ, മത്സ്യം, മാംസം എന്നിവ തൂക്കം നിർണയിച്ചശേഷം വിൽപനക്കായി പൊതിയുന്ന പ്ലാസ്റ്റിക് കവറുകൾ എന്നിവയെ നിരോധനത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നോൺ വൂവൻ കാരിബാഗുകളെ ഒഴിവാക്കണമെന്ന് ഹരജി
കൊച്ചി: പ്ലാസ്റ്റിക് നിരോധനത്തിെൻറ പേരിൽ നോൺ വൂവൻ വിഭാഗത്തിൽ വരുന്ന കാരിബാഗുകൾ നിരോധിച്ചതിനെതിരെ ഹൈകോടതിയിൽ ഹരജി. മലയാളി നോൺ വൂവൻ ബാഗ് മാനുഫാക്ചറേഴ്സ് അസോസിയേഷൻ നൽകിയ ഹരജി പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ചോദ്യംചെയ്ത് നൽകിയ സമാന ഹരജികൾക്കൊപ്പം പരിഗണിക്കാനായി ജസ്റ്റിസ് സി.എസ്. ഡയസ് മാറ്റി. ഇത്തരം കാരിബാഗുകൾ കൈവശമുണ്ടെന്നതിെൻറ പേരിൽ നിർമാതാക്കൾക്കെതിരെ നടപടി പാടില്ലെന്നും അതേസമയം, ഇവയുടെ നിർമാണവും വിൽപനയും പാടില്ലെന്നും ഇടക്കാല ഉത്തരവിൽ വ്യക്തമാക്കി.
ശസ്ത്രക്രിയ സമയങ്ങളിൽ രോഗികളും ഡോക്ടർമാരും ധരിക്കുന്ന വസ്ത്രങ്ങളും മറ്റും നിർമിക്കാനുപയോഗിക്കുന്ന നോൺ വൂവൻ വിഭാഗം സാമഗ്രികൾ കൊണ്ടാണ് ബാഗുകൾ നിർമിക്കുന്നതെന്നും ഇവ മണ്ണിൽ അലിഞ്ഞുചേരുന്നവയാണെന്നുമാണ് ഹരജിയിലെ വാദം. വൻ തുക മുടക്കിയാണ് ഇത്തരം ബാഗുകൾ നിർമിക്കാനുള്ള പ്ലാൻറുകൾ സ്ഥാപിച്ചത്. നിരോധനം ഇത്തരം വ്യവസായങ്ങളെ തകർക്കുമെന്നും സാവകാശം നൽകണമെന്നും ഹരജിക്കാർ ആവശ്യപ്പെട്ടു. കേന്ദ്ര നിയമത്തിെൻറ പരിധിയിൽ വരുന്ന വിഷയമായതിനാൽ പ്ലാസ്റ്റിക് നിരോധനം സംബന്ധിച്ച് സംസ്ഥാന സർക്കാറിന് നടപടിയെടുക്കാൻ അധികാരമില്ലെന്നും ഹരജിക്കാർ വാദിച്ചു.
പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണല്ലോ സർക്കാറിെൻറ നടപടിയെന്ന് കോടതി ഈ ഘട്ടത്തിൽ വാക്കാൽ നിരീക്ഷിച്ചു. പ്ലാസ്റ്റിക് മാനേജ്മെൻറ് ചട്ടപ്രകാരമാണ് സംസ്ഥാന സർക്കാർ നിരോധനം ഏർപ്പെടുത്തിയതെന്ന് സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണിയും വ്യക്തമാക്കി. തമിഴ്നാട് ഉൾപ്പെടെ അയൽ സംസ്ഥാനങ്ങളിൽ നിരോധനം ഫലപ്രദമായി നടപ്പാക്കിയിട്ടുണ്ട്. നോൺ വൂവൻ ബാഗുകൾ പ്ലാസ്റ്റിക് അടങ്ങിയവയാണ്. പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ നിരോധനം ചോദ്യംചെയ്യുന്ന സമാന ഹരജികൾ നിലവിലുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി. തുടർന്നാണ് ഇവക്കൊപ്പം ഈ ഹരജിയും പരിഗണിക്കാൻ കോടതി നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.