സമ്പത്തിന് ദിവ്യജ്ഞാനമില്ല; പ്രത്യേക പ്രതിനിധിക്കെതിരായ വിമർശനങ്ങളെ തള്ളി മുഖ്യമന്ത്രി 

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ പ്രത്യേക പ്രതിനിധിയായി ഡൽഹിയിൽ നിയമിച്ച മുൻ എം.പി എ. സമ്പത്ത് ലോക്ഡൗൺ കാലത്ത് കേരളത്തിലേക്ക് മടങ്ങിയെന്ന വിമർശനത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രൂക്ഷമാകുമെന്ന് മുൻകൂട്ടി കണ്ടല്ല സമ്പത്ത് മടങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സമ്പത്തിന് ദിവ്യജ്ഞാനമൊന്നുമില്ല. ഇങ്ങനെയൊക്കെയാണ് സംഭവിക്കാൻ പോകുന്നത്, കോവിഡ് ഇത്രകാലം ആളുകളെയെല്ലാം തളച്ചിടും, അതിനാൽ വേഗം തിരുവനന്തപുരത്ത് എത്തിക്കളയാം എന്ന് മനസിലാക്കിയാണ് സമ്പത്ത് നാട്ടിലെത്തിയതെന്ന ധാരണയൊന്നും തനിക്കില്ല -മുഖ്യമന്ത്രി പറഞ്ഞു. 

സംസ്ഥാനത്തിന്‍റെ പ്രതിനിധിയായ സമ്പത്ത് ഡൽഹിയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ രംഗത്തില്ലാത്തത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. നിരവധി മലയാളികൾ ഡൽഹി ഉൾപ്പെടെ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. നിരവധി പേർ ഇതിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. 

രാജ്യത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിന്‍റെ ഭാഗമായി വിമാന സർവിസുകൾ നിലക്കുന്നതിന് തൊട്ടുമുമ്പാണ് ഡൽഹിയിലായിരുന്ന സമ്പത്ത് നാട്ടിലേക്ക് തിരിച്ചത്. പിന്നീട് തിരിച്ചുപോകാൻ കഴിഞ്ഞിട്ടില്ല. 

കോവിഡ് ഡ്യൂട്ടിയിലുള്ള മലയാളി നഴ്സുമാരെ നിരീക്ഷണത്തിലാക്കാൻ കേരള ഹൗസ് വിട്ടുനൽകാത്ത സംഭവം വിവാദമായപ്പോഴും സമ്പത്തിന്‍റെ അഭാവം ചർച്ചയായിരുന്നു. 

Tags:    
News Summary - pinarayi defends allegation sagainst sambath -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.