തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി നിയമനത്തിനായി യു.പി.എസ്.സി തയാറാക്കിയ പട്ടികയിലെ മൂന്നുപേരിൽ തമ്മിൽ ഭേദം റവഡ ചന്ദ്രശേഖറെന്നും അതിനാലാണ് നിയമിക്കുന്നതെന്നും മന്ത്രിസഭ യോഗത്തിൽ മുഖ്യമന്ത്രി. മുഖ്യമന്ത്രി തന്നെയാണ് സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്കുള്ള പേരുകള്‍ യോഗത്തിൽ പറഞ്ഞത്. തുടര്‍ന്ന് മൂന്നുപേരെക്കുറിച്ചുമുള്ള ലഘുവിവരണവും നടത്തി.
റോഡ് സുരക്ഷ കമീഷണര്‍ നിതിന്‍ അഗര്‍വാളാണ് പട്ടികയിലെ ആദ്യ പേരുകാരന്‍. സര്‍ക്കാറിന്റെ നിര്‍ദേശങ്ങള്‍ക്ക് ഒരു തരത്തിലും വഴങ്ങാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു. കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ബി.എസ്.എഫ് മേധാവിയായിരിക്കെ, പാകിസ്താന്‍ അതിര്‍ത്തി വഴിയുള്ള കടന്നുകയറ്റം തടയുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ കേന്ദ്രം മാതൃ സര്‍വിസിലേക്ക് മടക്കിയതെന്നും മുഖ്യമന്ത്രി അറിയിച്ചു.
തുടര്‍ന്നായിരുന്നു റവഡ ചന്ദ്രശേഖറിനെക്കുറിച്ചുള്ള വിവരണം. റവഡ എ.എ.എസ്.പിയായിരിക്കെ, കൂത്തുപറമ്പ് വെടിവെപ്പില്‍ അഞ്ച് ഡി.വൈ.എഫ്.ഐക്കാര്‍ മരിച്ച കാര്യം മുഖ്യമന്ത്രി പറഞ്ഞില്ല. കൂത്തുപറമ്പ് വെടിവെപ്പുമായി ബന്ധപ്പെട്ടുള്ള ചർച്ചയുമുണ്ടായില്ല. ഏറെ നാള്‍ റവഡയെ സി.പി.എം എതിര്‍ത്തിരുന്നു. സര്‍ക്കാറിന് അനഭിമതനായ പട്ടികയിലെ മൂന്നാം പേരുകാരനായ യോഗേഷ് ഗുപ്തയെക്കുറിച്ചും യോഗത്തില്‍ വിവരണമുണ്ടായി.
കണ്ണൂര്‍: പുതിയ പൊലീസ് മേധാവിയായി രവത ചന്ദ്രശേഖറെ നിയമിച്ചതിനെ ന്യായീകരിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. കൂത്തുപറമ്പ് വെടിവെപ്പ് കേസിൽനിന്ന് രവതയെ കോടതി ഒഴിവാക്കിയതാണെന്നും ശിക്ഷിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിച്ചു.
വെടിവെപ്പ് അന്വേഷിച്ച പത്മനാഭൻ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് രവതയെ ഒഴിവാക്കിയത്. ഒരാൾ കേസിൽ വന്നതുകൊണ്ട് ശിക്ഷിക്കപ്പെടണമെന്നില്ല. ഫലപ്രദമായി പൊലീസ് മേധാവിയായി വരാൻ സാധ്യതയുള്ളയാളെ തന്നെയാണ് നിയമിച്ചത്. പാർട്ടി ഇക്കാര്യത്തിൽ സർക്കാർ തീരുമാനത്തിനൊപ്പമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തളിപ്പറമ്പ് ഡിവൈ.എസ്.പിയായിരുന്ന ഹക്കീം ബത്തേരിയാണ് വെടിവെപ്പിന് നേതൃത്വം നൽകിയത്. സംഭവത്തിന് രണ്ടുദിവസം മുമ്പാണ് രവത തലശ്ശേരിയിൽ എത്തിയത്. അദ്ദേഹത്തിന് ഈ വിഷയത്തിൽ മുൻപരിചയമോ സ്ഥലത്തെക്കുറിച്ച അറിവോ ഉണ്ടായിരുന്നില്ലെന്ന് ഗോവിന്ദൻ തുടർന്നു..
പാലക്കാട്: കൂത്തുപറമ്പ് വെടിവെപ്പ് കാലത്ത് കണ്ണൂര്‍ എ.സി.പിയായിരുന്ന റവഡ ചന്ദ്രശേഖറിനെ പൊലീസ് മേധാവിയായി നിയമിച്ചതില്‍ അതൃപ്തി പ്രകടമാക്കി സി.പി.എം നേതാവ് പി. ജയരാജന്‍. കൂത്തുപറമ്പ് വെടിവെപ്പില്‍ റവഡ ഉള്‍പ്പെടെയുള്ളവർക്കെതിരെ പാർട്ടി അന്ന് ആക്ഷേപം ഉന്നയിച്ചിരുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റവഡ ഒറ്റക്കല്ല, പലരും ചേര്‍ന്നാണ് ലാത്തിച്ചാര്‍ജിനും വെടിവെപ്പിനുമൊക്കെ ഇടയാക്കിയ സംഘര്‍ഷമുണ്ടാക്കിയത്. ഡിവൈ.എസ്.പിയായിരുന്ന ഹക്കീം ബത്തേരിയുടെ നേതൃത്വത്തിലാണ് മന്ത്രി എം.വി. രാഘവൻ അന്ന് കണ്ണൂരില്‍നിന്ന് കൂത്തുപറമ്പിലെത്തിയത്. മന്ത്രിയെത്തിയതിനു പിന്നാലെയാണ് വെടിവെപ്പുണ്ടായത്. അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ കൂട്ടത്തില്‍ ഒരാളാണ് റവഡ ചന്ദ്രശേഖർ.നിധിന്‍ അഗര്‍വാളിനെതിരെ സി.പി.എം നിയമപരമായി നീങ്ങിയതിനെക്കുറിച്ചും ജയരാജന്‍ വിശദീകരിച്ചു. ആർ.എസ്.എസ്-സി.പി.എം സംഘര്‍ഷമുണ്ടായ സമയത്ത് ഇപ്പോള്‍ കൂത്തുപറമ്പ് ഏരിയ സെക്രട്ടറിയായ എം. സുകുമാരനെ ലോക്കപ്പില്‍ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതിയായിരുന്നു നിധിന്‍ അഗര്‍വാള്‍. തുടര്‍ന്ന് സുകുമാരന്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയിരുന്നു-ജയരാജന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.