തൃശ്ശൂർ: കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ന്‍റെ ഭിത്തി ഇടിഞ്ഞ താഴ്ന്ന സംഭവത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയപാത തകർന്നത് കേരള സർക്കാറിന്‍റെ പിടലിക്കിടേണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കേരള സർക്കാറിന്‍റെ തലയിലിടാൻ ഒരു വഴിയുമില്ല. ദേശീയപാതയുടെ ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിർവഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. അതിന് കൃത്യമായ സംവിധാനമുണ്ട്. ആ സംവിധാനത്തിലുണ്ടായ പാളിച്ചയാണ് നമ്മുടെ നാട്ടിലെ അനുഭവം. അതാണ് അതോറിറ്റിയെ ചൂണ്ടിക്കാട്ടുന്നത്.
ഒരു റോഡ് നിർമിക്കുമ്പോൾ അതിന്‍റെ ഡിസൈൻ മുതൽ നിർവഹിക്കുന്നത് ദേശീയപാത അതോറിറ്റിയാണ്. അത് അവർ കൃത്യമായി നിർവഹിക്കേണ്ടതാണ്. ദേശീയപാതയുടെ കാര്യത്തിൽ പൊതുമരാമത്ത് വകുപ്പിന് ഒന്നും ചെയ്യാൻ സാധിക്കില്ല. ഒരിടത്തെ പ്രശ്നം കണ്ട് ദേശീയപാത ആകെ തകരാറിലായി എന്ന് കാണേണ്ടതില്ല.
വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനുള്ള സഹായം അഭ്യർഥിക്കാനാണ് പൊതുമരാമത്ത് വകുപ്പ് യോഗങ്ങൾ ചേരുന്നതെന്നും മുഖ്യമന്ത്രി തൃശ്ശൂർ പ്രസ് ക്ലബിൽ നടത്തിയ മീറ്റ് ദ പ്രസിൽ വ്യക്തമാക്കി.
ദേശീയപാത 66ലെ നിർമാണ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണ്ട നിർദേശങ്ങൾ നൽകുന്നുണ്ടെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മുമ്പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. മലപ്പുറം കൂരിയാട് ദേശീയപാതയുടെ മൺഭിത്തി ഇടിഞ്ഞു താഴ്ന്നതോടെ മന്ത്രി റിയാസ് മുൻ പ്രസ്താവനയിൽ നിന്ന് പിന്നോട്ട് പോയിരുന്നു. കൂടാതെ, നിർമാണത്തിലെ അപാകതയുടെ ഉത്തരവാദിത്തം ദേശീയപാത അതോറിറ്റിക്കാണെന്നാണ് മന്ത്രി റിയാസ് പ്രതികരിച്ചത്.
അതേസമയം, കൊല്ലം കൊട്ടിയത്ത് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ രൂക്ഷ വിമർശനമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ദേശീയപാത നിർമാണത്തിന്‍റെ ക്രെഡിറ്റ് എടുക്കുന്നവരും റീൽസ് ഇട്ട് ആഘോഷമാക്കുന്നവരും അപകടത്തിന്‍റെ ഉത്തരവാദിത്തം കൂടി ഏറ്റെടുക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു.
തകർന്നു വീഴാത്ത പാലാരിവട്ടം പാലത്തെ പഞ്ചവടിപ്പാലമെന്ന് അധിക്ഷേപിച്ചവരാണ് ഇപ്പോൾ ദേശീയപാത തകർന്ന് വീഴുന്നതിൽ ഉത്തരവാദിത്തം ഇല്ലെന്ന് പറയുന്നത്. സംസ്ഥാനത്ത് ഉടനീളെ ദേശീയപാത തകർന്ന് വീണിട്ടും കേരള സർക്കാരിന് മാത്രം ഒരു പരാതിയുമില്ല. അപകടം ഉണ്ടാകുമ്പോൾ മാത്രം ഇടപെട്ടിട്ട് കാര്യമില്ല. ദേശീയപാതയിലെ അഴിമതി നിർമിതികളാണ് ഓരോ ദിവസവും തകർന്നു വീഴുന്നത്. ദേശീയപാത നിർമാണത്തിന്‍റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായുള്ള അപകടങ്ങൾ സംസ്ഥാനത്ത് തുടർച്ചയായി സംഭവിക്കുകയാണ്. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാതെയാണ് നിർമ്മാണം നടക്കുന്നത്. ആലപ്പുഴയയിൽ ഗർഡർ ഇളകി വീണ് ഒരാൾ മരിച്ചിട്ട് അധിക ദിവസങ്ങളായില്ല. അതിന് പിന്നാലെ കൊല്ലം കൊട്ടിയത്ത് ദേശീയപാതയുടെ ഭിത്തി തകർന്നു വീണു. സർവീസ് റോഡ് ഇടിഞ് താണു. ഭാഗ്യം കൊണ്ട് മാത്രമാണ് ആളപായം ഒഴിവായത്.
കാസർകോട് മുതൽ തിരുവനന്തപുരം വരെ ദേശീയപാത നിർമാണത്തിൽ അപാകതകളുണ്ട്. ഇക്കാര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ദേശീയപാത അതോറിട്ടിയുടെയും ശ്രദ്ധയിൽ പല തവണ കൊണ്ടുവന്നതുമാണ്. ദേശീയപാത നിർമാണത്തിന്‍റെ മറവിൽ കോടികളുടെ അഴിമതിയാണ് നടക്കുന്നത്. ഇതിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും പങ്കുണ്ട്. എൻജീനീയറിങ് പിഴവുകൾ പരിശോധിക്കാനും അഴിമതി പുറത്ത് കൊണ്ട് വരാനും അടിയന്തര നടപടികൾ സ്വീകരിക്കാൻ സർക്കാർ ഇനിയെങ്കിലുംതയാറാകണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് 4.15ഓടെയാണ് കൊല്ലം കൊട്ടിയത്താണ് ദേശീയപാത 66ലെ നിർമാണത്തിലിരുന്ന മൺമതിൽ ഇടിഞ്ഞുതാഴ്ന്നത്. ഇതിന്റെ ആഘാതത്തിൽ സമീപത്തെ സർവിസ് റോഡ് തകർന്നു. കൊല്ലത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന റോഡിൽ കൊട്ടിയത്തിന് സമീപം മൈലക്കാടായിരുന്നു സംഭവം.
അടിപ്പാതയോട് ചേരുന്ന സ്ഥലത്ത് കോൺക്രീറ്റ് ബ്ലോക്കുകൾക്കുള്ളിൽ നിറച്ചു കൊണ്ടിരുന്ന മണ്ണ് ഇടിഞ്ഞുതാഴ്ന്ന് റോഡിൽ വലിയ ഗർത്തം രൂപപ്പെട്ടു. 200 മീറ്ററോളം റോഡ് താഴ്ന്നുപോയിട്ടുണ്ട്. മൺമതിലിന്റെ ബ്ലോക്കുകൾ ഉൾപ്പെടെ ഭാഗം ഉള്ളിലേക്കുതന്നെ മറിഞ്ഞതാണ് രക്ഷയായത്.
ഇരുവശത്തായുള്ള വയലുകളെ ബന്ധിപ്പിക്കുന്ന ചെറുതോടിന് കടന്നുപോകാൻ റോഡിന് കുറുകെ നിർമിച്ച കലുങ്ക് തകർന്ന് വെള്ളം റോഡിലേക്ക് ഒഴുകി. തകർന്ന റോഡിന്‍റെ വശങ്ങളിലെ കോൺക്രീറ്റ് ബ്ലോക്കുകൾ ഏതു സമയവും വീഴാവുന്ന നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.