കണ്ണൂർ: കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പൊലീസ് അകമ്പടിയും സ്പെഷൽ കസേരയും ഇല്ലാതെ സ്റ്റീൽ ബെഞ്ചിൽ ഇരിക്കുന്ന പിണറായി വിജയന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ ട്രോളുകളായി പരക്കുകയാണ്. പിണറായി വിജയന് സമീപം സി.പി.എം ജില്ല സെക്രട്ടറി കെ.കെ. രാഗേഷുമുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സത്യപ്രതിജ്ഞക്കായി ട്രെയിൻ കാത്തുനിൽക്കുകയായിരുന്നു പിണറായി വിജയൻ. കൂടെ വലിയ ബാഗുമായി ഒരു യുവാവും. അൽപം മാറി ഏതാനും പൊലീസുകാരും നിൽക്കുന്നുണ്ട്.
മുഖ്യമന്ത്രിയായിരുന്നപ്പോൾ റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ പിണറായി വിജയനായി പ്രത്യേകം കസേരയും പൊലീസ് ഉൾപ്പെടെ വലിയ സംഘവും അദ്ദേഹത്തിന് ചുറ്റുമുണ്ടാകു. എന്നാൽ, ഇപ്പോൾ അതൊന്നുമില്ലാതെ റെയിൽവേ സ്റ്റേഷനിൽ സാധാരണ ബെഞ്ചിൽ പിണറായി വിജയൻ ട്രെയിൻ കാത്തിരിക്കുന്നുവെന്ന് ചിത്രം കാണിച്ച് പലരും പറയുന്നു.
ചിത്രത്തിൽ പിന്നിൽനിന്ന് ഒരാൾ ചിരിക്കുന്നതും കാണാം. മുമ്പായിരുന്നെങ്കിൽ ഇങ്ങനെ ചിരിക്കാൻ ഭയക്കണമെന്നു അഭിപ്രായമുയരുന്നുണ്ട്. കാലത്തിന്റെ കാവ്യനീതിയെന്നും ജനാധിപത്യത്തിന്റെ കരുത്താണ് ചിത്രത്തിൽ കാണുന്നതെന്നുമാണ് ബി.ജെ.പി വക്താവ് റെജി ലൂക്കോസ് പറഞ്ഞത്. എന്തൊരു മാറ്റമാണ് എന്ന കുറിപ്പോടെയാണ് ചിലർ ചിത്രം പങ്കുവെച്ചു. ‘മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ’, ‘ധാർഷ്ഠ്യത്തിനേറ്റ തിരിച്ചടി’, രാജാവിൽ നിന്ന് സഖാവിലേക്ക് തുടങ്ങിയ കമന്റുകളാണ് സമൂഹ്യമാധ്യമത്തിൽ ചിത്രത്തിന് താഴെ നിറയുന്നത്.
‘ന്യൂയോർക്കിൽ തകരക്കസേരയിൽ ഇരിക്കുന്ന കാരണഭൂതന്റെ ചിത്രം ഓർമിപ്പിക്കുന്നുവെന്നും ചിലർ കമന്റിട്ടു. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ പഴയ ചിത്രങ്ങൾ വെച്ചുള്ള ട്രോളും വ്യാപകമായുണ്ട്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തുനിന്ന് വിമാനത്തിൽ കണ്ണൂരിൽ തിരിച്ചെത്തിയപ്പോൾ പിണറായി വിജയന് സ്വീകരണം നൽകിയിരുന്നു.
എന്നാൽ, ഇ.പി. ജയരാജൻ, പി. ജയരാജൻ, കെ.കെ. ശൈലജ തുടങ്ങിയ മുതിർന്ന നേതാക്കളൊന്നും സ്വീകരിക്കാൻ എത്തിയില്ല. കെ.കെ. രാഗേഷ്, പി. ശശി തുടങ്ങിയവരാണ് സ്വീകരിക്കാനുണ്ടായിരുന്നത്. ഇന്നലെ പി. ജയരാജന്റെ പുസ്തക പ്രകാശനം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ പങ്കെടുത്ത ശേഷമാണ് പിണറായി വിജയൻ തിരുവനന്തപുരത്തേക്ക് തിരിച്ചത്. യാത്രയാക്കാൻ കെ.കെ. രാഗേഷാണ് ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.