എം. സ്വരാജ്

ദേശാഭിമാനി വാരാന്തപതിപ്പ്: പ്രചരിക്കുന്നത് ഊഹാപോഹങ്ങൾ -എം. സ്വരാജ്

തിരുവനന്തപുരം: സി.പി.എം മുഖപത്രമായ ദേശാഭിമാനിയിൽ വി.എസിന്റെ ഓർമ്മക്കുറിപ്പ് അടങ്ങിയ വാരാന്തപതിപ്പ് വിതരണം ചെയ്യാത്തതുമായി ബന്ധപ്പെട്ട് അടിസ്ഥാനവുമില്ലാത്ത ഊഹാപോഹങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം സ്വരാജ്. നമ്മളോടൊപ്പം ഇല്ലാത്ത വി.എസിനെ അടിസ്ഥാനമില്ലാത്ത കാര്യങ്ങളിൽ വലിച്ചിഴക്കരുത്. 21 ലെ പത്രത്തിൽ വി.എസിന്റെ അനുസ്മരിച്ചുകൊണ്ടുള്ള പ്രത്യേക പേജ് തന്നെ ഉണ്ടാവുമെന്നും ദേശാഭിമാനി റെസിഡന്റ് എഡിറ്റർ കൂടിയായ സ്വരാജ് പറഞ്ഞു.

'ഇന്ന് പ്രസിദ്ധീകരിക്കേണ്ട വാരാന്തപതിപ്പിൽ വി.എസിന്റെ മുൻ പ്രസ് സെക്രട്ടറിയായ കെ.വി സുധാകരന്‍റെ ലേഖനമാണ് ഉണ്ടായിരുന്നത്. അതിൽ അവ്യക്തതയുണ്ടായിരുന്നില്ല. ഇന്ന് വാരാന്തപതിപ്പ് വിതരണം ചെയ്യാൻ കഴിഞ്ഞത് സാങ്കേതിക കാരണങ്ങളാണ്. മറിച്ചുള്ളതെല്ലാം എന്തോ ഊഹാപോഹങ്ങളാണ്. നമ്മളോടൊപ്പം ഇല്ലാത്ത വി.എസിനെ പോലെ ഒരാളെ ഇത്തരം അടിസ്ഥാനമില്ലാത്ത വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഈ വാർത്തപൂർണമായും തെറ്റാണ്'- എന്നും എം.സ്വരാജ് പറഞ്ഞു.

സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന വി.എസ്. അച്യുതാനന്ദന്റെ ചരമവാർഷികത്തിന് മുന്നോടിയായി പ്രസിദ്ധീകരിക്കാനിരുന്ന ഓർമക്കുറിപ്പ് അടങ്ങിയ വാരാന്തപ്പതിപ്പ് പാർട്ടി മുഖപത്രമായ ‘ദേശാഭിമാനി’ വിതരണം ചെയ്യാതിരുന്നത് വിവാദമായിരുന്നു. ‘വീണ്ടും മുഴങ്ങുന്നു ആ കടലിരമ്പം’ എന്ന തലക്കെട്ടിലുള്ളതായിരുന്നു വാരാന്തപ്പതിപ്പിൽ വി.എസ് ഓർമക്കുറിപ്പ് തയ്യറാക്കിയത്.

വാരാന്തപ്പതിപ്പ് ഇല്ലാതെയാണ് ഇന്ന് ദേശാഭിമാനി പുറത്തിറങ്ങിയത്. അതേസമയം, ‘കള്ളൻ വിജയൻ’ എന്ന പേരിലുള്ള നാടക നിരൂപണം ഉൾപ്പെട്ടതാണ് അവസാന നിമിഷം വാരാന്തപതിപ്പ് പിൻവലിച്ചതിന് പിന്നിലെ കാരണമെന്നാണ് വിവരം.

വാരാന്തപ്പതിപ്പ് പൂർണമായി അച്ചടിച്ച ശേഷം വിതരണം ചെയ്യേണ്ടെന്ന് അവസാന നിമിഷം മാനേജ്മെന്റ് തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് എല്ലാ ഞായറാഴ്ചകളിലും പത്രത്തോടൊപ്പം ഇറങ്ങാറുള്ള വാരാന്തപ്പതിപ്പ് ഇന്ന് ഇല്ലാതിരുന്നത്. സാങ്കേതിക കാരണങ്ങളാൽ വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാൻ കഴിഞ്ഞില്ലെന്ന് പത്രത്തിൽ അറിയിപ്പ് നൽകിയിട്ടുണ്ട്.

വി.എസ്. അച്യുതാനന്ദന്റെ മുൻ പ്രസ് സെക്രട്ടറിയും അദ്ദേഹത്തിന്റെ ജീവചരിത്രകാരനുമായ കെ.വി. സുധാകരൻ എഴുതിയ പ്രത്യേക ഓർമക്കുറിപ്പായിരുന്നു ഈ ഞായറാഴ്ചത്തെ വാരാന്തപ്പതിപ്പിന്റെ പ്രധാന ആകർഷണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.