തിരുവനന്തപുരം: തോട്ടഭൂമിയിൽ ഖനനം പാടില്ലെന്ന സുപ്രീംകോടതിവിധി നടപ്പാക്കിയാൽ സംസ്ഥാനത്തെ എഴുന്നൂറോളം ക്വാറികൾക്ക് പൂട്ടുവീഴും. ജസ്റ്റിസ് നാഗേശ്വരറാവു, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് ക്വാറി ഉടമകൾ നൽകിയ അപ്പീൽ തള്ളിയാണ് തോട്ടഭൂമിയിൽ ഖനനം പാടില്ലെന്ന ഹൈകോടതിവിധി കഴിഞ്ഞദിവസം ശരിവെച്ചത്. വിധിയോട് സംസ്ഥാന സർക്കാറിന് കണ്ണടക്കാനാവില്ലെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. ഭൂപരിഷ്കരണ നിയമത്തിലെ വ്യവസായിക ഭൂമിക്കുള്ള ഇളവ് ക്വാറികള്‍ക്ക് കിട്ടില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചത്. ഇതോടെ 15 ഏക്കറില്‍ കൂടുതലുള്ള ക്വാറികള്‍ ഒരു വ്യക്തിക്ക് കൈവശംവെക്കാന്‍ സാധിക്കാതെ വരും. സംസ്ഥാനത്ത് ഔദ്യോഗിക കണക്കുകൾ പ്രകാരം എഴുന്നൂറോളം ക്വാറികൾ തോട്ടം മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്.
എന്നാൽ, സംസ്ഥാനത്ത് മൊത്തത്തിൽ പ്രവർത്തിക്കുന്നത് ഇതിെൻറ പല മടങ്ങാണ്. ഇതിൽ തന്നെ പലതും ഏക്കർ കണക്കിന് ഭൂമിയിലാണ് തുടർച്ചയായി ഖനനം നടത്തുന്നത്. ക്വാറി വാണിജ്യമായി കണക്കാക്കി തോട്ടഭൂമിയിൽ ഇളവ് കൊടുത്ത സ്ഥലത്ത് ഖനനം നടത്താമെന്നായിരുന്നു 1997ലെ ഹൈകോടതി ഡിവിഷൻ ബെഞ്ചിെൻറ വിധി. അത് ശരിയല്ലെന്നും ക്വാറി മറ്റു വാണിജ്യങ്ങൾ പോലെയല്ലെന്നും പരിസ്ഥിതി പ്രവർത്തകർ വാദിച്ചു.
ആ വാദം ജസ്റ്റിസ് വിനോദ് ചന്ദ്രെൻറ സിംഗിൾ ബെഞ്ച് ശരിവെച്ചു. പിന്നീട് കേസ് ഡിവിഷൻ ബെഞ്ചിന് വിട്ടു. ഡിവിഷൻ െബഞ്ച് അത് ശരിവെച്ച് ഫുൾ ബെഞ്ചിന് കൈമാറി. ജസ്റ്റിസ് ചിദംബരേഷ് അധ്യക്ഷനായ ഫുൾ െബഞ്ച് ഇരുഭാഗവും സർക്കാർ ഭാഗവും വാദം കേട്ടു. തോട്ടഭൂമിയിൽ ഖനനം നടത്തുന്നത് നിയമലംഘനമാണെന്നും അങ്ങനെ ചെയ്താൽ തോട്ടഭൂമി സർക്കാർ ഏറ്റെടുക്കണമെന്നുമായിരുന്നു ഹൈകോടതി ഫുൾബെഞ്ചിെൻറ വിധി. അതിനെതിരെയാണ് ക്വാറി ഉടമകൾ സുപ്രീംകോടതിയെ സമീപിച്ചത്.
ഭൂപരിഷ്കരണ നിയമത്തിെൻറ കടയ്ക്കൽ കത്തിെവക്കാനുള്ള ക്വാറി ഉടമകളുടെ നീക്കത്തെയാണ് തോട്ടഭൂമിയിൽ ഖനനം പാടില്ലെന്ന വിധിയിലൂടെ സുപ്രീംകോടതി തടഞ്ഞത്. തോട്ടഭൂമികൾ ഖനനത്തിനായി ദുരുപയോഗം ചെയ്യുന്ന മുതലാളിമാർക്ക് ഇനി ഭൂമി പോകും. ഭൂപരിഷ്കരണ നിയമം അതിെൻറ ഉദ്ദേശ്യലക്ഷ്യങ്ങളിൽ ശക്തിപ്പെടുത്തുകയാണ് വിധി. ലക്ഷക്കണക്കിന് ഏക്കർ മരങ്ങളും പച്ചപ്പും മേൽമണ്ണുമുള്ള തോട്ടഭൂമി ഭാവിയിൽ ഖനനത്തിന് തുറന്നുകൊടുക്കാനുള്ള നീക്കത്തെയാണ് കോടതി പൂട്ടിയത്. 1964ലെ ഭൂപതിവ് ചട്ടത്തില്‍ ഭേദഗതി വരുത്തി കരിങ്കൽ ഖനനത്തിന് അനുമതി നൽകാനുള്ള സർക്കാർ നീക്കത്തിനും ഇത് തിരിച്ചടിയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.