ലീഗിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന സാമുദായിക ചേരിതിരിവ് ഉണ്ടാക്കാൻ -കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: കെ.പി.സി.സിയുടെ കാര്യത്തിൽ ലീഗ് ഇടപെടുന്നു എന്ന മുഖ്യമന്ത്രിയുടെ ഫേസ്ബുക് പോസ്റ്റ് വളരെ നിലവാരം കുറഞ്ഞതായിപ്പോയെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സാമുദായിക ചേരിതിരിവ് ഉണ്ടാക്കാനായി ഭാവനയിൽ സൃഷ്ടിച്ച ആരോപണമാണിത്. ഒരു ലീഗ് നേതാവും ഇത്തരം കാര്യങ്ങളിൽ ഒരു അഭിപ്രായവും പറഞ്ഞിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി.

പല സാഹചര്യങ്ങളിൽ പല കാർഡുകൾ മാറ്റിക്കളിക്കുകയാണ് മുഖ്യമന്ത്രി. ചില നേരത്ത് ഭൂരിപക്ഷ കാർഡ്, ചില നേരത്ത് ന്യൂനപക്ഷ കാർഡ്. ഇനി ബി.ജെ.പിയും ഞങ്ങളും മാത്രമേ ഇവിടെയുള്ളൂ എന്ന് ധരിച്ച് സി.പി.എം ഇറങ്ങിയാൽ കാര്യങ്ങൾ തെറ്റുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. 

ഭരണവിരുദ്ധ വികാരം പ്രതിഫലിക്കുക വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലാണ്. യു.ഡി.എഫിന് ആത്മവിശ്വാസത്തിൽ ഒരു കുറവും വന്നിട്ടില്ല. ഇടതുമുന്നണി വല്ലാതെ അഹങ്കരിക്കുന്നതിൽ അർഥമില്ല. പാർലമെന്‍റ് തെരഞ്ഞെടുപ്പ് യു.ഡി.എഫ് തൂത്തുവാരിയത് ഓർക്കണം.

സി.പി.എമ്മും എസ്.ഡി.പി.ഐയും പലയിടത്തും പരസ്യ ധാരണയുണ്ടാക്കി. പഞ്ചായത്തിലെ സ്ഥാനങ്ങൾ അവർ പങ്കിടുകയാണ്. എസ്.ഡി.പി.ഐക്ക് സീറ്റ് കൂടിയത് എൽ.ഡി.എഫുമായുള്ള സഖ്യത്തിലൂടെയാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.