ബ്രണ്ണന്‍ കോളജിലെ ഓര്‍മകള്‍  പങ്കുവെച്ച് മുഖ്യമന്ത്രി

കോഴിക്കോട്: തലശ്ശേരി ബ്രണ്ണന്‍ കോളജിലെ ഓര്‍മകള്‍ പങ്കുവെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മൈത്രി ഫോറത്തിന്‍െറ നേതൃത്വത്തില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ അധ്യക്ഷത വഹിച്ച പ്രഫ. എം.പി. സുബൈറാണ് താനും പിണറായി വിജയനും കെ.പി. കുഞ്ഞിമൂസയും ഒരുമിച്ച് ബ്രണ്ണന്‍ കോളജില്‍ പഠിച്ചതാണെന്ന് സദസ്സിനെ അറിയിച്ചത്. പുസ്തക പ്രകാശനം നിര്‍വഹിച്ച ശേഷമുള്ള പ്രസംഗത്തിലായിരുന്നു മുഖ്യമന്ത്രി സ്മരണകള്‍ പങ്കുവെച്ചത്. 
കോളജില്‍ പഠിക്കവെ തന്നോട് പ്രിന്‍സിപ്പലായിരുന്ന ഡേവിഡ് സാര്‍ ഇനി ക്ളാസില്‍ കയറണമെങ്കില്‍ രക്ഷിതാവിനെ വിളിച്ചുവരണമെന്ന് പറഞ്ഞു. അമ്മക്ക് പ്രായമായി എന്ന് പറഞ്ഞപ്പോള്‍ ജ്യേഷ്ഠനെ വിളിച്ചുവരാന്‍ പറഞ്ഞു. ഞാന്‍ ജ്യേഷ്ഠനെയും കൂട്ടിവന്നപ്പോള്‍ പ്രിന്‍സിപ്പലിന് എന്‍െറ സംഘടന പ്രവര്‍ത്തനത്തെക്കുറിച്ചായിരുന്നു പരാതി. വേറെ പ്രശ്നങ്ങളൊന്നുമില്ലല്ളോ എന്നായി ഏട്ടന്‍. ഇല്ല, സംഘടന പ്രവര്‍ത്തനമാണ് പ്രശ്നമെന്ന് സാര്‍ പറഞ്ഞപ്പോള്‍ ‘അതൊക്കെയാകാമെന്ന് ഞാനവനോട് പറഞ്ഞിട്ടുണ്ട്’ എന്നായിരുന്നു ഏട്ടന്‍െറ മറുപടി. പിന്നീട് കണ്ടപ്പോള്‍ പ്രിന്‍സിപ്പല്‍ എന്നോട് ചോദിച്ചത് ‘നിന്നെക്കാള്‍ വലിയ രാഷ്ട്രീയ ഭ്രാന്തനാണോ നിന്‍െറ ഏട്ടന്‍’ എന്നാണ്. 

ഒരിക്കല്‍ കോളജില്‍ ജാഥ നയിച്ച എന്നെക്കുറിച്ച് വിജയന്‍ ഇത്ര മോശമായിപ്പോയോ എന്ന് മുഹമ്മദുണ്ണി മാഷിനോട് ഇക്കണോമിക്സ് ടീച്ചര്‍ ചോദിച്ചതും പിണറായി പറഞ്ഞപ്പോള്‍ സദസ്സില്‍ കൂട്ടച്ചിരിയായി. ഇങ്ങനെയൊക്കെയാണെങ്കിലും അധ്യാപകരുടെ എല്ലാ സ്നേഹവും തങ്ങള്‍ക്കുണ്ടായിരുന്നു. ഡേവിഡ് സാര്‍ തിരുവനന്തപുരത്ത് പരീക്ഷ കണ്‍ട്രോളറായിരിക്കെ വിജയന്‍ സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങണം എന്ന് ഉപദേശിച്ചതും അപ്പോഴേക്കും താന്‍ മുഴുസമയ രാഷ്ട്രീയ പ്രവര്‍ത്തകനും എം.എല്‍.എയുമായതും പിണറായി അനുസ്മരിച്ചു. 

മൈത്രി ഫോറത്തിന്‍െറ മധുരിക്കും ഓര്‍മകള്‍, ഒരു പത്രപ്രവര്‍ത്തകന്‍െറ തീര്‍ഥാടന സ്മരണകള്‍, ഡോ. അക്ബര്‍ കൗസറിന്‍െറ പ്രവാചക വൈദ്യം എന്നിവയുടെ പരിഷ്കരിച്ച പതിപ്പുകളും ഒ.ലേ അഥവാ ഒരു ലേഖകന്‍ എന്ന പുസ്തകവുമാണ് പിണറായി പ്രകാശനം ചെയ്തത്. 
ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ബാബു പറശ്ശേരി, കെ.പി. കുഞ്ഞിമൂസ, ഡോ. എസ്. അക്ബര്‍ കൗസര്‍, അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള, പി.ആര്‍. നാഥന്‍, ഡോ. ടി.പി. മെഹറൂഫ് രാജ്, സി. മോയിന്‍കുട്ടി, ഡോ. സി.എം. അബൂബക്കര്‍, എം. മൊയ്തീന്‍, പ്രഫ. പി. പത്മനാഭന്‍, ഡോ. പ്രദീപ്കുമാര്‍ വുഡ്നില്‍, അനീഷ് നീന ബാലന്‍, കമാല്‍ വരദൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

കെ. ഷാനവാസ് മുണ്ടക്കയം സ്വാഗതവും പൂനൂര്‍ കെ. കരുണാകരന്‍ നന്ദിയും പറഞ്ഞു. കെ.പി. കുഞ്ഞിമൂസ എഴുതിയ അയ്യായിരത്തില്‍പ്പരം അനുസ്മരണ ലേഖനങ്ങളുടെ എക്സിബിഷന്‍ ബ്രോഷറും ബ്രണ്ണന്‍ കോളജ് പൂര്‍വ വിദ്യാര്‍ഥികളും അധ്യാപകരും എഴുതിയ പുസ്തകങ്ങളുടെ പ്രദര്‍ശന പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

Tags:    
News Summary - pinarayi at brennen college

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT