പദ്ധതി വിഹിത വിനിയോഗത്തിന് മാനദണ്ഡം ഏര്‍പ്പെടുത്തും –മുഖ്യമന്ത്രി

തൃശൂര്‍: തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിത വിനിയോഗത്തിന് മാനദണ്ഡം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതി രൂപവത്കരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ ആരംഭിക്കുന്നതിന് പകരം ആഗസ്റ്റിലാണ് ഇപ്പോള്‍ പദ്ധതി രൂപവത്കരിക്കുന്നത്. അതിനാല്‍ അവസാന മൂന്നുമാസങ്ങളിലാണ് 80 ശതമാനം പദ്ധതി വിഹിതം വിനിയോഗിക്കുന്നത്. ആ രീതി മാറണം. പദ്ധതി രൂപവത്കരണം മാര്‍ച്ചില്‍ പൂര്‍ത്തിയാക്കി ഏപ്രിലില്‍ അത് നടപ്പാക്കി തുടങ്ങണം. അവസാന മൂന്നുമാസം 30 ശതമാനം മാത്രമെ ബാക്കി വെക്കാവൂ. മാര്‍ച്ചില്‍ 15 ശതമാനം തുക മാത്രമെ കൈവശം വെക്കാവൂ എന്ന നിലയിലുള്ള മാര്‍ഗനിര്‍ദേശമാകും കൊണ്ടുവരികയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ പതിമൂന്നാം പദ്ധതി ‘നവകേരളത്തിന്

ജനകീയാസൂത്രണം’ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സര്‍ക്കാര്‍ ആസൂത്രണത്തിന്‍െറ വഴി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ കേരളം വികസന ആസൂത്രണം തുടരും. കേരളത്തെ വിധിക്കും കമ്പോളത്തിനും വിട്ടുകൊടുക്കില്ല. സംസ്ഥാന സര്‍ക്കാറിന്‍െറ ഈ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് തദ്ദേശ സ്ഥാപനങ്ങള്‍ ക്രമീകരണം നടത്തണം. പണം ചെലവഴിക്കുന്നതില്‍ പ്രദേശിക സര്‍ക്കാറുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം. പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ജനപങ്കാളിത്തവും സമയനിഷ്ഠയും പാലിക്കണം. ആസൂത്രണം തുടര്‍ച്ചയായ പ്രക്രിയയായി കാണണം. നാടിന്‍െറ പൊതുനന്മയും വികസനം ആഗ്രഹിക്കുന്നവരുടെ കൂട്ടായ്മയാണ് ഉണ്ടാകേണ്ടത്.

ഗ്രാമസഭകളിലുള്‍പ്പെടെ ജനപങ്കാളിത്തം കുറയുന്നുണ്ട്. അത് വര്‍ധിപ്പിക്കണം. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പൗരന്‍മാരുടെ ഉത്തരവാദിത്തം അവസാനിച്ചെന്ന ധാരണ മാറ്റണം. സംസ്ഥാനതലത്തില്‍ ഉണ്ടാകുന്ന ഇടപെടലുകള്‍ ഗ്രാമപഞ്ചായത്ത്, നഗരസഭകളുടെ കാര്യത്തില്‍ ഉണ്ടാകുന്നില്ളെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കക്ഷിരാഷ്ട്രീയത്തിന്‍െറ വേലികള്‍ മാറ്റി നാടിന്‍െറ വികസനത്തിനായി ഒന്നായി ചര്‍ച്ച ചെയ്ത് നിര്‍ദേശങ്ങള്‍ രൂപവത്കരിക്കണം. അറിവും സാങ്കേതികവിദ്യയും പരമാവധി ഉപയോഗിക്കണം. വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളുടെ ഇടപെടലും ഉണ്ടാകണം. യുവതലമുറയുടെ പങ്കാളിത്തം ഉറപ്പാക്കണം. 13ാം പദ്ധതിക്കാലത്ത് സംസ്ഥാന, ജില്ല, ബ്ളോക്ക് തലങ്ങളില്‍ സന്നദ്ധ സേവനം നടത്താന്‍ താല്‍പര്യമുള്ള സംഘടനകളുടെയും വ്യക്തികളുടെയും പാനല്‍ തയാറാക്കും. ഇത്തരം സ്ഥാപനങ്ങളും വ്യക്തികളും അവരുടെ ഉപദേശങ്ങള്‍ നല്‍കണം. അതില്‍ അവസാന തീരുമാനം എടുക്കുക തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതികളായിരിക്കും. പൊതുസേവനങ്ങളുടെ ഗുണനിലവാരം കാലോചിതമായി ഉയര്‍ത്തുന്നതില്‍ നാം വിജയിച്ചിട്ടില്ല.

അതിനാലാണ് ഉയര്‍ന്ന ഫീസ് നല്‍കി സ്വകാര്യ മേഖലയെ ആശ്രയിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകുന്നത്. ഭീകരമായ വരള്‍ച്ചയാണ് നാം നേരിടാന്‍ പോകുന്നത്. അത് നേരിടാന്‍ മുന്‍കൂര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. 13ാം പദ്ധതിയില്‍ രണ്ട് ലക്ഷം കോടി അടങ്കല്‍ വരുന്ന പദ്ധതിയാണ് നാം വിഭാവനം ചെയ്യുന്നത്. ഇതില്‍ 65,000 കോടിയും പ്രാദേശിക സര്‍ക്കാര്‍ വഴി നടപ്പാക്കുന്ന പദ്ധതികള്‍ക്കുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.മന്ത്രി കെ.ടി. ജലീല്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, ടി.എം. തോമസ് ഐസക്, എ.സി. മൊയ്തീന്‍, പ്രഫ. സി. രവീന്ദ്രനാഥ്, വി.എസ്. സുനില്‍കുമാര്‍, ചീഫ്സെക്രട്ടറി എസ്.എം. വിജയാനന്ദ്, ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ ഡോ. വി.കെ. രാമചന്ദ്രന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

Tags:    
News Summary - pinrai statement about fund using

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.