പിണറായി സർക്കാർ ഇടതു ലേബലിൽ തീവ്രവലതുപക്ഷ നയങ്ങൾ നടപ്പാക്കുന്നു -വി.ഡി സതീശൻ

മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് നേതൃത്വം നൽകുന്ന സർക്കാറും ഇടതു ലേബലിൽ തീവ്രവലതുപക്ഷ നയങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഏകാധിപത്യവും ഫാസിസ്റ്റ് നിലപാടുകളും അംഗീകരിച്ചു തരാൻ ഇത് ഉത്തർപ്രദേശല്ല കേരളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും ഇടതു ലേബലിൽ തീവ്ര വലതുപക്ഷ നിലപാടുകൾ സ്വീകരിക്കുന്ന സർക്കാരിനെയും ഓർമ്മപ്പെടുത്തുകയാണെന്നും ഫേസ് ബുക്ക് കുറിപ്പിൽ വി.ഡി സതീശൻ ഓർമിപ്പിച്ചു.

ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം:

സിൽവർ ലൈൻ പദ്ധതി സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാത്ത സർക്കാർ നിലപാട് ദുരൂഹമാണ്. അൻവർ സാദത്ത് എം.എൽ.എ നിയമസഭയിൽ 27.10.21ന് പദ്ധതി ഡി.പി.ആർ ആവശ്യപ്പെട്ട് നൽകിയ ചോദ്യത്തിനുള്ള മറുപടി പോലും പൂഴ്ത്തി വക്കാനാണ് സർക്കാർ ശ്രമിച്ചത്. മറുപടി നൽകാത്തത് അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കർക്ക് കത്ത് നൽകിയതോടെയാണ് ഗത്യന്തരമില്ലാതെ സർക്കാരിന് ഡി.പി.ആർ പ്രസിദ്ധീകരിക്കേണ്ടി വന്നത്. എന്നാൽ നിയമസഭാ ചോദ്യത്തിനുള്ള മറുപടിയായി നൽകിയ ഡി.പി.ആർ രേഖകൾ അപൂർണവും തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ളതുമാണ്. പൂർണ്ണ ഡി.പി.ആർ പുറത്തുവിടാൻ സർക്കാർ തയാറാകാത്തത് ജനാധിപത്യ സംവിധാനങ്ങളോടുള്ള വെല്ലുവിളിയാണ്.

അലൈൻമെന്റ് ഡ്രോയിങ് പരിശോധിച്ചാൽ 115കി. മീ. ദൂരം വരെയുള്ള ട്രാക്കിന്റെ വിവരങ്ങൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 115 മുതൽ 530കി. മീ. വരെയുള്ള ദൂരത്തിന്റെ ഡ്രോയിങ് ഉൾപ്പെടുത്തിയിട്ടില്ല. കൂടാതെ പല സ്റ്റേഷനുകൾ സംബന്ധിച്ചും പൂർണമായ ഡാറ്റ ഡി.പി.ആറിൽ ഇല്ല. ഏറ്റവും പ്രധാനമായി പദ്ധതിയുടെ ടെക്നോ എക്കണോമിക് ഫീസിബിലിറ്റി സംബന്ധിച്ച് വ്യക്തമായ രേഖകളും ഉൾപ്പെടുത്തിയിട്ടുള്ളതായി കാണുന്നില്ല. ഈ കാര്യങ്ങളിൽ നിന്നും ലഭ്യമാക്കിയിരിക്കുന്ന രേഖകൾ അപൂർണ്ണമാണ്.

നിയമപരമായ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെയാണ് സിൽവർ ലൈൻ പദ്ധതിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കലിൽ സർക്കാർ അനാവശ്യ ധൃതി കാട്ടിയത്. പദ്ധതി നടപ്പാക്കുന്നതിനേക്കാൾ വിദേശ ഏജൻസികളിൽ നിന്നും എത്രയും വേഗം വായ്പ തരപ്പെടുത്തി കമ്മീഷൻ കൈപ്പറ്റുകയെന്നതു മാത്രമാണ് സർക്കാരിന്റെ ലക്ഷ്യമെന്നു വ്യക്തമാണ്. സാമൂഹിക, പരിസ്ഥിതി ആഘാത പഠനമോ വ്യക്തമായ ഒരു പദ്ധതി രേഖയോ ഇല്ലാതെ ഇതുപോലൊരു വൻകിട പദ്ധതിയുടെ പേരിൽ പൊതുജനത്തെ ഭീതിയിയിലാഴ്ത്തി സർക്കാർ നടത്തുന്ന ഒളിച്ചുകളി അഴിമതി ലക്ഷ്യമിട്ടുള്ളതല്ലെങ്കിൽ പിന്നെ എന്താണ്?

നിയമസഭയെയും പൊതുജനത്തെയും പരസ്യമായി വെല്ലുവിളിച്ച് എന്തും ചെയ്യാമെന്ന സർക്കാരിന്റെയും സി.പി.എമ്മിന്റെയും ധാർഷ്ട്യം വിലപ്പോകില്ലെന്ന് വീണ്ടും മുന്നറിയിപ്പ് നൽകുന്നു. 

Tags:    
News Summary - Pinarayi govt implements far-right policies on left label: VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.