തിരുവനന്തപുരം: സമാവര്‍ത്തി (കൺകറൻറ്) ലിസ്റ്റിലുള്ള വിഷയങ്ങളില്‍ സംസ്ഥാനങ്ങളുമായി ചര്‍ച്ച ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍ ഏകപക്ഷീയമായി നിയമനിര്‍മാണം നടത്തുന്നത് ഫെഡറലിസത്തിെൻറ അന്തഃസത്തക്ക് നിരക്കുന്നതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഈ വിഷയം പാര്‍ലമെൻറ് സമ്മേളനത്തില്‍ ഉന്നയിക്കണമെന്ന് എം.പിമാരുടെ യോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.
പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്. ഇതുമായി മുന്നോട്ടുപോയാല്‍ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാറിനുമുന്നില്‍ ഉന്നയിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന പലതിെൻറയും സൂചനകളാണ് ലക്ഷദ്വീപില്‍ കാണുന്നത്. കേരളവുമായുള്ള ബന്ധം വിച്ഛേദിക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ ഐകകണ്ഠ്യേന ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു. അടുത്ത കാലത്തായി ഫെഡറൽ തത്ത്വങ്ങളെ ലംഘിച്ച് നിരവധി നിയമനിർമാണങ്ങൾ കേന്ദ്രം നടത്തിയിട്ടുണ്ട്.
സമാവർത്തി ലിസ്റ്റിലുള്ള കച്ചവടവും വാണിജ്യവും വഴി സംസ്ഥാന ലിസ്റ്റിലുള്ള കൃഷിയെ സംബന്ധിക്കുന്ന പ്രധാനപ്പെട്ട നാല് നിയമങ്ങൾ ചർച്ചയില്ലാതെ കേന്ദ്രം പാസാക്കി. ഇത് വലിയ തോതിലുള്ള കർഷകപ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിെവച്ചു. വിദ്യാഭ്യാസരംഗത്തും സംസ്ഥാനതല സവിശേഷതകൾ കണക്കിലെടുക്കാതെ കേന്ദ്രീകരണത്തിന് വഴിതെളിക്കുന്നതും സ്വകാര്യവത്കരണത്തിന് ഊന്നൽ നൽകുന്നതുമായ നയരൂപവത്കരണം നടന്നിട്ടുണ്ട്. പുതിയ തുറമുഖ ബില്ലിലെ വ്യവസ്ഥകൾ സംസ്ഥാനങ്ങളുടെ അധികാരങ്ങൾ എടുത്തുകളയാൻ വ്യവസ്ഥ ചെയ്യുന്നു. വൈദ്യുതി പരിഷ്കരണ ബില്ലിെൻറ കാര്യത്തിലും ആരോഗ്യമേഖലയിലെ പരിഷ്കരണത്തിലും വലിയ തോതിലുള്ള കേന്ദ്രീകരണമാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.