‘സഖാക്കളേ..കാലം മാറി, നിങ്ങളുടെ കോലം ആളുകൾ തിരിച്ചറിഞ്ഞു’; നജീബ് കാന്തപുരത്തെ പിന്തുണച്ച് പി.കെ. ഫിറോസ്

കോഴിക്കോട്: പകു​തി ​വി​ല​ തട്ടിപ്പി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എക്കെതിരെ കേസെടുത്തതിൽ പ്രതികരിച്ച് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്. മന്ത്രിമാരും ഭരണകക്ഷി എം.എൽ.എമാരും നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടും അവർക്കോ അവരുടെ ഇന്‍റലിജൻസിനോ പൊലീസിനോ മനസിലാക്കാൻ കഴിയാത്ത ഒരു തട്ടിപ്പ് മനസിലാക്കാൻ നജീബിന് ത്രികാലജ്ഞാനമൊന്നുമില്ലെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി.

നീചമായ രീതിയിൽ ബോഡി ഷെയ്മിങ് നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡി.വൈ.എഫ്.ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്. സഖാക്കളെ കാലം മാറിയെന്നും നിങ്ങളുടെ കോലം ആളുകൾ തിരിച്ചറിഞ്ഞ് തുടങ്ങിയെന്നും ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

പി.കെ. ഫിറോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:

നാഷണൽ കോൺഫെഡറേഷൻ ഓഫ് എൻ.ജി.ഒ എന്ന പേരിൽ എൻ.ജി.ഒകളുടെ കൂട്ടായ്മയുടെ പ്രതിനിധിയായി അനന്ദുകൃഷ്ണൻ എന്നൊരാളും സംഘവും പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തെ സമീപിക്കുന്നു. മന്ത്രി ശിവൻകുട്ടി ഉൽഘാടനം ചെയ്ത ഹെഡ് ഓഫീസും, സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും ജനപ്രതിനിധികൾ പങ്കെടുത്ത പരിപാടികളും കാണിക്കുന്നു. 50% വിലയിൽ സ്ത്രീകൾക്ക് സ്കൂട്ടറും വിദ്യാർഥികൾക്ക് ലാപ്ടോപ്പും നൽകുന്ന പദ്ധതിയെ കുറിച്ച് വിശദീകരിക്കുന്നു.

ജനങ്ങൾക്ക് ഗുണം കിട്ടുന്ന ഏതൊരു പദ്ധതിയും തന്റെ മണ്ഡലത്തിലേക്കും കിട്ടണമെന്ന് ആരുമാഗ്രഹിക്കുന്നത് പോലെ നജീബ് കാന്തപുരവും ആ പദ്ധതിയെ പിന്തുണക്കുന്നു. കുറേ ആളുകൾക്ക് അതിന്റെ ഭാഗമായി സ്കൂട്ടർ കിട്ടിയപ്പോൾ എല്ലാവരും ഈ പദ്ധതിയെ അഭിനന്ദിക്കുന്നു. ഇത്രയുമാണ് പെരിന്തൽമണ്ണയിൽ സംഭവിച്ചത്.

എന്നാൽ പിന്നീട് കുറച്ചാളുകൾക്ക് ലാപ്ടോപ്പ് കിട്ടാതായി. എം.എൽ.എ പല തവണ ബന്ധപ്പെട്ടിട്ടും മറുപടി കിട്ടിയില്ല. ഒടുവിൽ എം.എൽ.എ ഡി.ജി.പിക്ക് പരാതി നൽകുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങളോടൊപ്പം നിന്ന് തന്റെ ഉത്തരവാദിത്തം നിർവഹിക്കുന്നു.

സംസ്ഥാനത്തെ മന്ത്രിമാരും ഭരണകക്ഷി എം.എൽ.എമാരും നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടും അവർക്കോ അവരുടെ ഇന്റലിജൻസിനോ പൊലീസിനോ മനസ്സിലാക്കാൻ കഴിയാത്ത ഒരു തട്ടിപ്പ് മനസ്സിലാക്കാൻ നജീബിന് മാത്രം സാധിക്കണമെന്ന് പറയാൻ അദ്ദേഹത്തിന് ത്രികാലജ്ഞാനമൊന്നുമില്ലല്ലോ!

നജീബിന്റെ എം.എൽ.എ ഓഫീസിലേക്ക് മാർച്ച് നടത്തിയ ഡി.വൈ.എഫ്.ഐ ആദ്യം മാർച്ച് നടത്തേണ്ടിയിരുന്നത് അഭ്യന്തര മന്ത്രിയുടെ വീട്ടിലേക്കായിരുന്നു. അതുമല്ലെങ്കിൽ ഈ സംഘത്തിന്റെ ഹെഡ് ഓഫീസ് ഉദ്ഘാടനം ചെയ്ത ശിവൻകുട്ടിയുടെ ഓഫീസിലേക്കായിരുന്നു. ഏറ്റവും ചുരുങ്ങിയത് ഈ തട്ടിപ്പിന് നേതൃത്വം നൽകിയെന്ന് ആരോപണ വിധേയനായ ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ വീട്ടിലേക്കെങ്കിലുമായിരുന്നു. എന്നാൽ അതിനൊന്നും ഡി.വൈ.എഫ്.ഐ തയ്യാറല്ല. നീചമായ രീതിയിൽ ബോഡി ഷെയ്മിങ് ഉൾപ്പെടെ നടത്തിയാണ് പുരോഗമന പ്രസ്ഥാനമെന്ന് വാദിക്കുന്ന ഡിവൈഎഫ്ഐ നജീബിനെതിരെ മുദ്രാവാക്യം വിളിച്ചത്.

അപ്പോൾ കാര്യം വ്യക്തമാണ്. ചുരുങ്ങിയ കാലം കൊണ്ട് പെരിന്തൽമണ്ണയുടെ മനസ്സ് കീഴടക്കിയ നജീബ് കാന്തപുരത്തിന്റെ ജനപ്രീതി ഇല്ലാതാക്കണം. അതിന് എപ്പോഴും സഖാക്കൾ ചെയ്യാനുള്ളത് പോലെ ആടിനെ പട്ടിയാക്കണം.

സഖാക്കളെ കാലം മാറി. നിങ്ങളുടെ കോലം ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങി. നജീബിനെതിരെ കേസെടുത്തും ഓഫീസിന് മുന്നിൽ നാല് മുദ്രാവാക്യം വിളിച്ചും പേടിപ്പിച്ച് കളയാമെന്ന് കരുതുന്നുണ്ടെങ്കിൽ സഖാക്കളെ നിങ്ങൾക്ക് തെറ്റി. അതല്ല, ഏതാനും മാസത്തിനുള്ളിൽ ജനങ്ങൾ ആട്ടിപ്പായിച്ച് പ്രതിപക്ഷത്തിരുത്തും എന്നുറപ്പായ സ്ഥിതിക്ക് പഴയ കലാരൂപങ്ങൾ പരിശീലിക്കാനുള്ള തിടുക്കമാണ് പെരിന്തൽമണ്ണയിൽ കാഴ്ചവെച്ച പ്രകടനമെങ്കിൽ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Tags:    
News Summary - PK Firos support to Najeeb Kanthapuram in Half Price Scam Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.