സംസ്ഥാനത്ത് ഗുണ്ടാവേട്ടക്ക് മുഖ്യമന്ത്രിയുടെ നിർദേശം; 2010 കുറ്റവാളികളുടെ പട്ടിക കൈമാറി

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനം തകരുന്നെന്ന ആക്ഷേപം രൂക്ഷമായ സാഹചര്യത്തില്‍ ഗുണ്ടവിരുദ്ധ സ്ക്വാഡ് ശക്തമാക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍െറ നിര്‍ദേശാനുസരണമാണ് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതുസംബന്ധിച്ച് റേഞ്ച് ഐ.ജിമാര്‍ക്ക് അറിയിപ്പ് നല്‍കിയത്.  പൊലീസ് രഹസ്യാന്വേഷണവിഭാഗം തയാറാക്കിയ 2010 കുറ്റവാളികളുടെ പട്ടികയും കൈമാറിയിട്ടുണ്ട്. 15 ദിവസത്തിനകം നടപടി പൂര്‍ത്തിയാക്കി മുഴുവന്‍ ഗുണ്ടകളെയും അടുത്തമാസം 20നുമുമ്പ് അറസ്റ്റ് ചെയ്യണമെന്നാണ് ഇന്‍റലിജന്‍സ് ഡി.ജി.പി ബി.എസ്. മുഹമ്മദ് യാസീന്‍ മേഖല ഐ.ജിമാര്‍ക്കും ജില്ല പൊലീസ് മേധാവികള്‍ക്കും കലക്ടര്‍മാര്‍ക്കും അയച്ച സര്‍ക്കുലറില്‍ പറയുന്നത്.മണല്‍-കഞ്ചാവ്-സ്പിരിറ്റ് മാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളും ഇതില്‍ ഉള്‍പ്പെടും. ഗുണ്ടവേട്ട ശക്തവും കാര്യക്ഷമവുമാക്കാന്‍ ജില്ല മജിസ്ട്രേറ്റുമാരുടെ സഹായം എസ്.പിമാര്‍ തേടണമെന്നും കര്‍ശന നിലപാട് എടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നുണ്ട്.

കൊലപാതകം, കൊലപാതകശ്രമം, ഭവനഭേദനം, തട്ടിക്കൊണ്ടുപോകല്‍, ബ്ളാക്മെയിലിങ്, ബലാത്സംഗം, ബ്ളേഡ്പലിശ കേസുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രതികളും പട്ടികയിലുണ്ട്. ഇവരുമായി ബന്ധപ്പെട്ട കേസുകളുടെ നിലവിലെ സ്ഥിതി പരിശോധിക്കാനും ആവശ്യമെങ്കില്‍ കാപ്പ ചുമത്തി അകത്താക്കാനുമുള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാനും നിര്‍ദേശിക്കുന്നു. മുന്‍കാലങ്ങളില്‍ കൊടുംകുറ്റവാളികളായിരുന്നവരെയും ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയവരെയും നിരീക്ഷണവിധേയമാക്കും. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറക്ക് ഉന്നതതലയോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. എല്ലാ വര്‍ഷവും ആദ്യമാസം നടത്തുന്ന കണക്കെടുപ്പിന്‍െറ ഭാഗമായാണ് സ്പെഷല്‍ ബ്രാഞ്ച് കുറ്റവാളികളുടെ വിവരങ്ങള്‍ ശേഖരിച്ചത്. എന്നാല്‍, കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ നടപടി കര്‍ശനമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചിയില്‍ സി.പി.എം നേതാവ് സക്കീര്‍ ഹുസൈന്‍ വ്യാപാരിയെ തട്ടിക്കൊണ്ടുപോയ സംഭവം സര്‍ക്കാറിന് ഏറെ ക്ഷീണമുണ്ടാക്കിയിരുന്നു. വ്യാഴാഴ്ച നിയമസഭ സമ്മേളിക്കാനിരിക്കെ കരുതലോടെ മുന്നോട്ടുപോകാനാണ് പൊലീസ് ഉന്നതര്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദേശം. 


മുന്നില്‍ ആലപ്പുഴ -336, കുറവ് കൊല്ലത്ത് -17 
കോട്ടയം: സംസ്ഥാനത്ത് ഗുണ്ട പട്ടികയില്‍ മുന്നില്‍ ആലപ്പുഴ-336 പേര്‍. കുറവ് കൊല്ലത്ത്- 17 പേര്‍. പൊലീസ് ഇന്‍റലിജന്‍റ്സ് വിഭാഗം തിങ്കളാഴ്ച പുറത്തുവിട്ട കണക്കില്‍ സംസ്ഥാനത്ത് 2010 ഗുണ്ടകളാണുള്ളത്.  ആലപ്പുഴ-336, കണ്ണൂര്‍-95, തിരുവനന്തപുരം സിറ്റി-266, തിരുവനന്തപുരം റൂറല്‍-35, എറണാകുളം സിറ്റി-85, റൂറല്‍-33, കൊല്ലം-17, പത്തനംതിട്ട-87, ഇടുക്കി-178 (കഞ്ചാവ്-സ്പിരിറ്റ്-മണല്‍ മാഫിയകളടക്കം), കോട്ടയം-29, പാലക്കാട്-137, തൃശൂര്‍ -176, മലപ്പുറം-31, കോഴിക്കോട് സിറ്റി-33, കോഴിക്കോട് റൂറല്‍-31, വയനാട്-36, കാസര്‍കോട്-165 (ക്വട്ടേഷന്‍ സംഘങ്ങളടക്കം) എന്നിങ്ങനെയാണ് ഗുണ്ടകളുടെ കണക്ക്.

Tags:    
News Summary - pinarayi vijayan orders take action against goons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.