കാനത്തിൽ ജമീല ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവെന്ന് മുഖ്യമന്ത്രി; വിയോഗം അപ്രതീക്ഷിതമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രീയ നേതാക്കൾ. മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, സ്​പീക്കർ എ.എൻ. ഷംസീർ, മ​ന്ത്രി വീണ ​ജോർജ് അടക്കമുള്ളവരാണ് അനുശോചിച്ചത്.

കാനത്തിൽ ജമീല ജനകീയ പ്രശ്നങ്ങളിൽ ഇടപെട്ട നേതാവെന്ന് മുഖ്യമന്ത്രി

ജനകീയ പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ട് ശ്രദ്ധേയയായ ​നേതാവാണ്​ കാനത്തിൽ ജമീലയെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. യാഥാസ്ഥിതിക കുടുംബത്തിൽനിന്ന് ചെറുപ്രായത്തിൽ തന്നെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിലേക്ക് വന്ന വ്യക്തിയായിരുന്നു അവർ. തദ്ദേശസ്ഥാപനങ്ങളിൽ പ്രവർത്തിച്ച് ഭരണമികവ് തെളിയിച്ച് പടിപടിയായി ഉയർന്നുവരികയായിരുന്നു.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്​ എന്നിങ്ങനെ ഭരണാധികാരി എന്ന നിലയിൽ മികവ് തെളിയിച്ചാണ് അവർ നിയമസഭാ സാമാജിക ആവുന്നത്. ലാളിത്യമാർന്ന ഇടപെടലിലൂടെ പൊതുസമൂഹത്തിന്റെ അംഗീകാരം നേടി. രാഷ്ട്രീയത്തിന് അതീതമായ സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്തു. ജനാധിപത്യ മഹിള അസോസിയേഷൻ നേതാവെന്ന നിലയിൽ സ്ത്രീകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉയർത്തി കൊണ്ടുവരുന്നതിൽ ബദ്ധശ്രദ്ധയായി. കാനത്തിൽ ജമീലയുടെ വിയോഗത്തിൽ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.

കാനത്തിൽ ജമീലയുടെ വിയോഗം അപ്രതീക്ഷിതം -വി.ഡി. സതീശൻ

തിരുവനന്തപുരം: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ വിയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അനുശോചിച്ചു. ത്രിതല പഞ്ചായത്ത് തലത്തിൽ തുടങ്ങി നിയമസഭയിൽ എത്തിയ ജനപ്രതിനിധിയായിരുന്നു കാനത്തിൽ ജമീല. നിയമസഭയുടെ അവസാന സെഷനിലും സജീവമായിരുന്ന കാനത്തിൽ ജമീലയുടെ വിയോഗം അപ്രതീക്ഷിതമാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ

കാനത്തിൽ ജമീലയുടെ വേർപാട് വേദനാജനകം -സ്​പീക്കർ

തിരുവനന്തപുരം: കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ വേർപാട് വേദനയുളവാക്കുന്നതെന്ന്​ നിയമസഭ സ്​പീക്കർ എ.എൻ. ഷംസീർ. നിയമസഭയിൽ മണ്ഡലത്തിലെ വിഷയങ്ങളിലും സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ആർജവത്തോടെ സംസാരിക്കുന്ന അവർ ഇടതുപക്ഷത്തിന്‍റെ ശക്തരായ പ്രതിനിധികളിൽ ഒരാളായിരുന്നു. ജമീലയുടെ വേർപാടിലൂടെ നഷ്ടമായത് ശക്തയായ പൊതുപ്രവർത്തകയെയാണെന്നും സ്പീക്കർ പറഞ്ഞു.

വിടവാങ്ങിയത്​ സഹോദരതുല്യം സ്നേഹിച്ച പ്രിയ സഖാവ് ​-വീണ ​​ജോർജ്​

തിരുവനന്തപുരം: കാനത്തിൽ ജമീലയുടെ വിയോഗം വേദനിപ്പിക്കുന്നതാണെന്ന്​ മ​ന്ത്രി വീണ ​ജോർജ്​. സഹോദരതുല്യം സ്നേഹിച്ച പ്രിയ സഖാവാണ് വിടവാങ്ങിയത്​. നിയമസഭയിലെ ചടുലമായ ഇടപെടലുകളും കൊയിലാണ്ടി മണ്ഡലത്തിന്‍റെ വികസനത്തിനുവേണ്ടി നടത്തിയ മാതൃകാപരമായ പ്രവർത്തനങ്ങളും ഓർക്കുന്നു. ആർ.സി.സിയില്‍ ആദ്യ പരിശോധനക്ക്​ പോയപ്പോള്‍ ഒപ്പം താനും കോങ്ങാട് എം.എൽ.എ എസ്. ശാന്തകുമാരിയും ഉണ്ടായിരുന്നു. സഹിക്കാന്‍ പ്രയാസമുള്ള വിയോഗമാണിത്​. ആ ചിരി മനസ്സിൽനിന്ന് മായില്ല -വീണ ജോർജ്​ അനു​ശോചന സന്ദേശത്തിൽ അറിയിച്ചു.

സൗമ്യമായ ഇടപെടൽ മുഖമുദ്രയാക്കിയ നേതാവ് ​- എം.വി ഗോവിന്ദൻ

തിരുവനന്തപുരം: സൗമ്യമായ ഇടപെടൽ മുഖമുദ്രയാക്കിയ നേതാവിനെയാണ് കാനത്തിൽ ജമീലയുടെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന്​ സി.പി.എം സംസ്ഥന സെക്രട്ടറി എം.വി ഗോവിന്ദൻ. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ്​, എം.എൽ.എ എന്നീ നിലകളിലെല്ലാം ഉയർന്ന് പ്രവർത്തിച്ച നേതാവായിരുന്നു അവർ. ജനകീയ വിഷയങ്ങൾ ഏറ്റെടുക്കാനും നിയമസഭയിൽ അവതരിപ്പിക്കാനും ജമീലക്ക്​ സാധിച്ചിരുന്നു.

ജില്ല പഞ്ചായത്ത് പ്രസിഡന്റായിരിക്കെ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കാൻ നേതൃപരമായ പങ്ക്​ വഹിച്ചു. കൊയിലാണ്ടി മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന്​ ഇടപെടലുകളും നടത്തി. താഴെതട്ടിലുള്ള മനുഷ്യരുമായി അഗാധമായ ബന്ധം പുലർത്തി. അർബുദ രോഗബാധിത ആയിരിക്കുമ്പോഴും പൊതുപ്രവർത്തന രംഗത്ത് സജീവമായിരിക്കാൻ ശ്രമിച്ചു.

രോഗാവസ്ഥയെ അതിജീവിച്ച് തിരിച്ച് വരുമെന്ന പ്രതീക്ഷകളെ അസ്ഥാനത്താക്കിയാണ് കാനത്തിൽ ജമീല മരണത്തിന് കീഴടങ്ങിയത്. പാർട്ടി പ്രവർത്തകരുടെയും കുടുംബംഗങ്ങളുടെയും വേദനയിൽ പങ്കുചേരുന്നതായും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Tags:    
News Summary - pinarayi vijayan and vd satheesan condolences of kanathil jameela demise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.