വൈദ്യുതി ഉല്‍പാദനത്തിന് സ്രോതസ്സുകള്‍ പരമാവധി ഉപയോഗപ്പെടുത്തും –മുഖ്യമന്ത്രി



താമരശ്ശേരി: സംസ്ഥാനത്ത് ലഭ്യമായ സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തി വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടഞ്ചേരി പഞ്ചായത്തിലെ നെല്ലിപ്പൊയിലില്‍ മിനാര്‍ ഗ്രൂപ്പിന്‍െറ സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിച്ച ചെറുകിട ജലവൈദ്യുത പദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 30 ശതമാനം മാത്രമാണ് ആഭ്യന്തര ഉല്‍പാദനം. ബാക്കി എഴുപത് ശതമാനവും അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് വിലക്കുവാങ്ങുകയാണ്. ഊര്‍ജ ഉല്‍പാദനം പരമാവധി വര്‍ധിപ്പിക്കേണ്ടത് സാമ്പത്തിക, വ്യാവസായിക വളര്‍ച്ചക്ക് അനിവാര്യമാണ്. 1996ലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ ചൈനീസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ 15 ചെറുകിട ജലവൈദ്യുത പദ്ധതികള്‍ തുടങ്ങിയിരുന്നു.
ഇതില്‍ ചെമ്പുകടവ് ജലവൈദ്യുത പദ്ധതി, ഉറുമി ജലവൈദ്യുത പദ്ധതി എന്നിവയുടെ ഒന്നും രണ്ടും ഘട്ടവുമടക്കം നാലുപദ്ധതികളേ പൂര്‍ത്തീകരിച്ചുള്ളൂ. ആദ്യ നാലു വര്‍ഷം കൊണ്ട് ഈ പദ്ധതികളുടെ മുതല്‍മുടക്ക് തിരിച്ചുകിട്ടി. ഇതേരീതിയില്‍ ബാക്കി പദ്ധതികളും പൂര്‍ത്തീകരിച്ചിരുന്നെങ്കില്‍ ഇന്നനുഭവിക്കുന്ന ഊര്‍ജ പ്രതിസന്ധിക്ക് തെല്ല് പരിഹാരമാകുമായിരുന്നു.

സ്വകാര്യമേഖലയുടെ പങ്കാളിത്തത്തോടെ ചെറുകിട ജലവൈദ്യുത പദ്ധതികള്‍ സുതാര്യമായ വ്യവസ്ഥയില്‍ നടപ്പാക്കും. ഇവിടെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതി റെഗുലേറ്ററി കമീഷന്‍ നിശ്ചയിക്കുന്ന വിലക്ക് കെ.എസ്.ഇ.ബി വാങ്ങും. ഇതിനുപുറമെ സോളാര്‍ എനര്‍ജി, കാറ്റാടി യന്ത്രം എന്നീ സംവിധാനങ്ങളും വൈദ്യുതി ഉല്‍പാദനത്തിന് ഉപയോഗപ്പെടുത്തും. പതങ്കയം ജലവൈദ്യുത പദ്ധതിയുടെ സ്ഥാപിതശേഷി 25.54 ദശലക്ഷം യൂനിറ്റാണ്.

ഇരുവഴിഞ്ഞിപ്പുഴയില്‍ ആനക്കാംപൊയിലിലും ഇമിപ്പാറയിലും ചെറുകിട ജലവൈദ്യുത പദ്ധതികളുടെ പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. ആനക്കാംപൊയില്‍ ചെറുകിട ജലവൈദ്യുത പദ്ധതി ശിലാസ്ഥാപനം വൈദ്യുതിമന്ത്രി എം.എം. മണി നിര്‍വഹിച്ചു. പ്രോജക്ട് കോഓഡിനേറ്റര്‍ വി.പി. ഷാഹുല്‍ ഹമീദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി.
മുന്‍മന്ത്രി പി.കെ.കെ. ബാവ, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ അന്നക്കുട്ടി ദേവസ്യ, പി.ടി. അഗസ്റ്റ്യന്‍, ജില്ല പഞ്ചായത്ത് മെംബര്‍ അന്നമ്മ മാത്യു, സി.പി.എം ജില്ല സെക്രട്ടറി പി. മോഹനന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. മിനാര്‍ ഗ്രൂപ് എം.ഡി എ. മുഹമ്മദ് ഷാഫി സ്വാഗതവും ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷഫീക്ക് നന്ദിയും പറഞ്ഞു.

 

Tags:    
News Summary - pinrayi vijayan on electricity production

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.