തിരുവനന്തപുരം: ഉത്സവാന്തരീക്ഷത്തിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തോടെ സംസ്ഥാനത്ത് പുതിയ അധ്യയന വർഷത്തിന് തുടക്കം. ഒന്നാം ക്ലാസിലെത്തിയ മൂന്നേകാൽ ലക്ഷത്തോളം നവാഗതർ ഉൾപ്പെടെ 42 ലക്ഷത്തോളം വിദ്യാർഥികളാണ് മധ്യവേനലവധിക്കുശേഷം വീണ്ടും പഠനാരവങ്ങളിലേക്ക് തിരിച്ചെത്തിയത്. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മലയിൻകീഴ് ഗവ.വി.എച്ച്.എസ്.എസിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
അടിസ്ഥാന സൗകര്യങ്ങളൊരുക്കി കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ലോകനിലവാരത്തിലേക്ക് ഉയർത്തുകയാണ് സർക്കാർ ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴു വർഷമായി നടത്തിയ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കേരളത്തിലാകെ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ മാറ്റമുണ്ടാക്കി. പല പ്രയാസങ്ങൾ അനുഭവിച്ച വിദ്യാലയങ്ങൾ സംസ്ഥാനത്തുടനീളമുണ്ടായിരുന്നു. കാലപ്പഴക്കം മൂലവും അറ്റകുറ്റപ്പണി നടത്താതെയും അപകടാവസ്ഥയിലായിരുന്ന വിദ്യാലയങ്ങളായിരുന്നു പലതും.
എന്നാൽ, ഈ സർക്കാർ അധികാരമേറ്റതിനുശേഷം മികച്ച കെട്ടിടങ്ങളും ഇരിപ്പിടങ്ങളും സജ്ജീകരിച്ചു. നല്ലതിനൊപ്പം ചേരാനും നല്ലതല്ലാത്തത് തിരിച്ചറിയാനും വിദ്യാർഥികൾക്ക് കഴിയണം. ലഹരിയടക്കമുള്ള സാമൂഹിക തിന്മകളെ ജീവിതത്തിൽ നിന്നൊഴിവാക്കി സാമൂഹിക പ്രതിബദ്ധതയുള്ളവരായി വളർന്നുവരാൻ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവാഗതർക്ക് മുഖ്യമന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു. മലയിൻകീഴ് ജി.എൽ.പി.ബി സ്കൂളിന്റെ പുതിയ മന്ദിരം നാടിന് സമർപ്പിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. 2023-24 അധ്യയന വർഷത്തെ വിദ്യാഭ്യാസ കലണ്ടർ മന്ത്രി ശിവൻകുട്ടി പ്രകാശനം ചെയ്തു. മധുരം മലയാളം, ഗണിതം രസം കുട്ടിക്കൂട്ടം കൈപ്പുസ്തക പ്രകാശനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. ഹലോ ഇംഗ്ലീഷ് - കിഡ്സ് ലൈബ്രറി ബുക്ക് സീരീസ് ഐ.ബി. സതീഷ് എം.എൽ.എ പ്രകാശനം ചെയ്തു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, ഡയറക്ടർ എസ്. ഷാനവാസ്, ജില്ല കലക്ടർ ജെറോമിക് ജോർജ്, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, മലയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. വത്സല കുമാരി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.