തിരുവനന്തപുരം: കോവിഡിന്‍റെ രണ്ടാം തരംഗം നേരിടാൻ കൂടുതൽ സുസജ്ജമായ സജ്ജീകരണങ്ങളാണ് കേരളത്തിൽ ഒരുക്കിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് ഓക്സിജൻ ദൗർലഭ്യമില്ല. ഐ.സി.യു, വെന്‍റിലേറ്റർ സൗകര്യങ്ങളും ആവശ്യത്തിനുണ്ടെന്നും പിണറായി വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കൂടുതൽ നിയന്ത്രണങ്ങളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
സർക്കാർ ജീവനക്കാരിലെ 50 ശതമാനം പേർക്ക് റോേട്ടഷൻ അടിസ്ഥാനത്തിൽ വർക്ക് ഫ്രെം ഹോം ഏർപ്പെടുത്തും. സ്വകാര്യ മേഖലയിലും വർക്ക് ഫ്രെം ഹോം നടപ്പാക്കാൻ സ്ഥാപന മേധാവികൾ ശ്രദ്ധിക്കണം. ഏപ്രിൽ 24 ശനിയാഴ്ച സർക്കാർ ഓഫീസുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ സ്ഥാപനങ്ങൾ എന്നിവക്ക് അവധിയായിരിക്കും. ഹയർ സെക്കൻഡറി പരീക്ഷ സാധാരണ പോലെ നടക്കും.
ഈ ശനിയാഴ്ചയും ഞായറാഴ്ചയും അവശ്യ സർവീസുകൾ മാത്രമാവും ഉണ്ടാവുക. കല്യാണം, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകൾ മുൻനിശ്ചയിച്ച പ്രകാരം നടക്കും. 75 പേർക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അവസരം. നോമ്പിന്‍റെ ഭാഗമായുള്ള പ്രാർഥനകൾ പ്രോട്ടോകോൾ പാലിച്ച് നടത്തുന്നതിന് രാത്രി കർഫ്യുവിൽ ഇളവ് അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തവണ Crush the Curve എന്ന നയമാണ് സർക്കാർ സ്വീകരിക്കുന്നത്. കൂട്ടംചേർന്നുള്ള പരിപാടികൾ പരമാവധി ഒഴിവാക്കണം. നടത്തുന്നവ കോവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് നടത്തേണ്ടത്. അടഞ്ഞ സ്ഥലങ്ങളിൽ ആളുകൾ കൂട്ടം ചേരുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ ദൗർലഭ്യമാണ് കേരളം നേരിടുന്ന പ്രതിസന്ധി. ഇത് കേന്ദ്രസർക്കാറിനെ അറിയിച്ചിട്ടുണ്ട്. വാക്സിൻ പാഴാക്കാതെ പരമാവധി പേർക്ക് നൽകാൻ സാധിച്ചിട്ടുണ്ട്. കേന്ദ്രത്തിന്‍റെ പുതിയ വാക്സിൻ നയം കേരളത്തിന് തിരിച്ചടിയാണെന്നും പിണറായി പറഞ്ഞു.
ഒരു താലൂക്കിൽ ഒരു സി.എഫ്.എൽ.ടി.സിയെങ്കിലും തുടങ്ങും. സി.എഫ്.എൽ.ടി.സി ഇല്ലാത്ത സ്ഥലങ്ങളിൽ ഉടൻ അത് തുടങ്ങും. കോവിഡ് ആശുപത്രികൾ നിരീക്ഷിക്കാൻ ടാസ്ക് ഫോഴ്സുകൾ രൂപീകരിക്കും. പ്രയാസമില്ലാതെ ആളുകൾക്ക് വാക്സിൻ എടുത്ത് പോവാനുള്ള സൗകര്യമൊരുക്കും. ഓൺലൈനിൽ ബുക്ക് ചെയ്ത് അറിയിപ്പ് ലഭിച്ചവർ മാത്രം വാക്സിൻ കേന്ദ്രത്തിലെത്താനുള്ള സൗകര്യമൊരുക്കുമെന്നും പിണറായി പറഞ്ഞു.
വീടുകളിൽ കോവിഡ് ബാധിച്ച് കഴിയുന്നവർക്ക് ആവശ്യമായ സഹായം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എത്തിച്ച് നൽകണം. വാർഡുതല സമിതികൾ പുനരുജ്ജീവിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.