മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമോ?; മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് രോഷത്തോടെ പിണറായിയുടെ മറുപടി

തൃശ്ശൂർ: മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് മകൾ വീണ വിജയനെ കുറിച്ചുള്ള ചോദ്യത്തിന് രോഷത്തോടെ മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. മകൾ വീണയിലേക്ക് ഇ.ഡി. അന്വേഷണം എത്തുമെന്നോ നോട്ടീസ് നൽകുമെന്നോ ചോദ്യം ചെയ്യുമെന്നോ തോന്നലുണ്ടോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിനാണ് പിണറായി രോഷത്തോടെ മറുപടി പറഞ്ഞത്.

നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ അതുമായി നടക്കൂവെന്ന് പിണറായി മറുപടി നൽകിയത്. മറുപടിക്ക് പിന്നാലെ മാധ്യമപ്രവർത്തകരുടെ കൂടുതൽ ചോദ്യങ്ങൾക്ക് പ്രതികരിക്കാതെ മൈക്ക് ഓഫ് ചെയ്ത് മുഖ്യമന്ത്രി പത്രസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.

മാധ്യമപ്രവർത്തകന്‍റെ ചോദ്യം:

സി.എം.ആർ.എൽ ജീവനക്കാരെ ഇ.ഡി. ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. നേരത്തെ, സി.എം. പറഞ്ഞിരുന്നു, ഇ.ഡി പല തരത്തിൽ വേട്ടയാടുന്നുവെന്ന്. അങ്ങനെയെങ്കിൽ മകളിലേക്ക് ഇ.ഡി. അന്വേഷണം എത്തുമെന്നോ നോട്ടീസ് നൽകുമെന്നോ ചോദ്യം ചെയ്യുമെന്നോ തോന്നലുണ്ടോ...

മുഖ്യമന്ത്രിയുടെ മറുപടി:

നിങ്ങൾക്ക് ഉണ്ടെങ്കിൽ നിങ്ങൾ അത് വെച്ചേക്കൂ. എനിക്കുണ്ടെങ്കിൽ ഞാനത് നിങ്ങളോട് പറയാം. നിങ്ങൾക്ക് അങ്ങനെ ഒരു തോന്നലുണ്ടെങ്കിൽ ആ തോന്നലും കൊണ്ട് നിങ്ങൾ നടക്ക്. ബാക്കി നമുക്ക് പിന്നീട് പറയാം.

മാസപ്പടിക്കേസിൽ കൊച്ചിയിലെ കരിമണൽ കമ്പനിയായ സി.എം.ആർ.എൽ ഉദ്യോഗസ്ഥരെ ഇ.ഡി ചോദ്യം ചെയ്യുന്നത് 23 മണിക്കൂർ പിന്നിട്ടു. കമ്പനി ചീഫ് ഫിനാൻസ് ഓഫിസർ കെ.എസ്. സുരേഷ് കുമാർ, സീനിയർ മാനേജർ എൻ.സി. ചന്ദ്രശേഖരൻ, സീനിയർ ഐ.ടി ഓഫിസർ അഞ്ജു എന്നിവരെയാണ് ഇ.ഡി വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത്.

വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക് സോഫ്ട് വെയർ സേവനത്തിന്‍റെ പേരിൽ സി.എം.ആർ.എൽ 1.72 കോടി രൂപ നൽകിയെന്നായിരുന്നു ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്‍റെ കണ്ടെത്തൽ. ഇതുകൂടാതെ വായ്പ എന്ന പേരിലും അരക്കോടിയോളം നൽകി. ഇതുസംബന്ധിച്ചാണ് ഇ.ഡി കള്ളപ്പണം തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷിക്കുന്നത്.

Tags:    
News Summary - Pinarayi angrily replied to the journalist's question in Veena Vijayan's Case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.